കണ്ണൂർ: കെ റെയിൽ പദ്ധതി ഇന്നല്ലെങ്കിൽ നാളെ നടപ്പിലാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പദ്ധതി വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും വന്ദേഭാരത്, കെ റെയിൽ പദ്ധതിക്ക് ബദൽ അല്ലെന്നും ഗോവിന്ദൻ പറഞ്ഞു. കെ-റെയിൽ വന്നാൽ കേരളത്തെ ഒരു വലിയ നഗരമാക്കി മാറ്റും. അപ്പവുമായി കുടുംബശ്രീക്കാർക്ക് കെ റെയിലിൽ എളുപ്പം പോകാൻ സാധിക്കും. വന്ദേഭാരതിൽ പോയാൽ അപ്പം ചീത്തയാകുമെന്നും ഗോവിന്ദൻ പറഞ്ഞു. അപ്പവുമായി ബന്ധപ്പെട്ട ട്രോളുകൾക്കിടെയാണ് ഗോവിന്ദന്റെ പുതിയ പ്രഖ്യാപനം. വന്ദേഭാരതിന്റെ വേഗക്കുറവ് ചർച്ചയാക്കാനാണ് സിപിഎം തീരുമാനം.

സംസ്ഥാനത്തിന് വന്ദേഭാരത് ട്രെയിൻ അനുവദിച്ചെങ്കിലും സിൽവർ ലൈനിൽ നിന്ന് പിന്നോട്ട് പോകേണ്ടെന്ന നിലപാടിലാണ് സർക്കാർ. സിൽവർ ലൈനിന്റെ കേന്ദ്രാനുമതിക്ക് വേണ്ടിയുള്ള സമ്മർദം തുടരും. വന്ദേഭാരത് വിഷയത്തിൽ കരുതലോടെ പ്രതികരിച്ചാൽ മതിയെന്ന് സിപിഎം നേതൃത്വത്തിൽ ധാരണ. വന്ദേഭാരതുമായി ബന്ധപ്പെട്ട് മുഴുവൻ വിവരങ്ങളും പുറത്ത് വന്നതിന് ശേഷം പ്രതികരണം മതിയെന്നാണ് നേതൃത്വത്തിന്റെ നിലപാട്. ഇതിനിടെയാണ് സിപിഎം സെക്രട്ടറി വന്ദേഭാരത് വന്നാലും കെ റെയിലുമായി മുമ്പോട്ട് പോകുമെന്ന് വ്യക്തമാക്കുന്നത്.

ഇടത് മുന്നണി മുന്നോട്ടുവെച്ച കെ-റെയിലിന് ബദലാണ് വന്ദേഭാരത് എന്നായിരിന്നു ബിജെപിയുടെ പ്രചാരണം. കെ-റെയിലിന് അനുമതി നൽകാതിരിക്കുകയും സംസ്ഥാനത്തിന് വന്ദേഭാരത് അനുവദിക്കുകയും ചെയ്തത് ബിജെപി സംസ്ഥാനമുടനീളം വലിയ ആഘോഷമാക്കി മാറ്റിയിരിന്നു. കെ-റെയിലിനേക്കാൾ മികച്ചതാണ് വന്ദേഭാരത് എന്ന പ്രചാരണത്തെ തടുക്കാനാണ് ഇടത് മുന്നണിയുടെ നീക്കം. വന്ദേഭാരത് വന്നതോടെ കെ-റെയിലിന്റെ അനുമതിക്കുള്ള സാധ്യത കൂടുതൽ മങ്ങിയെങ്കിലും സിപിഎം നേതൃത്വം പിന്നോട്ടില്ല. കെ-റെയിലും വന്ദേഭാരതും താരതമ്യം ചെയ്യുന്നതിൽ യാതൊരു അടിസ്ഥാനവുമില്ലെന്നാണ് സിപിഎം വിലയിരുത്തൽ. ട്രെയിൻ അനുവദിച്ചതിനെ സ്വാഗതം ചെയ്യുമ്പോൾ പോലും അതിനെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള ബിജെപി നീക്കത്തെ പ്രതിരോധിക്കും. ഇതിന് വേണ്ടിയാണ് അപ്പക്കഥ വീണ്ടും ഗോവിന്ദൻ ചർച്ചയാക്കുന്നത്.

കേരളത്തിന് കേന്ദ്രസർക്കാർ വന്ദേഭാരത് ട്രെയിൻ അനുവദിച്ചതോടെ സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദനും സന്തോഷിക്കാമെന്ന് പരിഹസിച്ച് ബിജെപി നേതാവും റെയിൽവേ പിഎസി ചെയർമാനുമായ പി.കെ.കൃഷ്ണദാസും രംഗത്തെത്തിയിരുന്നു. ഇനിമുതൽ ഷൊർണൂരിൽനിന്ന് അപ്പവുമായി തിരുവനന്തപുരത്ത് പോയി അത് വിറ്റ് അതിവേഗം തിരിച്ചെത്താമെന്നായിരുന്നു കൃഷ്ണദാസിന്റെ പ്രസ്താവന. കേരളത്തിലെ യാത്രക്കാർക്ക് അതിവേഗം സഞ്ചരിക്കാൻ രണ്ടു ലക്ഷം കോടി രൂപ ചെലവഴിച്ച് സിൽവർലൈൻ കൊണ്ടുവരണമെന്ന് ആഗ്രഹിച്ച മുഖ്യമന്ത്രി പിണറായി വിജയനും ഇനി ദുഃഖിക്കേണ്ടെന്ന് കൃഷ്ണദാസ് പറഞ്ഞു. നാമമാത്രമായ തുക ചെലവഴിച്ച് വന്ദേഭാരത് എക്സ്‌പ്രസിലൂടെ കേരളത്തിലുള്ളവർ അതിവേഗം സഞ്ചരിക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നേരത്തെ, സിൽവർ ലൈൻ വന്നാലുള്ള നേട്ടങ്ങൾ എണ്ണിപ്പറയുമ്പോൾ എം വിഗോവിന്ദൻ പറഞ്ഞ 'അപ്പക്കഥ' വൈറലായിരുന്നു. ഷൊർണൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് രണ്ടു വലിയ കുട്ടയിൽ അപ്പക്കൂട്ടം വിൽക്കാൻ കുടുംബശ്രീ അംഗങ്ങൾ ഒൻപതു മണിക്ക് പുറപ്പെട്ടാൽ വിൽപനയ്ക്കു ശേഷം 12 മണിക്ക് ട്രെയിൻ കയറി 1.30ന് തിരിച്ചു വീട്ടിലെത്തി ഭക്ഷണം കഴിക്കാമെന്നായിരുന്നു ഗോവിന്ദന്റെ വാക്കുകൾ. ജനകീയ പ്രതിരോധ യാത്രയ്ക്ക് ചെറുതുരുത്തിയിൽ നൽകിയ സ്വീകരണ ചടങ്ങിൽ പ്രസംഗിക്കുമ്പോഴാണ് അദ്ദേഹം ഇതു പറഞ്ഞത്. ഈ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് കൃഷ്ണദാസിന്റെ പ്രതികരണം.

ജനങ്ങളുടെ നെഞ്ചത്തടിച്ച മഞ്ഞക്കല്ലുകൾ വന്ദേഭാരത് ട്രെയിൻ വന്നതോടെ തുലഞ്ഞെന്ന് സുരേഷ് ഗോപിയും പ്രതികരിച്ചിരുന്നു. അതാണ് വന്ദേഭാരത് ട്രെയിനിന്റെ ഐശ്വര്യം. ബാക്കി കാര്യങ്ങൾ പ്രധാനമന്ത്രി സംസാരിക്കുമെന്നും സുരേഷ് ഗോപി തിരുവനന്തപുരം ശാസ്തമംഗലത്ത് പറഞ്ഞു. കെ റെയിൽ ഇനി ഇല്ലെന്ന സൂചനയാണ് ബിജെപിയുടെ മുഖമായ നടൻ നൽകുന്നത്. ആരുടേയും സ്ഥലം അതിക്രമിച്ച് കയറാതെയാണ് വന്ദേഭാരത് വരുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

'ജനങ്ങളുടെ നെഞ്ചത്തടിച്ചു കയറ്റിയ കുറേ മഞ്ഞക്കല്ലുകളങ്ങ് തുലഞ്ഞു. അതു തന്നെയാണ് ഏറ്റവും വലിയൊരു ഐശ്വര്യം. അത്രേയുള്ളൂ' ഇതായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. വന്ദേഭാരത് ട്രെയിൻ കേരളത്തിലെത്തിയതോടെ കോൺഗ്രസ്, സിപിഎം നേതാക്കൾക്ക് ഉറക്കം നഷ്ടമായിരിക്കുകയാണ്. അതിന്റെ തെളിവാണ് ഡിവൈഎഫ്‌ഐയുടെ പ്രതികരണമെന്നും നടൻ പറഞ്ഞു വയ്ക്കുന്നത്. വന്ദേഭാരത് ട്രെയിൻ പെട്ടെന്ന് കേരളത്തിൽ എത്തിയതിന് പിന്നിൽ കേന്ദ്രത്തിന്റെ കപടരാഷ്ട്രീയമാണെന്നും ഇതിന് രാഷ്ട്രീയ അജണ്ടയുണ്ടെന്നുമായിരുന്നു ഡിവൈഎഫ്‌ഐ പ്രതികരിച്ചത്. ഇതും ബിജെപി വലിയ തോതിൽ ചർച്ചയാക്കുന്നുണ്ട്.