പത്തനംതിട്ട: വാട്ടർ അഥോറിറ്റി നൽകുന്ന വെള്ളക്കരത്തിന്റെ വിശദാംശങ്ങൾ നിങ്ങൾ പരിശോധിച്ചിട്ടുണ്ടോ? പരിശോധിച്ച് നോക്കിയാൽ ഒരു ഇൻസെന്റീവ് കാണാം. ഓൺലൈൻ പേമെന്റുകൾക്ക് മാത്രമാണ് ഇത് ബാധകം. ആകെ ബില്ലിന്റെ ഒരു ശതമാനമാണ് ഇൻസെന്റീവ്. 10,000 രൂപ വരെയാണ് പരമാവധി ഇൻസെന്റീവ് ലഭിക്കുക. കുടിശികയുള്ളവർക്ക് ഇൻസെന്റീവ് കിട്ടുകയുമില്ല. നിബന്ധനകളൊക്കെ കേട്ട് ഇൻസെന്റീവ് കിട്ടുമെന്ന് കരുതാൻ വരട്ടെ. ഇൻസെന്റീവ് എന്ന പേരിൽ നിങ്ങൾക്ക് കിട്ടുന്നത് നിങ്ങൾ അങ്ങോട്ട് മുൻകൂറായി അടയ്ക്കുന്ന പണമാണ്. ഇത് തിരികെ കിട്ടുന്നതാകട്ടെ രണ്ടു മാസത്തിന് ശേഷവും.

വിവരാവകാശ പ്രവർത്തകനായ കല്ലറക്കടവ് കാർത്തികയിൽ ബി. മനോജ് ആണ് ഈ തട്ടിപ്പ് പൊളിച്ചു കാട്ടുന്നത്. മനോജിന് ഈ മാസം കിട്ടിയ കുടിവെള്ളക്കരം 669 രൂപയാണ്. അത് ഓൺലൈനിൽ അടയ്ക്കാൻ മനോജ് ശ്രമിക്കുമ്പോൾ ഏഴു രൂപ ഇൻസെന്റീവും ചേർത്ത് 676 രൂപയാകും. ഇൻസെന്റീവ് എന്ന് പറയുമ്പോൾ ഉപയോക്താവിന് ഇങ്ങോട്ടു കിട്ടേണ്ട തുകയല്ലേ? പിന്നെന്തിന് ഇത് വാട്ടർ അഥോറിറ്റിക്ക് അടക്കണം.

സംശയം തോന്നി ഇൻസെന്റീവിന്റെ നിബന്ധനകൾ പരിശോധിച്ചപ്പോഴാണ് മുകളിൽ പറഞ്ഞ വസ്തുതകൾ കണ്ടത്. സംശയം തീർക്കാർ വാട്ടർ അഥോറിറ്റിയുടെ കസ്റ്റമർ കെയറിൽ വിളിച്ചപ്പോൾ അൽപ്പം കൂടി വ്യക്തത കിട്ടി. ഓൺലൈൻ ബിൽ പേമെന്റിന് മാത്രമാണ് ഇൻസെന്റീവ്. നേരിട്ട് ഓഫീസിൽ ചെന്ന് ബിൽ അടച്ചാൽ ഇൻസെന്റീവ് ഇല്ല. ഇപ്പോൾ ഓൺലൈനിൽ അടയ്ക്കുന്ന ഇൻസെന്റീവ് എത്രയാണോ അത്രയും തുക അടുത്ത മാസത്തെ ബില്ലിൽ കുറവ് ചെയ്തു നൽകും.

ഇവിടെയാണ് തട്ടിപ്പ് നടക്കുന്നത് എന്ന് മനോജ് പറയുന്നു. വാട്ടർ അഥോറിറ്റിയിൽ ദ്വൈമാസ ബില്ലിങ്ങാണ്. അതായത് അടുത്ത ബിൽ വരിക രണ്ടു മാസത്തിന് ശേഷമാണ്. അതു വരെ ഇൻസെന്റീവ് എന്ന പേരിൽ ഉപയോക്താവിൽ നിന്ന് ഈടാക്കുന്ന തുക അവരുടെ കൈയിൽ ഇരിക്കും. കൂടുതലും ആൾക്കാർ ഓൺലൈൻ പേമെന്റിലേക്ക് തിരിഞ്ഞിരിക്കുന്നതിനാൽ ലക്ഷങ്ങളാണ് ഇൻസെന്റീവ് എന്ന പേരിൽ വാട്ടർ അഥോറിറ്റിയുടെ കീശയിൽ വീഴുന്നത്. ഇനിയാണ് രസം. അടുത്ത തവണ ബിൽ നേരിട്ട് ഓഫീസിൽ അടച്ചാൽ ഇൻസെന്റീവ് കുറച്ചുള്ള തുകയാകും കൊടുക്കേണ്ടി വരിക.

ഇനി ഓൺലൈനിൽ തന്നെ അടച്ചാൽ ആ അടയ്ക്കുന്ന തുകയ്ക്ക് വീണ്ടും ഇൻസെന്റീവ് കൊടുക്കേണ്ടി വരും. ചുരുക്കിപ്പറഞ്ഞാൽ ഓൺലൈനിൽ തുക അടയ്ക്കുന്നവർ ഇൻസെന്റീവ് കൊടുത്തു കൊണ്ടേ ഇരിക്കണം. എല്ലായപ്പോഴും അവരുടെ പണത്തിന്റെ ഒരു ശതമാനം വാട്ടർ അഥോറിറ്റിയുടെ പോക്കറ്റിൽ കിടക്കുകയും ചെയ്യും. ഇത് പകൽക്കൊള്ളയാണെന്ന് മനോജ് ചൂണ്ടിക്കാണിക്കുന്നു.