കണ്ണൂർ: കണ്ണൂരിൽ വീണ്ടും കുടുംബം കലക്കി പൂർവവിദ്യാർത്ഥി സംഗമം. ആറുവയസുള്ള മകളെയും ഭർത്താവിനെയുംഉപേക്ഷിച്ച് യുവതി പൂർവവിദ്യാർത്ഥി സഹപാഠി സംഗമത്തിൽ കണ്ടുമുട്ടിയസഹപാഠിയായ കാമുകനൊപ്പം ഒളിച്ചോടിയെന്നാണ് പരാതി. പയ്യന്നൂർ നഗരത്തിന്റെ തൊട്ടടുത്ത് താമസിക്കുന്ന യുവതിയാണ് മാതമംഗലം പറവൂർ സ്വദേശിയായ സഹപാഠിക്കൊപ്പം നാടുവിട്ടത്.

പ്രീഡിഗ്രി ബാച്ചിന്റെ സഹപാഠിസംഗമത്തിലാണ് വർഷങ്ങൾക്കു ശേഷം ഇരുവരുംകണ്ടുമുട്ടിയത്. ഇതോടെ പഴയ പ്രണയം വീണ്ടും പൊടിതട്ടിയെടുക്കുകയായിരുന്നു. പിന്നീട് വാട്സാപ്പിൽ ചാറ്റിങ് മുറുകിയതോടെയാണ് പ്രണയ ജ്വരം മൂത്ത ഇരുവരും ഒളിച്ചോടിയത്. ഭാര്യയെ കാണാത്തതിനെ തുടർന്ന് ഭർത്താവിന്റെ പരാതിയിൽ പെരിങ്ങോം പൊലീസ് കേസെടുത്ത് അന്വേഷിച്ചപ്പോഴാണ് യുവതി സഹപാഠിക്കൊപ്പം ഒളിച്ചോടിയതായി കണ്ടെത്തിയത്.

ഇരുവരും വയനാട്ടിലുള്ളതായി മൊബൈൽ ടവർ ലൊക്കേഷനിൽ നിന്നും സിഗ്നൽ ലഭിച്ചതു പ്രകാരം തെളിഞ്ഞിട്ടുണ്ട്. ഇവരെ നാട്ടിലെത്തിക്കാനുള്ള നീക്കത്തിലാണ് പൊലിസ്. യുവതിക്കെതിരെ ജുവനൈൽ ആക്ടു പ്രകാരം കേസെടുക്കുമെന്ന് പൊലിസ് അറിയിച്ചു. പ്രായപൂർത്തിയാകാത്ത മകളെ ഉപേക്ഷിച്ചു ഒളിച്ചോടിയ കുറ്റത്തിനാണ് കേസ്. കണ്ണൂർ, കാസർകോട് ജില്ലയിൽ പൂർവവിദ്യാർത്ഥി സംഗമത്തിന്റെ മറവിൽ നിരവധി കുടുംബങ്ങളാണ കലങ്ങുന്നത്.

ഇതുവരെ പത്തോളം വീട്ടമ്മമാർ ഒളിച്ചോടിയിട്ടുണ്ടെന്നാണ് പൊലിസിന്റെ കണക്ക്. എന്നാൽ ഇതിൽ അധികം വരുമെന്നും പറയുന്നുണ്ട്. പലകുടുംബങ്ങളും നാണക്കേടു ഭയന്ന് ഈക്കാര്യം പരാതിയായി നൽകാൻ തയ്യാറാകുന്നില്ലെന്നാണ് പൊലിസ് പറയുന്നത്.