പാരീസ്: പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി, മുസ്ലിം സ്ത്രീകൾ ധരിക്കുന്ന അബായ സർക്കാർ സ്‌കൂളുകളിൽ നിരോധിക്കുമെന്ന് ഫ്രാൻസ്. ഇക്കാര്യം ഫ്രഞ്ച് വിദ്യാഭ്യാസ മന്ത്രിയെ ഉദ്ദരിച്ച് അൽ ജസീറയാണ് റിപ്പോർട്ടു ചെയ്തതത്.

റിപ്പോർട്ട് പ്രകാരം ഫ്രഞ്ച് പബ്ലിക് സ്‌കൂളുകളിൽ വലിയ കുരിശുകളോ യഹൂദ കിപ്പാകളോ (യഹൂദ തൊപ്പി) ഇസ്ലാമിക ശിരോവസ്ത്രമോ ധരിക്കുന്നത് അനുവദനീയമല്ല. ഇനി സ്‌കൂളുകളിൽ അബായ ധരിക്കാൻ കഴിയില്ല, ടി.വി ചാനലായ ടി.എഫ് വണിന് നൽകിയ അഭിമുഖത്തിൽ വിദ്യാഭ്യാസ മന്ത്രി ഗബ്രിയേൽ അത്താൽ പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. നിങ്ങൾ ഒരു ക്ലാസ് മുറിയിലേക്ക് പോകുമ്പോൾ, വിദ്യാർത്ഥികളെ നോക്കി അവരുടെ മതം തിരിച്ചറിയാൻ നിങ്ങൾക്ക് കഴിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞതായി വാർത്ത മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

ഫ്രാൻസിൽ 2004-ലും 2010ലും പൊതു ഇടങ്ങളിൽ അബായ നിരോധിച്ചത് രാജ്യത്തെ അഞ്ച് ദശലക്ഷം മുസ്ലിം ജനസംഖ്യയുടെ വലിയൊരു വിഭാഗത്തെ പ്രകോപിപ്പിച്ചിരുന്നു. അതിനിടെ, നിരവധി മുസ്ലിം സംഘടനകളെ പ്രതിനിധീകരിക്കുന്ന ദേശീയ സംഘടനയായ ഫ്രഞ്ച് കൗൺസിൽ ഓഫ് മുസ്ലിം ഫെയ്ത്ത് വസ്ത്രം മതപരമായ അടയാളമായി കണക്കാനാവില്ലെന്ന് നേരത്തേ പ്രസ്താവിച്ചിരുന്നു.