ന്യൂയോർക്ക്: ഞായറാഴ്ച മൂന്നുമാസം തികയ്ക്കുന്ന ഇസ്രയേൽ കടന്നാക്രമണത്തിൽ ഗസ്സ പൂർണമായും വാസയോഗ്യമല്ലാതായെന്ന് ഐക്യരാഷ്ട്ര സംഘടന. മാസങ്ങൾക്കുള്ളിൽ ഗസ്സ കൊടുംപട്ടിണിയിലാകും. പകർച്ചവ്യാധികൾ നിയന്ത്രണാതീതമായി പടരുമെന്നും മനുഷ്യാവകാശങ്ങൾക്കായുള്ള യുഎൻ അണ്ടർ സെക്രട്ടറി മാർട്ടിൻ ഗ്രിഫിത്ത്സ് പറഞ്ഞു.

യുദ്ധം ഉടൻ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം സാധ്യമായ എല്ലാ വഴിയും ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ശനിയാഴ്ച ഗസ്സയിലെ തെക്കൻ നഗരം ഖാൻ യൂനിസിൽ ഇസ്രയേൽ ബോംബിട്ടതിൽ 22 പേർ കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലും ഇസ്രയേൽ സൈന്യം വൻ ആക്രമണം നടത്തുന്നതായും ഫലസ്തീൻകാർ ചെറുത്തുനിൽക്കുന്നതായും റിപ്പോർട്ടുണ്ട്.