ലീഡ്‌സ്: ലീഡ്സ്, ഹോഴ്സ്ഫോർത്ത് പ്രദേശത്തെ സെയിന്റ് മാർഗരറ്റ് അവന്യൂവിൽ വെച്ച് കത്തിക്കുത്തേറ്റ കൗമാരക്കാരന്മരണമടഞ്ഞു. ഇന്നലെ, ചൊവ്വാഴ്‌ച്ച 3 മണിക്ക് ശേഷമായിരുന്നു സംഭവം. വിവരമറിഞ്ഞ പൊലീസ് ഉടൻ സംഭവസ്ഥലത്ത് എത്തിച്ചേർന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ട് കൗമാരക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട ആൺകുട്ടി, ഹോഴ്സ്ഫോർത്ത് സ്‌കൂളിലെ ഒരു പൂർവ്വ വിദ്യാർത്ഥിയായിരുന്നു എന്ന് സ്‌കൂൾ ഹെദ് പറഞ്ഞു.

സാധാരണ ലണ്ടൻ തെരുവുകളിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുന്നതായി വായിച്ചിട്ടുണ്ട്. അവിടെ കൗമാരക്കാരനാകുന്നത് വലിയ അപകടകരമായ ഒന്നാണെന്ന് വായിച്ചിട്ടുമുണ്ട്. ഇവിടെ ഇത്തരത്തിൽ ഒന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഞെട്ടലുളവാക്കുന്ന സംഭവമാണെന്നും ഒരു പ്രദേശവാസി പ്രതികരിച്ചു. ലണ്ടൻ പോലുള്ള വൻ നഗരങ്ങളിൽ കുട്ടികൾക്കിടയിലെ കുറ്റവാസന വർദ്ധിച്ചു വരുന്നതായി നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോൾ അത് ചെറു നഗരങ്ങളിലേക്കും പടരുകയാണ് എന്നത് തീർത്തും ആശങ്കയുളവാക്കുന്ന കാര്യം തന്നെയാണ്.

അന്വേഷണം പുരോഗമിക്കുകയാണെന്നും, ഈ കൗമാരക്കാരന്റെ ജീവൻ നഷ്ടപ്പെടുവാനുള്ള യഥാർത്ഥ കാരണം എന്തെന്നത് തങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. പ്രദേശവാസികളുടെ സഹകരണത്തോടെയാണ് അന്വേഷണം നടക്കുന്നത്. ചില ദൃക്സാക്ഷികളുമായി തങ്ങൾ സംസാരിച്ചുവെന്നും, സംഭവത്തെ കുറിച്ച് ഏതെങ്കിലും തരത്തിലുള്ള അറിവുള്ളവർ പൊലീസുമായി ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർത്ഥിച്ചിട്ടുമുണ്ട്.

സംഭവ സ്ഥലത്ത് നിന്നും അര മൈൽ ദൂരെയുള്ള ബ്രോഡ്ഗേറ്റ് ലെയ്നിൽ ഇന്നലെ നിരവധി പേർ മരണപ്പെട്ട ബാലന് സ്മരണാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. മെഴുകുതിരികൾ കത്തിച്ചുകൊണ്ടവർ പ്രാർത്ഥനകളിൽ മുഴുകി. സംഭവം നടന്ന സ്ഥലം പൊലീസ് അടച്ചിരിക്കുകയാൺ'. ഫോറെൻസിക് പരിശോധനകളും അവിടെ നടക്കുന്നുണ്ട്.