നെയ്‌റോബി: കെനിയയിൽ ഒളിവിൽ താമസിക്കുകയായിരുന്ന മുതിർന്ന പാക്കിസ്ഥാൻ മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ടു. ആളുമാറി വെടിവെച്ചു കൊലപ്പെടുത്തിയതെന്നാ് കെനിയൻ പൊലീസിന്റെ വിശദീകരണം. നെയ്റോബിക്ക് സമീപമുള്ള റോഡ് ബ്ലോക്കിൽ നിർത്തുന്നതിന് പകരം കാർ അമിതവേഗത്തിൽ ഓടിച്ചതിനെ തുടർന്ന് പൊലീസ് വെടിവെച്ചപ്പോഴാണ് പാക് മാധ്യമ പ്രവർത്തകൻ അർഷാദ് ഷെരീഫ് കൊല്ലപ്പെട്ടത്.

കെനിയൻ പൊലീസ് സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു, കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസിൽ ഉൾപ്പെട്ട സമാനമായ കാറിനായുള്ള തിരച്ചിൽ നടക്കുന്നതിനാൽ. തെറ്റ് പറ്റിയതാണ് എന്നാണ് പൊലീസ് പറയുന്നത്. പാക് സൈന്യത്തെ വിമർശിച്ചതിന്റെ പേരിൽ അറസ്റ്റ് ഒഴിവാക്കുന്നതിനായി 50 കാരനായ അർഷാദ് ഷെരീഫ് ജൂലൈയിൽ പാക്കിസ്ഥാൻ വിട്ടത്.

പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ സർക്കാരിന്റെ വിമർശകൻ കൂടിയായിരുന്നു അദ്ദേഹം. തിങ്കളാഴ്ച, പാക് പ്രധാനമന്ത്രി മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ട വിഷയത്തിൽ കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോയുമായി സംസാരിക്കുകയും മാധ്യമപ്രവർത്തകന്റെ കൊലപാതകത്തിൽ നീതിയുക്തവും സുതാര്യവുമായ അന്വേഷണം ഉറപ്പാക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തതായി പാക് സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.

ഞായറാഴ്ച രാത്രി സഹോദരൻ ഖുറം അഹമ്മദിനൊപ്പം നെയ്റോബി-മഗാഡി ഹൈവേയിൽ സ്ഥാപിച്ചിരുന്ന റോഡ് ബ്ലോക്ക് മറികടന്ന് കാർ ഓടിച്ചപ്പോഴാണ് അർഷാദ് ഷെരീഫിന്റെ തലയ്ക്ക് വെടിയേറ്റത് എന്നാണ് നെയ്റോബി പൊലീസ് പറയുന്നത്. മഗഡി പട്ടണത്തിൽ നിന്ന് കെനിയൻ തലസ്ഥാനമായ നെയ്‌റോബിയിലേക്ക് പോകുകയായിരുന്നു ഇവർ.

റോഡ് ബ്ലോക്ക് ചെയ്ത് നിന്ന പൊലീസ് വാഹനം നിർത്താൻ നിർദ്ദേശം നൽകിയെങ്കിലും. ഇത് അവഗണിച്ച് അർഷാദ് വാഹനത്തിന് വേഗത കൂട്ടി. ഇതോടെയാണ് പൊലീസ് സംശയം തോന്നി പിന്തുടർന്ന് വെടിയുതിർത്തത്. ഇതിനിടെ കാർ മറിഞ്ഞു. കെനിയയിൽ വച്ചാണ് തന്റെ ഭർത്താവ് കൊല്ലപ്പെട്ടതെന്ന് ഷെരീഫിന്റെ ഭാര്യ ജാവേരിയ സിദ്ദിഖ് സ്ഥിരീകരിച്ചു. സഹോദരന്റെ ആരോഗ്യ അവസ്ഥ അറിയില്ലെന്നും ഇവർ പറയുന്നു.