അടൂര്‍: മാനസിക വളര്‍ച്ച കുറവുള്ള, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലോഡ്ജ് മുറിയില്‍ എത്തിച്ച് പീഡിപ്പിച്ച കേസിലെ പ്രതിയെ ജീവപര്യന്തം തടവിനും 21 വര്‍ഷം കഠിനതടവിനും 2.10 ലക്ഷം പിഴ ഒടുക്കാനും അതിവേഗ പ്രത്യേക കോടതി വിധിച്ചു. തണ്ണിത്തോട് തേക്കുതോട് മണിമരുതി കൂട്ടം രാജേഷ് ഭവനില്‍ സെല്‍വ കുമാറി(36)നെ ആണ് അടൂര്‍ അതിവേഗ പ്രത്യേക കോടതി ജഡ്ജ് മഞ്ജിത്ത് ശിക്ഷിച്ച് വിധി പ്രഖ്യാപിച്ചത്. എസ്.സി/എസ്.ടി ആക്ട്, ഐ.പി.സി, പോക്സോ ആക്ട് എന്നിവ പ്രകാരമാണ് വിധി.

2014 ഏപ്രിലിലാണ് സംഭവം നടന്നത്. മാനസിക വളര്‍ച്ചയില്ലാത്ത കുട്ടിയെ അടൂരിലെ ലോഡ്ജ് മുറിയില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. എട്ടു ഡിവൈ.എസ്.പിമാര്‍ അന്വേഷണം നടത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വിദേശത്തേക്ക് കടന്ന പ്രതിയെ 2021 ലാണ് അറസ്റ്റ് ചെയ്തത്. ജീവപര്യന്തവും ഒപ്പം 21 വര്‍ഷം അധിക കഠിനതടവും 2,10000 രൂപ പിഴയും ആണ് ശിക്ഷിച്ചത്.

പിഴ അടച്ചില്ലെങ്കില്‍ 12 മാസവും 10 ദിവസവും കൂടി അധിക കഠിന തടവ് അനുഭവിക്കണം പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി. സ്മിത ജോണ്‍ ഹാജരായി.പ്രോസിക്യൂഷന്‍ നടപടികള്‍ വിക്ടിം ലെയ്സണ്‍ ഓഫീസര്‍ എസ്. സ്മിത ഏകോപിപ്പിച്ചു.