അബുദാബി: അബുദാബി ഹംദാൻ സ്ട്രീറ്റിൽ 21 നില കെട്ടിടത്തിൽ തീപിടിത്തം. കഴിഞ്ഞ ദിവസം രാത്രി 10:02നാണ് കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായ വിവരം കൺട്രോൾ റൂമിൽ ലഭിച്ചതെന്ന് അബുദാബി സിവിൽ ഡിഫൻസ് അറിയിച്ചു.

ഉടൻ തന്നെ സ്ഥലത്തെത്തിയ അബുദാബി സിവിൽ ഡിഫൻസ് വിഭാഗം തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. കെട്ടിടത്തിൽ ഉണ്ടായിരുന്ന ആളുകളെ ഒഴിപ്പിച്ചു. പുക ശ്വസിച്ച് അസ്വസ്ഥത അനുഭവപ്പെട്ടവർക്ക് പ്രാഥമിക ശുശ്രൂഷ നൽകി.

അന്വേഷണത്തിനായി കേസ് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. തീപിടിത്തം പ്രതിരോധിക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കാനും ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്താനും കെട്ടിട ഉടമകൾക്ക് സിവിൽ ഡിഫൻസ് അധികൃതർ നിർദ്ദേശം നൽകി.