തിരുവനന്തപുരം: അതിയന്നൂരിൽ ദമ്പതികളെയും കുട്ടികളെയും കുടിയൊഴിപ്പിക്കാൻ ഒത്താശ ചെയ്തുകൊടുത്ത നെയ്യാറ്റിൻകര പൊലീസിനെതിരെ വീണ്ടും പരാതി ഉന്നയിച്ച് മറ്റൊരു കുടുംബം രംഗത്ത്. നെയ്യാറ്റിൻകര കരിനട നയന വിഹാറിൽ അനിൽകുമാറും ഭാര്യ സിമിയുമാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. അനിൽകുമാറിന്റെ സഹോദരി ശ്രീലതയും ഭർത്താവും കാർ വഴിയിൽ പാർക്ക് ചെയ്ത് സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയ സംഭവത്തിൽ അനുകൂല വിധി കോടതിയിൽ നിന്നും നേടിയിട്ടും നടപ്പിലാക്കാതെ പൊലീസ് അലംഭാവം കാണിക്കുന്നുവെന്നാണ് പരാതി ഉയരുന്നത്.

അനിൽകുമാറിന്റെ വീട്ടിലെ കാർ പുറത്തേക്കിറക്കാനാവാത്ത രീതിയിലാണ് സഹോദരി വാഹനം പാർക്ക് ചെയ്ത് പോയിരിക്കുന്നത്. അതിനാൽ ഏറെ ബുദ്ധിമുട്ടിലായ അനിൽകുമാറും ഭാര്യയും നെയ്യാറ്റിൻകര സിഐക്കും ഡി.വൈ.എസ്‌പിക്കും പരാതി നൽകിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. തുടർന്നാണ് കോടതിയെ സമീപിച്ചത്. കോടതി വിധി അനുകൂലമായിട്ടും നീതി നടപ്പിലാക്കാൻ പൊലീസ് വിസമ്മതിക്കുന്നത് ഉന്നത സ്വാധീനം കൊണ്ടാണെന്നാണ് ഇവർ ആരോപിക്കുന്നത്.

നെയ്യാറ്റിൻകര കരിനട നയന വിഹാറിൽ പരേതരായ പുഷ്‌കര പണിക്കരുടെയും,വത്സലയുടെയും അഞ്ച് മക്കളിൽ രണ്ടു പേരാണ് അനിൽകുമാറും, ശ്രീലതയും. വർഷങ്ങൾക്ക് മുമ്പ് പുഷ്‌കരപണിക്കർ മരിച്ചിരുന്നു. നാലു വർഷങ്ങൾക്ക് മുമ്പാണ് വത്സല മരിക്കുന്നത്. മരണത്തിന് മുമ്പ് തന്നെ വസ്തുക്കളെല്ലാം അഞ്ച് മക്കളുടെ പേരിൽ എഴുതി വച്ചിരുന്നു. വിവാഹം കഴിഞ്ഞ ശേഷം മര്യാപുരത്താണ് അനിൽകുമാറിന്റെ സഹോദരിയും രജിസ്ട്രാറിൽ ആഡിറ്ററുമായ ശ്രീലതാകുമാരി താമസിച്ചിരുന്നത്. എന്നാൽ അമ്മയുടെ മരണശേഷമാണ് ഭാഗം വച്ചതിൽ കിട്ടിയ ആറ് സെന്റ് വസ്തുവിൽ ശ്രീലത വീട് പണിയുന്നത്.

കുടംബ വീടായ നയന വിഹാർ ഇരിക്കുന്ന പത്ത് സെന്റ് സ്ഥലം അനിൽകുമാറിന്റെ പേരിലാണ് എഴുതിയിരുന്നത്. ഇതിൽ ശ്രീലതയും മറ്റൊരു സഹോദരനായ റിട്ട. ആർമി ഉദ്യോഗസ്ഥനായ ജയചന്ദ്രനും ചെറിയ എതിർപ്പ് ഉണ്ടായിരുന്നു. എന്നാൽ എതിർപ്പ് ഇവർ രണ്ടുപേരും പുറത്തു കാണിച്ചിരുന്നില്ല. പക്ഷേ ഇവർ എങ്ങനെയെങ്കിലും വീടും സ്ഥലവും കൈയ്ക്കലാക്കുന്നതിനും ശ്രമിച്ചുകൊണ്ടെയിരുന്നു. പക്ഷെ നല്ല സഹകരണത്തിലായിരുന്നതു കാരണം ശ്രീലതയ്ക്ക് വീട് പണിയുന്ന അവസരത്തിൽ അനിൽകുമാറും സഹായിച്ചിരുന്നു.

വീടിന്റെ പാലു കാച്ച് ചടങ്ങ് കഴിഞ്ഞ മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ഇവരിൽ അസ്വാരസ്യങ്ങൾ തുടങ്ങിയത്. അനിൽകുമാറിന്റെ സഹോദരി ശ്രീലതയ്ക്ക് വാഗൺ ആർ കാറാണ് ഉണ്ടായിരുന്നത്. ഇത് ഇവരുടെ വീട്ടിൽ തന്നെയാണ് പാർക്ക് ചെയ്തിരുന്നത്. എന്നാൽ കഴിഞ്ഞ രണ്ട് മാസങ്ങൾക്ക് മുമ്പ് ശ്രീലത കാർ മാറ്റി ഐ20 വാങ്ങി. എന്നാൽ ഈ കാർ ഇവരുടെ വീട്ടിലേക്ക് കയറില്ല. ഇതേ തുടർന്ന് അനിൽകുമാറിനോട് വീടിന്റെ അടുക്കളഭാഗം പൊളിച്ചുനീക്കാൻ ശ്രീലതയും ഭർത്താവും ചേർന്ന് ആവശ്യപ്പെട്ടു. എന്നാൽ വീട് പൊളിച്ചുമാറ്റാൻ കഴിയില്ലെന്ന് അനിൽകുമാർ പറഞ്ഞതോടെ ശ്രീലത പരാതിയുമായി നഗരസഭയിലെത്തി.

പരാതിയുടെ അടിസ്ഥാനത്തിൽ നഗരസഭയിൽ നിന്ന് ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ അനിൽകുമാർ പുതുക്കി പണിത വീട് നിയമപരമായാണ് പണിതിട്ടുള്ളതെന്ന് പറയുകയും വന്നവർ തിരികെ പോകുകയും ചെയ്തു. ഇതേ തുടർന്നാണ് ബന്ധുവായ റിട്ട. ആർമി ഉദ്യോഗസ്ഥനായ യുവാവുമായി ചേർന്ന് ഗുണ്ടായിസം തുടങ്ങിയത്. അനിൽകുമാറിന്റെ വീടിന് മുൻവശം സഹോദരനായ ജയചന്ദ്രന്റെ വസ്തുവിൽ ഇവർ അനധിക്യതമായി വാഹനം പാർക്ക് ചെയ്തു. ഈ വാഹനം കിടക്കുന്നത് കാരണം അനിൽകുമാറിന് വാഹനം പുറത്തിറക്കാൻ കഴിയുന്നില്ല. പുറകിലോട്ട് മാറ്റിയിടാൻ സ്ഥലമുണ്ടായിട്ടും മനഃപൂർവമാണ് വാഹനം തടസ്സമായി പാർക്ക് ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അനിൽകുമാർ സിഐയ്ക്കും, ഡി.വൈ.എസ്‌പിക്കും പരാതി നൽകിയെങ്കിലും കോടതിയിൽ നിന്ന് ഉത്തരവ് വാങ്ങി വരാൻ നെയ്യാറ്റിൻകര പൊലീസ് ആവശ്യപ്പെട്ടു.

തുടർന്ന് അനിൽകുമാർ അഡ്വക്കേറ്റിനെ കാണുകയും കേസ് ഫയൽ ചെയ്യുകയും ചെയ്തു. എന്നാൽ കോടതിയിൽ നിന്ന് അനിൽകുമാറിന്റെയും കുടുംബത്തിന്റെയും സഞ്ചാരസ്വതന്ത്ര്യം നഷ്ട്പെടുത്തിയത് നീക്കണമെന്ന് വിധി നേടുകയും ചെയ്തു. ഈ വിധിയുടെ പകർപ്പ് നെയ്യാറ്റിൻകര സി. ഐയ്ക്ക് നൽകിയപ്പോൾ വിധിയിൽ പൊലീസ് ഇടപെടാൻ നിർദ്ദേശിച്ചിട്ടില്ലാത്തതിനാൽ ആ നിർദ്ദേശം വാങ്ങി വരാൻ സിഐ അനിൽകുമാറിനും കുടംബത്തിനും നിർദ്ദേശം നൽകി. എന്നാൽ കോടതി വിധി ഇനിയും വൈകുമെന്നാണ് അനിൽകുമാറിന്റെ വക്കീൽ പറയുന്നത്. ഇത് വൈകുംതോറും ഇവരുടെ വാഹനം പുറത്തിറക്കാൻ കഴിയാതെ വരുന്നതുമൂലം വിവിധ പരിശോധനകൾക്കായ് തിരുവനന്തപുരം ശ്രീചിത്രയിലേയ്ക്ക് അനിൽകുമാറിന്റെ ഭാര്യയെ കൊണ്ടുപോകുന്നത് ടാക്സിയിലാണ്.

പൊലീസിന് പരിഹരിക്കാവുന്ന നിസാര പ്രശ്നത്തെ പൊലീസ് തന്നെയാണ് ഇപ്പോൾ കോടതിയിലെത്തിച്ചത്. എന്നാൽ വിധി നടപ്പിലാക്കാൻ പൊലീസിനു കഴിയുന്നുമില്ല.നെയ്യാറ്റിൻകര പൊലീസിന്റെ ഉറ്റ ചങ്ങാതിയും ഏജന്റുമായ വ്യക്തിയാണ് ഇവരുടെ ബന്ധുവായ ആർമി ഉദ്യോഗസ്ഥൻ .ഇയാളുടെ വാക്കുകേട്ടാണ് പൊലീസ് അനങ്ങാപാറ നയം സ്വീകരിക്കുന്നതെന്നും അനിൽകുമാർ പറയുന്നു. ഇത്രയും സ്വാധീനം ചെലുത്താൻ കഴിയുന്ന ബന്ധുവായ യുവാവ് ഇവരെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും അനിൽകുമാറും കുടുംബവും ഭയപ്പെടുന്നു. നീതിക്കുവേണ്ടി പോകുന്നയാളിന് ജനമൈത്രി പൊലീസിന്റെ ഇത്തരം പക്ഷപാതപരമായ പെരുമാറ്റം ജീവനുകൾ നഷ്ടപ്പെടുന്ന അവസ്ഥയിലേയ്ക്കാണ് പോകുന്നതെന്നാണ് അനിൽകുമാറും കുടുംബവും പറയുന്നത്.