തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഭൂമി ഒഴിപ്പിക്കലിനിടെ ദമ്പതികൾ തീകൊളുത്തി മരിച്ച സംഭവത്തിൽ ആത്മഹത്യ ചെയ്തതിനും, കോടതി ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനും നെയ്യാറ്റിൻകര പൊലീസ് കേസെടുത്തത് പ്രതിയായയ ഗ്രേഡ് എസ് ഐയെ രക്ഷിക്കാൻ. സംഭവത്തിൽ വലിയ ഗൂഢാലോചനയും പൊലീസിന്റെ ഭാഗത്ത് നടന്നു. പൊലീസിനെ ഭീഷണിപ്പെടുത്താൻ പെട്രോൾ ഒഴിച്ച രാജനേയും ഭാര്യ അമ്പിളിയേയും പച്ചയ്ക്ക് കത്തിക്കുകയായിരുന്നു പൊലീസ്. അബദ്ധത്തിൽ ചെയ്തതാണിതെന്ന് വാദിക്കാമെങ്കിലും രാജനും അമ്പിളിക്കുമെതിരെ കേസെടുത്തതോടെ കൊലയിലെ ക്രിമിനൽ സ്വഭാവവും കൂടുകയാണ്.

ഗ്രേഡ് എസ് ഐ അനിൽകുമാർ ലൈറ്ററിൽ തട്ടുകയായിരുന്നു. ഇതോടെയാണ് ദേഹത്ത് തീ ആളിക്കത്തിയത്യ. ഇത് അറിയാമായിരുന്നിട്ടും ഇതേ പൊലീസ് രാജനെതിരെ ആത്മഹത്യയ്ക്ക് സ്വമേധായാ കേസെടുത്തു. പോരാത്തതിന് അഭിഭാഷക കമ്മീഷന്റെ മൊഴിയിൽ ജോലി തടസ്സപ്പെടുത്തിയതിനെതിരെയും കേസെടുത്തു. രണ്ടിനും കൂടി ഒറ്റ എഫ്‌ഐആറാണ് രജിസ്റ്റർ ചെയ്തത്. വലിയ തിരക്കഥകൾ ഇതിന് വേണ്ടി അരങ്ങേറുകയും ചെയ്തു. മാധ്യമങ്ങൾക്ക് മുമ്പിൽ പച്ചക്കള്ളം വിളമ്പുകയും ചെയ്തു. ജപ്തി ചെയ്യാനെത്തിയപ്പോൾ രാജൻ തീകൊളുത്തി. ഭാര്യ തടസ്സപ്പെടുത്താൻ ശ്രമിച്ചു. ഇതിനിടെ രക്ഷാ പ്രവർത്തനത്തിന് ശ്രമിച്ച എസ് ഐയ്ക്കും പരിക്ക് എന്ന തരത്തിലായിരുന്നു വാർത്തകൾ എത്തിയത്. അതായത് രക്ഷാ പ്രവർത്തകനായി ഗ്രേഡ് എസ് ഐയെ മാറ്റി.

രാജനും അമ്പിളിയും രക്ഷപ്പെട്ടാൽ അവരെ ഇനിയും കേസിൽ കുടുക്കാനായിരുന്നു ഇതെല്ലാം. സമ്മർദ്ദങ്ങളിലൂടെ വസ്തു വാങ്ങി കൊടുക്കാനുള്ള തന്ത്രം. ഇത് മനസ്സിലാക്കിയാണ് എന്താണ് സംഭവിച്ചതെന്നുള്ള വീഡിയോ പുറത്തു വിട്ട് രാജന്റെ മക്കൾ സത്യം പുറം ലോകത്ത് എത്തിച്ചത്. ഇതിന് ശേഷവും പൊലീസിനെ രക്ഷിക്കാനായിരുന്നു ശ്രമം. രാജന്റെ ഭൂമിയിൽ നിയമപരമായി സ്വാധീനം നേടാനുള്ള ശ്രമത്തിനൊപ്പം അയൽവാസി പൊലീസിനേയും സ്വാധീനിച്ചിരുന്നു. എന്നാൽ അവർക്ക് ഈ പ്ച്ചയ്ക്ക് കത്തിക്കലിൽ നേരിട്ട പങ്കില്ല. പൊലീസുകാരൻ അനിൽ കുമാറിന് ഉണ്ടുതാനും. ദൃശ്യങ്ങൾ പുറത്തു വന്നിട്ടും ഗ്രേഡ് എസ് ഐയ്‌ക്കെതിരെ എഫ് ഐ ആർ ഇട്ടിട്ടില്ലെന്നതാണ് വസ്തുത. ഇതും പൊലീസിലെ കള്ളക്കളിക്ക് തെളിവാണ്.

അതിനിടെ പൊലീസുകാരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്താൻ അന്വേഷണം തുടങ്ങിയതായി റൂറൽ എസ്‌പി അറിയിച്ചു. വീഡിയോയും തൊട്ടടുത്ത ദിവസത്തെ പത്രങ്ങളിലെ വാർത്തയും പിന്നെ ആത്മഹത്യക്ക് കേസെടുത്തതും തന്നെ കള്ളക്കളിക്ക് തെളിവാണ്. ഈ ഗൂഡാലോചകർക്കെതിരെ എസ് പിക്ക് നടപടി എടുക്കാവുന്നതുമാണ്. എന്നാൽ അനക്കമില്ലാതെ അവർ മുമ്പോട്ട് പോകുകയാണ്. രാജന്റേതും അമ്പിളിയുടേയും ആത്മഹത്യയായി മാറ്റാനാണ് ശ്രമം. അമ്പലത്തിൻകാലയിൽ മണ്ണ് മാഫിയയുടെ ജെസിബി സംഗീതിനെ കൊന്ന കേസിലും ഇതേ അനിൽകുമാർ പ്രതിയാണ്. അതുകൊണ്ട് തന്നെ മാഫിയാ ഇടപെടലും സംശയിക്കാം.

സംഭവത്തിൽ രാജന്റെയും അമ്പിളിയുടെയും മക്കൾ പരാതി നൽകിയിട്ടുണ്ട്. പൊലീസുകാർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. സാമ്പത്തിക സഹായം വേണമെന്നും ജില്ലാ കളക്ടർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു. അതേസമയം, സംഭവത്തിൽ തിരുവനന്തപുരം ജില്ലാ കളക്ടർ മുഖ്യമന്ത്രിക്ക് ഇന്ന് റിപ്പോർട്ട് നൽകും. കുട്ടികളുടെ പുനരധിവാസം, വിദ്യാഭ്യാസം എന്നിവയിൽ അടിയന്തരമായി എന്ത് നടപടിയെടുക്കാനാവുമെന്നതിന്റെ പ്രാഥമിക റിപ്പോർട്ടാണ് നൽകുക. പൊലീസുകാർക്കെതിരെ നടപടി എടുക്കുന്നതിലും കേസ് എടുക്കുന്നതിലും ഒരു ഇടപെടലും നടക്കുന്നില്ലെന്നതാണ് വസ്തുത.

ഭൂമിയുമായി ബന്ധപ്പെട്ട കേസ് നിലനിൽക്കുന്നതിനാൽ വീടുവച്ചു നൽകുന്നത് അടക്കമുള്ള കാര്യത്തിൽ വിശദമായ പരിശോധന ആവശ്യമുണ്ടെന്ന് കളക്ടർ വ്യക്തമാക്കിയിരുന്നു. പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന കാര്യത്തിൽ റൂറൽ എസ്‌പിയുടെ റിപ്പോർട്ടും ഇന്നുണ്ടായേക്കും. എത്രയും വേഗം റിപ്പോർട്ട് നൽകണമെന്ന് ഡിജിപി ലോകനാഥ് ബെഹ്‌റ നിർദ്ദേശിച്ചിരുന്നു. വസ്തു ഒഴിപ്പിക്കാനാണ് അവർ വന്നത്. ഒഴിപ്പിക്കരുതെന്ന ഹർജി അപ്പോൾ ഹൈക്കോടതി പരിഗണിക്കാനിരിക്കുകയായിരുന്നു. ഒഴിപ്പിക്കാൻ വന്നവർ അരമണിക്കൂർ ക്ഷമിച്ചിരുന്നെങ്കിൽ വിലപ്പെട്ട രണ്ടു ജീവനുകൾ രക്ഷിക്കാമായിരുന്നു, രണ്ടു കുട്ടികൾ അനാഥരാകില്ലായിരുന്നു.

ഡിസംബർ 22-ന് ഹൈക്കോടതി അപ്പീൽ ഹർജി പരിഗണിക്കുന്നതിനുമുമ്പേ നെയ്യാറ്റിൻകര നെട്ടതോട്ടം ലക്ഷംവീട് കോളനിയിൽ രാജന്റെയും ഭാര്യ അമ്പിളിയുടെയും ദേഹത്തേക്ക് തീ പടർന്നിരുന്നു. തൊട്ടുപിന്നാലെ, രാജനെയും കുടുംബത്തെയും ജനുവരി 15 വരെ ഒഴിപ്പിക്കരുതെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുവന്നു. എതിർകക്ഷിക്ക് നോട്ടീസ് അയക്കാനും നിർദ്ദേശിച്ചു. ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് എത്തുന്നതിന് അരമണിക്കൂർമുമ്പാണ് പൊലീസും അഭിഭാഷക കമ്മിഷനും ഒഴിപ്പിക്കലിനെത്തുന്നത്. സ്റ്റേ ഉത്തരവിന്റെ രേഖകൾ എത്തിക്കാമെന്നു പറഞ്ഞിട്ടും അല്പംപോലും കാക്കാതെയാണ് ഉച്ചഭക്ഷണത്തിനു മുന്നിലിരുന്ന രാജനെ പൊലീസ് വീട്ടിൽനിന്ന് വലിച്ചിറക്കിയതെന്നാണ് മക്കളായ രാഹുലും രഞ്ജിത്തും പറയുന്നത്.

അയൽവാസിയുടെ പരാതിയിൽ, ജൂൺ 16-നാണ് രാജനെയും കുടുംബത്തെയും ഒഴിപ്പിക്കാൻ നെയ്യാറ്റിൻകര മുൻസിഫ് കോടതിയുടെ ഉത്തരവുവന്നത്. ഇതിനെതിരേ ഒക്ടോബറിൽ ജില്ലാ കോടതിയിൽ അപ്പീൽ നൽകി. അപ്പീൽ നൽകാൻ വൈകിയതിനാൽ ഇതു പരിഗണിക്കുന്നതിൽ താമസമുണ്ടായി. ഇതിനിടെ, നിലവിലെ ഉത്തരവ് നടപ്പാക്കണമെന്ന് മുൻസിഫ് കോടതി ഉത്തരവിട്ടു. ഇതിനെത്തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.