തിരുവനന്തപുരം: നെയ്യാറ്റിൻകര സംഭവവുമായി ബന്ധപ്പെട്ട് എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ റൂറൽ എസ്‌പി.യോട് പൊലീസ് മേധാവി ആവശ്യപ്പെട്ടെങ്കിലും കാര്യമായ നടപടിയുണ്ടായില്ല. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിൽ ജപ്തി നടപടിക്കായി ഇത്ര തിടുക്കം കാണിച്ചതു റൂറൽ പൊലീസിലെ ചില ഉന്നതരുടെ നിർദ്ദേശപ്രകാരമാണെന്നാണ് ആക്ഷേപം. അവരിൽ ചിലർ പൊലീസ് നടപടി അന്വേഷിക്കുന്ന സംഘത്തിലുമുണ്ടെന്നും പരാതി ഉയർന്നിട്ടുണ്ട്.

പൊലീസിലെ കുപ്രസിദ്ധനായ അനിൽ കുമാർ എന്ന ഗ്രേഡ് എസ് ഐയെയാണ് ഇതിനായി നിയോഗിച്ചത്. അമ്പലത്തിൻകാലയിൽ മണ്ണു മാഫിയുടെ ജെസിബിക്ക് മുമ്പിൽ ജീവൻ നഷ്ടപ്പെട്ട സംഗീതിന്റെ കുടുംബത്തെ അനാഥനാക്കിയതും ഇതേ പൊലീസുകാരനായിരുന്നു. സസ്‌പെൻഷൻ കഴിഞ്ഞ് ഗ്രേഡ് എസ് ഐയുടെ പ്രെമോഷനുമായി എത്തിയ അനിൽകുമാർ സത്യം പറഞ്ഞാൽ പല ഉന്നതരും കുടുങ്ങും. കേസിൽ കുട്ടികളുടെ മൊഴി എടുത്താൽ അനിൽകുമാറിനെതിരെ കൊലക്കുറ്റം ചുമത്തേണ്ടി വരും. ഈ സാഹചര്യത്തിലാണ് നടപടികൾ വൈകിപ്പിക്കുന്നത്.

പൊലീസിനെ ഭീഷണിപ്പെടുത്തി തിരിച്ചയയ്ക്കാനാണ് രാജനും ഭാര്യയും തീ കൊളുത്തൽ നാടകം നടത്തിയത്. എന്നാൽ അനിൽകുമാർ ലൈറ്ററിൽ തട്ടി തീ ദേഹത്ത് പടർത്തി. ഇതാണ് ദമ്പതികൾ കത്തിയമരാൻ കാരണം. എന്നാൽ പൊലീസ് ചെയ്തത് മറ്റ് ചില നടപടികളാണ്. മരിച്ച രാജനെതിരേ കോടതി ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനും ആത്മഹത്യക്കും നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു. ഇല്ലാത്ത കോടതി ഉത്തരവുമായാണ് അനിൽകുമാറും സംഘവും ഒഴുപ്പിക്കലിന് എത്തിയത്. ഇവരെ കുടിയിറക്കാനുള്ള ഉത്തരവ് നെയ്യാറ്റിൻകര മുൻസിഫ് കോടതി തന്നെ താൽകാലികമായി മരവിപ്പിച്ചിരുന്നു.

അതുകൊണ്ട് തന്നെ അനിൽകുമാറിനെതിരെ കൊലക്കുറ്റം നിലനിൽക്കും. ഈ സാഹചര്യത്തിൽ കേസ് പതുക്കെയാക്കാനാണ് പൊലീസിലെ ഉന്നതരുടെ നീക്കം. റൂറൽ എസ് പി ഓഫീസ് കേന്ദ്രീകരിച്ചാണ് കളികൾ നടക്കുന്നത്. മരിച്ചവരുടെ മക്കളുടെ മൊഴിയെടുക്കാൻപോലും റൂറൽ എസ്‌പി.യോ ചുമതലപ്പെടുത്തിയവരോ എത്തിയില്ല. അതേസമയം, തങ്ങൾ ചെയ്തത് ഡ്യൂട്ടിയാണെന്ന വാദമാണ് പൊലീസുകാർക്കിടയിൽനിന്ന് ഉയരുന്നത്. പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന പൊലീസ് ഉദ്യോഗസ്ഥനെക്കുറിച്ച് ആരും ചർച്ചചെയ്യുന്നില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. മരിച്ച രാജന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണത്തിനുശേഷമാകും നടപടി.

കത്തിക്കുന്നതിനിടെയാണ് അനിൽകുമാറിന് ചെറിയ പൊള്ളൽ എറ്റത്. ഇത് മറച്ചു വച്ച് രാജനെ രക്ഷിക്കാൻ അനിൽകുമാർ ശ്രമിച്ചുവെന്ന് പോലും വരുത്തി. അതിനിടെ നെയ്യാറ്റിൻകര സംഭവത്തിൽ പൊലീസ് മേധാവിക്ക് പുറമേ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ, ബാലാവകാശ കമ്മിഷൻ എന്നിവരും റൂറൽ എസ്‌പി.യോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇരുഭാഗത്തുനിന്നും പ്രതിഷേധങ്ങൾ ഉയരുന്ന സാഹചര്യത്തിൽ സർക്കാർ നിർദ്ദേശപ്രകാരം നടപടികൾ സ്വീകരിക്കുകയാണ് ഉചിതമെന്ന അഭിപ്രായവും മുതിർന്ന ഉദ്യോഗസ്ഥർ പങ്കുവെക്കുന്നു. പ്രാഥമിക റിപ്പോർട്ട് പൊലീസ് മേധാവിക്ക് നൽകിയശേഷം നിർദ്ദേശങ്ങൾക്കനുസരിച്ച് മാത്രമേ പൊലീസുകാർക്കെതിരേയുള്ള നടപടികളിലേക്ക് നീങ്ങൂവെന്നാണ് സൂചന.

നാലാഴ്ചയ്ക്കകം സംഭവത്തെക്കുറിച്ച് റിപ്പോർട്ട് നൽകാനാണ് മനുഷ്യാവകാശ കമ്മിഷൻ നിർദ്ദേശിച്ചിരിക്കുന്നത്. കുട്ടികളോടുള്ള പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ബാലാവകാശ കമ്മിഷനും റൂറൽ എസ്‌പി.യോട് ആവശ്യപ്പെട്ടിട്ടുണ്ട്. നെയ്യാറ്റിൻകരയിൽ ഭൂമി ഒഴിപ്പിക്കലിനിടെ ദമ്പതികൾ തീകൊളുത്തി മരിച്ച സംഭവത്തിൽ ആത്മഹത്യ ചെയ്തതിനും, കോടതി ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനും നെയ്യാറ്റിൻകര പൊലീസ് കേസെടുത്തത് പ്രതിയായയ ഗ്രേഡ് എസ് ഐയെ രക്ഷിക്കാനായിരുന്നു. സംഭവത്തിൽ വലിയ ഗൂഢാലോചനയും പൊലീസിന്റെ ഭാഗത്ത് നടന്നു. പൊലീസിനെ ഭീഷണിപ്പെടുത്താൻ പെട്രോൾ ഒഴിച്ച രാജനേയും ഭാര്യ അമ്പിളിയേയും പച്ചയ്ക്ക് കത്തിക്കുകയായിരുന്നു പൊലീസ്. അബദ്ധത്തിൽ ചെയ്തതാണിതെന്ന് വാദിക്കാമെങ്കിലും രാജനും അമ്പിളിക്കുമെതിരെ കേസെടുത്തതോടെ കൊലയിലെ ക്രിമിനൽ സ്വഭാവവും കൂടുകയാണ്.

ഗ്രേഡ് എസ് ഐ അനിൽകുമാർ ലൈറ്ററിൽ തട്ടുകയായിരുന്നു. ഇതോടെയാണ് ദേഹത്ത് തീ ആളിക്കത്തിയത്യ. ഇത് അറിയാമായിരുന്നിട്ടും ഇതേ പൊലീസ് രാജനെതിരെ ആത്മഹത്യയ്ക്ക് സ്വമേധായാ കേസെടുത്തു. പോരാത്തതിന് അഭിഭാഷക കമ്മീഷന്റെ മൊഴിയിൽ ജോലി തടസ്സപ്പെടുത്തിയതിനെതിരെയും കേസെടുത്തു. രണ്ടിനും കൂടി ഒറ്റ എഫ്ഐആറാണ് രജിസ്റ്റർ ചെയ്തത്. വലിയ തിരക്കഥകൾ ഇതിന് വേണ്ടി അരങ്ങേറുകയും ചെയ്തു. മാധ്യമങ്ങൾക്ക് മുമ്പിൽ പച്ചക്കള്ളം വിളമ്പുകയും ചെയ്തു. ജപ്തി ചെയ്യാനെത്തിയപ്പോൾ രാജൻ തീകൊളുത്തി. ഭാര്യ തടസ്സപ്പെടുത്താൻ ശ്രമിച്ചു. ഇതിനിടെ രക്ഷാ പ്രവർത്തനത്തിന് ശ്രമിച്ച എസ് ഐയ്ക്കും പരിക്ക് എന്ന തരത്തിലായിരുന്നു വാർത്തകൾ എത്തിയത്. അതായത് രക്ഷാ പ്രവർത്തകനായി ഗ്രേഡ് എസ് ഐയെ മാറ്റി.

രാജനും അമ്പിളിയും രക്ഷപ്പെട്ടാൽ അവരെ ഇനിയും കേസിൽ കുടുക്കാനായിരുന്നു ഇതെല്ലാം. സമ്മർദ്ദങ്ങളിലൂടെ വസ്തു വാങ്ങി കൊടുക്കാനുള്ള തന്ത്രം. ഇത് മനസ്സിലാക്കിയാണ് എന്താണ് സംഭവിച്ചതെന്നുള്ള വീഡിയോ പുറത്തു വിട്ട് രാജന്റെ മക്കൾ സത്യം പുറം ലോകത്ത് എത്തിച്ചത്. ഇതിന് ശേഷവും പൊലീസിനെ രക്ഷിക്കാനായിരുന്നു ശ്രമം. രാജന്റെ ഭൂമിയിൽ നിയമപരമായി സ്വാധീനം നേടാനുള്ള ശ്രമത്തിനൊപ്പം അയൽവാസി പൊലീസിനേയും സ്വാധീനിച്ചിരുന്നു. എന്നാൽ അവർക്ക് ഈ പ്ച്ചയ്ക്ക് കത്തിക്കലിൽ നേരിട്ട പങ്കില്ല. പൊലീസുകാരൻ അനിൽ കുമാറിന് ഉണ്ടുതാനും. ദൃശ്യങ്ങൾ പുറത്തു വന്നിട്ടും ഗ്രേഡ് എസ് ഐയ്ക്കെതിരെ എഫ് ഐ ആർ ഇട്ടിട്ടില്ലെന്നതാണ് വസ്തുത. ഇതും പൊലീസിലെ കള്ളക്കളിക്ക് തെളിവാണ്.

ഡിസംബർ 22-ന് ഹൈക്കോടതി അപ്പീൽ ഹർജി പരിഗണിക്കുന്നതിനുമുമ്പേ നെയ്യാറ്റിൻകര നെട്ടതോട്ടം ലക്ഷംവീട് കോളനിയിൽ രാജന്റെയും ഭാര്യ അമ്പിളിയുടെയും ദേഹത്തേക്ക് തീ പടർന്നിരുന്നു. തൊട്ടുപിന്നാലെ, രാജനെയും കുടുംബത്തെയും ജനുവരി 15 വരെ ഒഴിപ്പിക്കരുതെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുവന്നു. എതിർകക്ഷിക്ക് നോട്ടീസ് അയക്കാനും നിർദ്ദേശിച്ചു. ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് എത്തുന്നതിന് അരമണിക്കൂർമുമ്പാണ് പൊലീസും അഭിഭാഷക കമ്മിഷനും ഒഴിപ്പിക്കലിനെത്തുന്നത്. സ്റ്റേ ഉത്തരവിന്റെ രേഖകൾ എത്തിക്കാമെന്നു പറഞ്ഞിട്ടും അല്പംപോലും കാക്കാതെയാണ് ഉച്ചഭക്ഷണത്തിനു മുന്നിലിരുന്ന രാജനെ പൊലീസ് വീട്ടിൽനിന്ന് വലിച്ചിറക്കിയതെന്നാണ് മക്കളായ രാഹുലും രഞ്ജിത്തും പറയുന്നത്.

അയൽവാസിയുടെ പരാതിയിൽ, ജൂൺ 16-നാണ് രാജനെയും കുടുംബത്തെയും ഒഴിപ്പിക്കാൻ നെയ്യാറ്റിൻകര മുൻസിഫ് കോടതിയുടെ ഉത്തരവുവന്നത്. ഇതിനെതിരേ ഒക്ടോബറിൽ ജില്ലാ കോടതിയിൽ അപ്പീൽ നൽകി. അപ്പീൽ നൽകാൻ വൈകിയതിനാൽ ഇതു പരിഗണിക്കുന്നതിൽ താമസമുണ്ടായി. ഇതിനിടെ, നിലവിലെ ഉത്തരവ് നടപ്പാക്കണമെന്ന് മുൻസിഫ് കോടതി ഉത്തരവിട്ടു. ഇതിനെത്തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇത് മനസ്സിലാക്കി 22ന് മുൻസിഫ് കോടതിയും ഉത്തരവ് താൽകാലികമായി മരവിപ്പിച്ചിരുന്നു.