മലപ്പുറം: ചാരിറ്റിയുടെ മറവിൽ തട്ടിപ്പ് നടത്തിയ ആൾ അറസ്റ്റിൽ. നിലമ്പൂരിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന പാഞ്ചജന്യം ചാരിറ്റബിൾ ട്രസ്റ്റിന്റെ മേധാവി ശ്യാം സുന്ദർ എന്ന രാധാകൃഷ്ണനാണ് അറസ്റ്റിലായത്. പാഞ്ചജന്യം ചാരിറ്റബിൽ ട്രസ്റ്റിന്റെ പേരിലായിരുന്നു തട്ടിപ്പ് നടത്തിയത്. നിലമ്പൂർ കല്ലേമ്പാടത്ത് താമസിക്കുന്ന 75 വയസ്സുള്ള അനാഥ വൃദ്ധയെ ആജീവനാന്ത കാലം സംരക്ഷിക്കെമെന്ന് ഉറപ്പ് നൽകി വൃദ്ധയിൽ നിന്ന് രണ്ട് ലക്ഷം രൂപ കൈപറ്റുകയായിരുന്നു.

പിന്നീട് ഇതേ വൃദ്ധയുടെ ഉടമസ്ഥതിയിലുണ്ടായിരുന്ന 5 സെന്റ് സ്ഥലം വിൽപന നടത്തുകയും അതിൽ നിന്നും രണ്ട് ലക്ഷം രൂപ കൈക്കലാക്കുകയും ചെയ്തു. പണം ലഭിച്ചതോടെ വൃദ്ധയെ സംരക്ഷിക്കാമെന്ന ഉറപ്പ് ഇയാൾ പാലിച്ചില്ല. ഇതോടെയാണ് വൃദ്ധയുടെ പരാതിയിൽ നിലമ്പൂർ പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തത്.

ശ്യാം സുന്ദറിനെതിരെ നേരത്തെയും സമാനമായി കേസുകൾ ഉണ്ടായിരുന്നു. വണ്ടിച്ചെക്ക് നൽകിയതിന്റെ പേരിൽ മൂന്ന് കേസുകൾ ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിലനിൽക്കുന്നുണ്ട്. കോടതിയിൽ ഹാജരാകത്തതിനാൽ ഇയാളുടെ പേരിൽ നിലമ്പൂർ കോടതി സമൻസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. സ്വന്തം ഭാര്യയും പീഡനം ആരോപിച്ച് ശ്യാംസുന്ദറിനെതിരെ പരാതി നൽകിയിരുന്നു.

നിലമ്പൂർ പാടിക്കുന്നിൽ റോഡരികിൽ ഷെഡ് കെട്ടി അമ്മക്കും സഹോദരങ്ങൾക്കുമൊപ്പം പരിപ്പുവട ഉണ്ടാക്കി വിറ്റിരുന്ന ശ്യാം സുന്ദർ പൊടുന്നനെ ചാരിറ്റി പ്രവർത്തനങ്ങളിലേക്ക് തിരിയുകയായിരുന്നു. പിന്നീട് നിലമ്പൂർ ജ്യോതിപ്പടിയിൽ അനാഥമന്ദിരം തുടങ്ങുകയും വിവിധയിടങ്ങളിൽ നിന്ന് പണക്കാരായ മക്കൾ ഉപേക്ഷിച്ച വൃദ്ധരെ അവിരിൽ നിന്ന് പണം കൈപറ്റി ഇവിടെ താമസിപ്പിക്കുകയുമായിരുന്നു. ആജീവനാന്ത കാലം സംരക്ഷിക്കാമെന്ന് ഉറപ്പ് നൽകിയാണ് ഇയാൾ എല്ലാവരിൽ നിന്നും പണം കൈപറ്റിയിരുന്നത്. എന്നാൽ പലരെയും ഇയാൾ ഇടക്ക് സ്ഥാപനത്തിൽ നിന്ന് ഇറക്കി വിടുകയും ചെയ്തു.

ഇതിന് പുറമെ അനാഥരായവരെ സംരക്ഷിക്കാനാണെന്ന് പറഞ്ഞ് നാ്ട്ടുകാരിൽ പണം പിരിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇയാളുടെ സ്ഥാപനത്തിൽ കഴിഞ്ഞിരുന്ന അന്തേവാസികളുടെ ബന്ധുക്കളിൽ നിന്നും ഇയാൾ പണം വലിയ സംഖ്യകൾ സ്വീകരിച്ചിരുന്നു. എന്നാൽ സംരക്ഷണം നൽകാതെ പലരെയും പുറത്താക്കുന്ന അവസ്ഥയുണ്ടായതോടെ പണം നൽകിയ ബന്ധുക്കൾ നൽകിയ പണം തിരിച്ചു ചോദിക്കുകയും ചെയ്തു. ഇത്തരത്തിൽ പണം തിരികെ നൽകിയവർക്കാണ് ഇയാൾ വണ്ടിച്ചെക്ക് നൽകി കബളിപ്പിച്ചത്.

നിരവധി പേരെ ഈ മാതൃകയിൽ വണ്ടിച്ചെക്ക് നൽകി കബളിപ്പിച്ചിരുന്നെങ്കിലും പലരും രക്ഷിതാക്കളെ നേരത്തെ ഇങ്ങനെ പണം നൽകി ഉപേക്ഷിച്ചിരുന്നെന്ന് പുറംലോകം അറിയുമെന്ന മാനക്കേടിനാൽ പുറത്തു പറഞ്ഞില്ല. മൂന്ന് പേർ പൊലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ഇയാളുടെ ഭാര്യയും ഗാർഹിക പീഡനത്തിന് പരാതി നൽകിയിട്ടുണ്ട്. ഇടക്ക് ഇയാൽ ചില നോവലുകളും എഴുതി പ്രസിദ്ധീകരിച്ചിരുന്നു.

സമൂഹത്തിൽ സ്ഥാനം ലഭിക്കാനായി പ്രസാധകർക്ക് പണം നൽകിയാണ് നോവലുകൾ പ്രസിദ്ധീകരിച്ചിരുന്നത്.