കണ്ണൂർ: കാസർകോട് ജില്ലയുടെ അതിർത്തി പഞ്ചായത്തായ ചെങ്കളയിൽ അഞ്ചു വയസുകാരി പനി ബാധിച്ച് മരിച്ചു. ചെങ്കള പഞ്ചായത്ത് നാലാം വാർഡ് പിലാങ്കട്ടയിലാണ് കുട്ടിയും കുടുംബവും താമസിക്കുന്നത്. പനിയും ഛർദിയും ഉണ്ടായതിനെ തുടർന്ന് ഇന്നലെ വൈകിട്ടാണ് കുട്ടിയെ കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. വെള്ളിയാഴ്‌ച്ച രാവിലെയോടെ മരണപ്പെടുകയായിരുന്നു. നിപ്പ ലക്ഷണങ്ങളുള്ളതിനാൽ കുട്ടിയുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

കോഴിക്കോട് നിപ റിപോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് സാംമ്പിൾ പരിശോധനയ്ക്കയച്ചതെന്ന് കണ്ണൂരിലെ ആരോഗ്യ വിഭാഗം അധികൃതർ പറഞ്ഞു. നിപ സംശയം മാത്രമാണെന്നും കോഴിക്കോട് ലാബിൽ നിന്നുള്ള വിവരം നാളെ ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് സമീപ പ്രദേശങ്ങളായ ബദിയടുക്ക, കുംബഡാജെ, ചെങ്കള പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന സ്ഥലങ്ങൾ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

പരിശോധനാ ഫലം ലഭ്യമാകുന്നതുവരെ ആളുകൾ കൂടിയുള്ള എല്ലാ പരിപാടികളും നിർത്തിവയ്ക്കുന്നതായും ആരോഗ്യവിഭാഗം അറിയിച്ചു. ഇവിടത്തെ കോവിഡ് വാക്സിനേഷൻ ക്യാംപുകളും നിർത്തി വച്ചിരിക്കുകയാണ്.