കോട്ടയം: പാലാ സെന്റ് തോമസ് കോളേജിൽ ഇന്നലെ സംഭവിച്ചതെല്ലാം തീർത്തും അപ്രതീക്ഷിതമായ സംഭവം. എല്ലാത്തിനും സാക്ഷി കെടി ജോസ് എന്ന സുരക്ഷാ ജീവനക്കാരനാണ്. ഇനിയും നടുക്കും മാറിയിട്ടില്ല ജോസിന്. നിതിനയെ അഭിഷേക് വകവരുത്തുന്ന് നേരിൽ കണ്ട വ്യക്തി. കോവിഡ് മാനദണ്ഡങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ പോയ സുരക്ഷാ ജീവനക്കാരന് കണ്ടത് അറും കൊലയായിരുന്നു. ഈ ജോസ് തന്നെയാണ് കേസിലെ പ്രധാന സാക്ഷിയും.

രണ്ടു വിദ്യാർത്ഥികൾ മരച്ചുവട്ടിൽ സംസാരിക്കുന്നതു ശ്രദ്ധയിൽപെട്ടതു കൊണ്ടാണു ഗേറ്റിൽനിന്ന് അവരുടെ അടുത്തേക്കു നടന്നതെന്നു കെ.ടി.ജോസ് പറഞ്ഞു. കുട്ടികൾ നിന്നിടത്തുനിന്ന് ഏതാണ്ട് 150 മീറ്റർ അകലെയാണു ഗേറ്റ്. കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ കുട്ടികളെ കൂടിനിന്നു സംസാരിക്കാൻ അനുവദിച്ചിരുന്നില്ല. ഇക്കാര്യം പറയാനാണു പോയത്. എന്നാൽ പെട്ടെന്ന് ആൺകുട്ടി പെൺകുട്ടിയെ പിടിച്ചുതള്ളുന്നതായി കണ്ടു. ഓടിയെത്തിയപ്പോഴേക്കും പെൺകുട്ടി വീണിരുന്നു. അടുത്ത് എത്തിയപ്പോൾ രക്തം തെറിക്കുന്നതാണു കണ്ടത്.

സമീപത്തുണ്ടായിരുന്ന രണ്ട് വിദ്യാർത്ഥികൾ അവൻ അവളെ കുത്തി എന്നു വിളിച്ചു പറയുന്നുണ്ടായിരുന്നു. ഉടനെ പ്രിൻസിപ്പലിനെ വിവരമറിയിച്ചു. അദ്ദേഹവും അദ്ധ്യാപകരും മറ്റു ജീവനക്കാരും ഓടിയെത്തുകയും നിതിനയെ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു ജോസ് പറഞ്ഞു. അതിന് ശേഷവും അഭിഷേകിന് ഒരു ഭാവമാറ്റവും ഉണ്ടായില്ല. പ്രിൻസിപ്പൾ അടക്കമുള്ളവർക്ക് മുന്നിൽ കൂളായി ഇയാൾ പെരുമാറി. എല്ലാം മനസ്സിൽ ഉറപ്പിച്ചതോടെ വന്നു എന്ന തരത്തിലായിരുന്നു മുഖഭാവം.

ബുധനാഴ്ച വൈവയ്ക്ക് എത്തിയപ്പോഴും ഇരുവരും വഴക്കിട്ടതായി സഹപാഠികൾ വ്യക്തമാക്കി. പ്രോജക്ട് റിപ്പോർട്ട് സമർപ്പിക്കാത്തതിനാൽ അഭിഷേകിനു വൈവയ്ക്കു പങ്കെടുക്കാൻ സാധിച്ചില്ല. നിതിനയുടെ സ്‌കൂട്ടർ കീയും മൊബൈൽ ഫോണും ബാഗിൽനിന്ന് അഭിഷേക് എടുത്തു. വൈവ കഴിഞ്ഞ് എത്തിയ അവൾ പലതവണ ചോദിച്ച ശേഷമാണു സ്‌കൂട്ടറിന്റെ കീ തിരിച്ചു കൊടുത്തതെന്നും സഹപാഠികൾ പറയുന്നു. മരിച്ച നിലയിലാണ് നിതിനയെ മരിയൻ മെഡിക്കൽ സെന്ററിൽ എത്തിച്ചത്. വലതു കഴുത്തിലെ മുറിവ് ആഴത്തിലായിരുന്നു. നതിനയുടെ അമ്മ ബിന്ദു ആശുപത്രിയിൽ കരഞ്ഞു തളർന്നുവീണു. തുടർന്ന് അമ്മയെ കാഷ്വൽറ്റിയിലേക്കു മാറ്റുകയും ചെയ്തു.

സഹപാഠിയായ അഭിഷേക് ആക്രമിക്കുമ്പോൾ നിതിന അമ്മ ബിന്ദുവുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. രണ്ടുദിവസമായി അഭിഷേക് മകളുടെ ഫോൺ പിടിച്ചുവച്ചിരിക്കുകയായിരുന്നുവെന്ന് ബിന്ദു പറയുന്നു. ഫോൺകൊടുക്കണമെന്ന് കഴിഞ്ഞദിവസം താൻ അഭിഷേകിനോട് ആവശ്യപ്പെട്ടിരുന്നു. 'ഇന്നലെ പരീക്ഷ കഴിഞ്ഞിറങ്ങിയ ഉടൻ അവൻ ഫോൺ തന്നതായി മോൾ വിളിച്ചുപറഞ്ഞു. ഫോൺ കിട്ടിയപ്പോഴേ ഉള്ള ആ വിളി അവസാനവിളിയാകുമെന്ന് ഞാൻ ഒരിക്കലും ഓർത്തില്ല. ഫോൺ തന്നെങ്കിലും അവൻ എന്നെ പോകാനനുവദിക്കുന്നില്ലെന്ന് നിതിനാമോൾ വിളിച്ചുപറഞ്ഞു. രണ്ട് മിനിറ്റിനുള്ളിൽ നിലവിളിയും കേട്ടു. അവന്റെ ആക്രോശവും മരണവേദനയോടെയുള്ള മോളുടെ കരച്ചിലുമൊക്കെ ഞാൻ ഫോണിലൂടെ കേട്ടു. മരണനിലവിളി കേൾക്കേണ്ടി വന്നല്ലോ എന്റെ ഈശ്വരാ-ഇങ്ങനെ അലമുറയിട്ട് കരയുകയാണ് ഈ അമ്മ.

നിതിനയ്ക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന സംശയമാണ് ക്രൂരകൃത്യത്തിലേക്കെത്തിച്ചതെന്നാണ് അഭിഷേകിന്റെ മൊഴി. മറ്റൊരു യുവാവുമൊത്തുള്ള ചിത്രങ്ങൾ ഫോണിൽ കണ്ടതിനെക്കുറിച്ച് കൃത്യമായ മറുപടി ലഭിച്ചില്ലെന്നും മൊഴിയിൽ പറയുന്നു. നിതിനയെ ഭയപ്പെടുത്താനായാണ് കത്തി കരുതിയതെന്നും സ്വന്തം കൈ ഞരമ്പ് മുറിച്ച് സഹതാപം നേടാമെന്നു കരുതിയെന്നും അഭിഷേക് പറയുന്നു. എന്നാൽ സംഭവം കൊലപാതകത്തിലെത്തുകയായിരുന്നുവെന്നും അഭിഷേകിന്റെ മൊഴിയിലുണ്ട്.