പട്‌ന: എൻഡിഎ സഖ്യം വിട്ട് മഹാഗഡ്ബന്ധൻ സർക്കാരിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് നിതീഷ് കുമാർ. മോദി ഇനി പ്രധാനമന്ത്രിയാകില്ലെന്ന് അദ്ദേഹം പറഞ്ഞു. 2014 ൽ അദ്ദേഹത്തിന് വിജയിക്കാൻ സാധിച്ചു എന്നാൽ 2024 സാധിക്കുമോ എന്നായിരുന്നു നിതീഷിന്റെ ചോദ്യം. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷമായിരുന്നു നിതീഷിന്റെ പ്രതികരണം.

ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നിതീഷ് കുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മഹാഗഡ്ബന്ധൻ സർക്കാരിൽ തേജസ്വി യാദവാണ് ഉപമുഖ്യമന്ത്രി.ഇന്നലെയാണ് നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജി വെയ്ക്കുകയും എൻഡിഎ സഖ്യം അവസാനിപ്പിക്കുകയും ചെയ്തത്. വൈകുന്നേരം നാല് മണിയോടെ നിതീഷ് കുമാർ രാജ്ഭവനിലെത്തി ഗവണർ ഫാഗു ചൗഹാനെ കാണുകയും തുടർന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുകയുമായിരുന്നു.ധീരമായ ചുവടുവെപ്പ് നടത്തിയ രാജ്യത്തെ ഏറ്റവും പരിചയ സമ്പന്നനായ മുഖ്യമന്ത്രിയാണ് നിതീഷ് കുമാറെന്ന് തേജസ്വി യാദവ് പറഞ്ഞു.

നിതീഷുമായി ഇന്നലെ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലായിരുന്നു തേജസ്വിയുടെ പരാമർശം. ബിജെപിക്ക് ആളുകളെ ഭീഷണിപ്പെടുത്തി വിലക്കെടുക്കാൻ മാത്രമേ അറിയൂ. അത്തരത്തിലുള്ള അജണ്ട ബിഹാറിൽ നടപ്പാക്കരുതെന്ന് തങ്ങൾ ആഗ്രഹിച്ചെന്നും തേജസ്വി പറഞ്ഞു. ഇത് എട്ടാം തവണയാണ് ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്.

മന്ത്രിസഭാ വിപുലീകരണം അടുത്ത ദിവസം തന്നെയുണ്ടാകും. മന്ത്രിസഭയിൽ ആർജെഡിക്ക് കൂടുതൽ സീറ്റുകൾ ലഭിക്കുമെന്നാണ് വിവരം. സ്പീക്കർ പദവിയും ആർജെഡിക്കായിരിക്കും. ആഭ്യന്തര വകുപ്പ് തേജസ്വി ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. മന്ത്രിസഭയിലെ മറ്റ് അംഗങ്ങൾ പിന്നീട് സത്യപ്രതിജ്ഞ ചെയ്യും. പട്‌നയിലെ രാജ്ഭവനിൽ വച്ചായിരുന്നു സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി നിതീഷ് കുമാർ ആർജെഡി മേധാവി ലാലു പ്രസാദ് യാദവിനെ ഫോണിൽ വിളിച്ചു. നിതീഷിന്റെ നീക്കത്തെ ലാലു അഭിനന്ദിച്ചു.

ഇന്നലെ രാവിലെ ജെഡി(യു) യോഗത്തിനുശേഷം മുഖ്യമന്ത്രി സ്ഥാനം രാജിവച്ച നിതീഷ് കുമാർ, വൈകിട്ട് തേജസ്വി യാദവിനൊപ്പം ഗവർണർ ഫാഗു ചൗഹാനെ കണ്ട് സർക്കാരുണ്ടാക്കാൻ കത്തുനൽകുകയായിരുന്നു. ധീരമായ ചുവടുവെപ്പ് നടത്തിയ രാജ്യത്തെ ഏറ്റവും പരിചയ സമ്പന്നനായ മുഖ്യമന്ത്രിയാണ് നിതീഷ് കുമാറെന്ന് തേജസ്വി യാദവ് പറഞ്ഞു. നിതീഷുമായി ഇന്നലെ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലായിരുന്നു തേജസ്വിയുടെ പരാമർശം. ബിജെപിക്ക് ആളുകളെ ഭീഷണിപ്പെടുത്തി വിലക്കെടുക്കാൻ മാത്രമേ അറിയൂ. അത്തരത്തിലുള്ള അജണ്ട ബിഹാറിൽ നടപ്പാക്കരുതെന്ന് തങ്ങൾ ആഗ്രഹിച്ചെന്നും തേജസ്വി പറഞ്ഞു.

പുതിയ ഭരണസഖ്യം ഏഴ് പാർട്ടികളുടെ മഹാസഖ്യം ആയിരിക്കുമെന്ന് നിതീഷ് കുമാർ ഇന്നലെ പറഞ്ഞിരുന്നു. ആർജെഡി, ജെഡിയു, കോൺഗ്രസ്, സിപിഐ (എംഎൽ), ഹിന്ദുസ്ഥാനി അവാം മോർച്ച, സിപിഐ, സിപിഎം എന്നീ പാർട്ടികളാണ് സഖ്യത്തിലുള്ളത്. നിതീഷ് കുമാർ ജനവിധിയെ വഞ്ചിച്ചുവെന്ന് ആരോപിച്ച് ബിജെപി ഇന്ന് പട്‌നയിൽ വൻ പ്രതിഷേധം സംഘടിപ്പിച്ചു. ബിഹാറിലെ ജനങ്ങൾ നിതീഷ് കുമാറിനോട് ഒരിക്കലും പൊറുക്കില്ലെന്ന് ബിഹാർ ബിജെപി സംസ്ഥാന അധ്യക്ഷൻ ഡോ. സഞ്ജയ് ജയ്‌സ്വാൾ പറഞ്ഞു.

നിതീഷ്-തേജസ്വി കൂട്ടുക്കെട്ട് ബിഹാറിൽ ഇത് രണ്ടാം തവണയാണ് അധികാരത്തിൽ വരുന്നത്. 2015-ലായിരുന്നു നിതീഷിന്റേയും തേജസ്വിയുടേയും നേതൃത്വത്തിലുള്ള ആദ്യ മഹാസഖ്യ സർക്കാർ അധികാരത്തിലേറിയത്. 2017 ആർജെഡിയുമായുള്ള സഖ്യം ഉപേക്ഷിച്ച നിതീഷ് ബിജെപിയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ടോടെയാണ് നിതീഷ് ബിജെപി സഖ്യം ഉപേക്ഷിച്ച് വീണ്ടും ആർജെഡിയുമായി കൂട്ടുക്കെട്ടുണ്ടാക്കിയത്.