ലോകത്തെ എണ്ണം പറഞ്ഞ മദ്യപാനികളുടെ നാടാണ് റഷ്യ. എന്നാൽ ഇപ്പോൾ മദ്യപാനികളായ റഷ്യക്കാർക്ക് അത്ര സുഖമുള്ള വാർത്തയല്ല അധികൃതർ പുറത്ത് വിടുന്നത്. കോവിഡ് വാക്സിനെടുത്താൽ രണ്ട് മാസം മദ്യപിക്കരുതെന്നാണ് റഷ്യൻ ഭരണകൂടം ജനങ്ങൾക്ക് നൽകുന്ന മുന്നറിയിപ്പ്. റഷ്യൻ ഉപപ്രധാനമന്ത്രി ടാറ്റിയാന ഗോലിക്കോ ടാസ് ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സ്പുട്‌നിക് കോവിഡ് വാക്സിൻ ഫലപ്രദമാകാൻ 42 ദിവസത്തേയ്ക്ക് റഷ്യക്കാർ അധിക മുൻകരുതലുകൾ പാലിക്കേണ്ടതുണ്ടെന്ന് ടാറ്റിയാന പറഞ്ഞു. ആളുകൾ തിരക്കേറിയ സ്ഥലങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കുക, മാസ്കുകൾ ധരിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യത്തോടെയിരിക്കാനും ശക്തമായ രോഗപ്രതിരോധ ശേഷി നേടാനും മദ്യം ഒഴിവാക്കേണ്ടത് വളരെ പ്രധാനമാണെന്നും ടാറ്റിയാന പറയുന്നു. സ്പുട്‌നിക് വാക്സിൻ 90 ശതമാനത്തിലധികം ഫലപ്രദമാണെന്ന് റഷ്യൻ ആരോഗ്യ അധികൃതർ വ്യക്തമാക്കി കഴിഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകത്ത് മദ്യ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണത്തിൽ നാലാമത്തെ വലിയ രാജ്യമാണ് റഷ്യ. ഒരു റഷ്യക്കാരൻ പ്രതിവർഷം ശരാശരി 15.1 ലിറ്റർ (ഏകദേശം 4 ഗാലൻ) മദ്യം ഉപയോഗിക്കുന്നുണ്ടെന്ന് ഏജൻസി പറയുന്നു.

രാജ്യത്ത് കോവിഡ് വാക്സിനേഷനുള്ള റഷ്യയുടെ ശ്രമങ്ങൾ വാരാന്ത്യത്തിൽ മോസ്കോയിൽ ആരംഭിച്ചു. ഒരു ലക്ഷം പേർക്ക് ഇതിനകം കുത്തിവയ്പ് നൽകിയതായി രാജ്യത്തെ ആരോഗ്യ അധികൃതർ കണക്കാക്കുന്നു. "ആഴ്ചാവസാനത്തോടെ രാജ്യത്തെ എല്ലാ പ്രദേശങ്ങളും ഈ കാമ്പെയ്‌ൻ എത്തിചേരും," ടാറ്റിയാന ഗോലിക്കോ പറഞ്ഞു. റഷ്യയിൽ 2.4 ദശലക്ഷം കൊറോണ വൈറസ് കേസുകളും 42,000 ത്തിലധികം മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.