തൃശ്ശുർ: സുഹൃത്ത് പീഡനത്തിനിരയായെന്ന് പരാതിപ്പെട്ട മയുഖ ജോണിക്കെതിരെ കേസെടുത്തതിന് പിന്നാലെ കൂടുതൽ പരാമർശങ്ങളുമായി അന്വേഷണസംഘം.മയുഖയുടെ പരാതിയിൽ ശാസ്ത്രീയമായ തെളിവുകൾ ഒന്നും തന്നെ ഇല്ലെന്നും സാഹചര്യത്തെളിവുകൾ വച്ച് മാത്രമാണെന്നും പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.അന്വേഷണം ശരിയായ ദിശയിൽ അല്ലെന്ന് കാണിച്ച് പീഡനത്തിന് ഇരയായ പെൺകുട്ടി തന്നെ ഹൈക്കോടതിയിൽ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണ റിപ്പോർട്ട് എസ്‌പി. പൂങ്കുഴലി ഹൈക്കോടതിയിൽ സമർപ്പിച്ചത്.

കേസിൽ ശാസ്ത്രീയ തെളിവുകളില്ലെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. സംഭവം നടന്നതായി പറയുന്നത് 2016-ൽ ആണ്.അഞ്ചുവർഷം മുൻപത്തെ ടവർ ലൊക്കേഷനോ ഫോണുമായി ബന്ധപ്പെട്ട സാങ്കേതിക വിവരങ്ങളോ ഇപ്പോൾ ലഭ്യമല്ല. ആ സാഹചര്യത്തിൽ പരാതി ശാസ്ത്രീയമായി തെളിയിക്കാനാവില്ലെന്ന് റിപ്പോർട്ടിൽ പൊലീസ് ചൂണ്ടിക്കാണിക്കുന്നു.പീഡനത്തിന് ഇരയായ പെൺകുട്ടിയെ പരിശോധിച്ച ഡോക്ടറുടെ മൊഴിയടക്കം പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഈ കാര്യങ്ങൾ അടക്കമുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയാണ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

പ്രതി ആശുപത്രിയിൽ എത്തിയതായി പറയുന്നുണ്ട്. ആ സമയത്ത് ആശുപത്രിയിൽനിന്ന് ഏകദേശം അഞ്ചു കിലോമീറ്റർ അകലെയായിരുന്നു പ്രതിയുടെ മൊബൈലിന്റെ ടവർ ലൊക്കേഷൻ എന്നാണ് ഇപ്പോൾ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇതൊക്കെ ചൂണ്ടിക്കാട്ടിയാണ് ശാസ്ത്രീയമായി കേസ് തെളിയിക്കാനാവില്ലെന്ന് അന്വേഷണസംഘം കോടതിയെ ധരിപ്പിച്ചത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുന്നില്ലെന്നും സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് ഇപ്പോൾ അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നതെന്നും പൂങ്കുഴലി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. അതിനാൽതന്നെ ഇതിൽ വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു.

2016-ലാണ് പരാതിക്ക് ആസ്പദമായ സംഭവം നടക്കുന്നത്. പ്രതി പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും നഗ്‌നചിത്രങ്ങൾ എടുത്തുവെന്നുമാണ് പരാതി. പരാതിയിൽ അന്വേഷണം മുന്നോട്ടു പോകുന്നില്ലെന്നും ഒതുക്കിത്തീർക്കാൻ ശ്രമം നടക്കുന്നതായും മയൂഖാ ജോണി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പീഡനത്തിന് ഇരയായ പെൺകുട്ടി, അന്വേഷണം ശരിയായ ദിശയിലല്ലെന്ന് കാണിച്ച് ഹൈക്കോടതിയിൽ പരാതി നൽകിയത്.