ന്യൂഡൽഹി: ഗൾഫ് നാടുകളിലേക്ക് അടക്കം ഇന്ത്യ ഗോതമ്പും അരിയും കയറ്റുമതി ചെയ്യുന്നത് വ്യാപകമാക്കിയിരുന്നു. ഇതിനിടെ ആഭ്യന്തര ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്താനായി കയറ്റുമതിയിൽ നിയന്ത്രണങ്ങൾ കൊണ്ടുവരികയും ചെയ്തു. ഇതിനിടെയാണ് ഇന്ത്യ ആറ് മാസത്തിനുള്ളിൽ ഗോതമ്പ് ഇറക്കുമതി ചെയ്യുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. എങ്ങനെ പുറത്തുവന്ന വാർത്തകൾ തള്ളിക്കൊണ്ട് കേന്ദ്രസർക്കാർ രംഗതതുവന്നു. ഗോതമ്പ് ഇറക്കുമതി ചെയ്യാൻ യാതൊരു ഇന്ത്യ ഉദ്ദേശിച്ചിട്ടില്ലെന്നും രാജ്യത്തിന് ആവശ്യമായ ഗോതമ്പു ശേഖരം എഫ്‌സിഐ ഗോഡൗണുകളിലുണ്ടെന്നുമാണ് കേന്ദ്ര ഭക്ഷ്യ സുരക്ഷാ വിഭാഗം വ്യക്തമാക്കിയത്.

യുക്രൈൻ - റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ലോകത്ത് ഗോതമ്പുക്ഷാമം ഉണ്ടായേക്കുമെന്ന ഭീഷണിക്കിടയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞെട്ടിക്കുന്ന പ്രഖ്യാപനം അടക്കം നടത്തി ലോകത്തെ അമ്പരപ്പിച്ചിരുന്നു. 'ലോകത്തിന്റെ പട്ടിണി മാറ്റാൻ ഇന്ത്യയുണ്ട്.' മുൻവർഷങ്ങളിൽ ഇന്ത്യയിൽ ധാന്യോത്പാദനത്തിലുണ്ടായ വലിയ വർധനവായിരുന്നു മോദിയെ ഇങ്ങനെ പറയാൻ പ്രേരിപ്പിച്ചത്. എന്നാൽ ഇതിന് ശേഷം നാലു മാസത്തിനിപ്പുറം ഗോതമ്പ് ഇറക്കുമതി ചെയ്യാൻ ഒരുങ്ങുകയാണ് ഇന്ത്യയെന്നാണ് പുറത്തുവന്ന വാർത്തഖൾ.

അതേസമയം, ലോകത്തിന് ധാന്യങ്ങൾ നൽകാൻ ഇന്ത്യ തയ്യാറാണെന്ന് മോദി പ്രഖ്യാപിക്കുന്നതിനു മുൻപു തന്നെ ധാന്യക്ഷാമത്തിന്റെ ലക്ഷണങ്ങൾ ഇന്ത്യയിൽ തുടങ്ങിയിരുന്നു. മാർച്ച് മാസത്തിൽ തുടങ്ങിയ ഉഷ്ണതരംഗമാണ് ഗോതമ്പ് ഉത്പാദനത്തിന് തിരിച്ചടിയായത്. ഇതോടെ വിലക്കയറ്റവും രൂക്ഷമായി. മുൻവർഷങ്ങളിലുണ്ടായ ഉയർന്ന ഉത്പാദനം വലിയ തോതിൽ സർക്കാരിനെ സഹായിച്ചതുമില്ല. മെയ് മാസം പകുതിയോടെ ഗോതമ്പിന്റെ കയറ്റുമതി നിർത്തിവെക്കുമെന്ന ഇന്ത്യയുടെ പ്രഖ്യാപനം രാജ്യാന്തരതലത്തിൽ തന്നെ വാർത്തയായിരുന്നു.

ഓഗസ്റ്റ് മാസത്തിൽ സർക്കാർ കലവറകളിലെ ഗോതമ്പ് ശേഖരം 14 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണെന്നാണ് കണക്കുകൾ. കൂടാതെ ഗോതമ്പിന്റെ വിലക്കയറ്റവും 12 ശതമാനം കടന്നിട്ടുണ്ട്.ഈ സാഹചര്യത്തിൽ വിദേശത്തു നിന്ന് ഗോതമപ് ഇറക്കുമതി ചെയ്യാനും രാജ്യത്തെ മില്ലുകളെ സഹായിക്കാനായി 40 ശതമാനം ഇറക്കുമതി തീരുവ എടുത്തുകളയാനുമാണ് സർക്കാർ ഒരുങ്ങുന്നതെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്.

നിലവിലെ സാഹചര്യത്തിൽ വിദേശത്തു നിന്ന് ഗോതമ്പ് ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ പരിഗണിക്കണമെന്നും എന്നാൽ വിലയിലെ വ്യത്യാസം പരിഹരിക്കാനായി ഇറക്കുമതി തീരുവയിൽ ഇളവ് നൽകേണ്ടി വരുമെന്നുമാണ് വിദഗ്ദ്ധർ വ്യക്തമാക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ഗോതമ്പിന്റെ വിലയിലുണ്ടാകുന്ന കുറവും ഇന്ത്യയ്ക്ക് നിലവിലെ സാഹചര്യത്തിൽ അനുകൂലമായേക്കും.

ലോകത്തെ രണ്ടാമത്ത ഏറ്റവും വലിയ ഗോതമ്പ് ഉത്പാദകരാണ് ഇന്ത്യ. എന്നൽ ഗോതമ്പ് കയറ്റുമതിയിൽ ഒരിക്കലും ഇന്ത്യ മുൻനിരയിലായിരുന്നില്ല. ഈ സാഹചര്യത്തിലാണ് മോദിയുടെ പ്രഖ്യാപനം ഉണ്ടായത് എന്നതാണ് ശ്രദ്ധേയം. ആഭ്യന്തര ഉത്പാദനത്തിന്റെ അയ്യായിരത്തിലൊന്ന് മാത്രമാണ് ഇന്ത്യ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്ന ഗോതമ്പിന്റെ അളവ്.

ഈ വർഷം ഇന്ത്യയ്ക്ക് 11.1 കോടി ടൺ ഗോതമ്പ് ഉത്പാദിപ്പിക്കാനാകുമെന്നായിരുന്നു ഫെബ്രുവരിയിലെ കണക്ക്. എന്നാൽ ഉത്പാദനം 10.7 കോടി ടൺ മാത്രമായിരിക്കുമെന്നാണ് നിലവിലെ പ്രതീക്ഷ. അതേസമയം, 9.8 കോടി ടൺ മുതൽ 10.2 കോടി ടൺ വരെ മാത്രം ഗോതമ്പ് ഉത്പാദിപ്പിക്കാനേ ഇന്ത്യ്ക്ക് കഴിയൂ എന്നാണ് മില്ലുടമകൾ അടക്കമുള്ളവർ പറയുന്നത്. സർക്കാർ നിയന്ത്രണത്തിലുള്ള ഭക്ഷ്യവിതരണത്തിനായി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പകുതി അളവ് ഗോതമ്പ് മാത്രം സംഭരിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നതെന്നുമായിരുന്നു വാർത്തകൾ.ട

അതേസമയം പുറത്തുവന്ന ഈ വാർത്തകൾ തള്ളുകയാണ് കേന്ദ്രസർക്കാർ ചെയ്തിരിക്കുന്നത്. ഗോതമ്പ് ഇറക്കുമതിക്ക് യാതൊരു ഉദ്ദേശ്യവുമില്ലെന്ന് കേന്ദ്ര വിതരണ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന് ആവശ്യമായ സ്റ്റോക്ക് നിലവിൽ ഉണ്ടെന്നും കേന്ദ്രം ആവർത്തിച്ചു അറിയിച്ചിരിക്കയാണ്.