വഡോദര: നോൺ വെജ് ഭക്ഷണ സാധാനങ്ങൾ പൊതുസ്ഥലത്ത് പ്രദർശിപ്പിച്ച് വിൽക്കുന്നത് വിലക്കി ഗുജറാത്തിലെ വഡോദര മുനിസിപ്പൽ കോർപ്പറേഷൻ. നഗരത്തിലെ വഴിയോര കടകളും, ഭക്ഷണ ശാലകളും ഇത്തരത്തിൽ മത്സ്യവും മാംസവും പരസ്യമായി പ്രദർശിപ്പിച്ച് വിൽക്കരുത് എന്നാണ് വഡോദര മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹിതേന്ദ്ര പട്ടേൽ വാക്കാൽ നിർദ്ദേശം നൽകിയിരിക്കുന്നത്.

മതവികാരവുമായി ബന്ധപ്പെട്ട വിഷയമാണ് ഇതെന്നാണ് പട്ടേൽ പറയുന്നത്. മത്സ്യം, മാംസം, മുട്ട എന്നിവ ഉൾപ്പടെ എല്ലാ നോൺ വെജ് ഭക്ഷണശാലകളും തട്ടുകടകളും വഴി വ്യാപാരങ്ങളും 15 ദിവസത്തിനുള്ളിൽ പൊതുഇടങ്ങളിൽ പ്രദർശിപ്പിച്ച് വിൽക്കുന്നത് അവസാനിപ്പിക്കണമെന്ന് പട്ടേൽ പറഞ്ഞു. ഇതിനായി നഗരസഭ ജീവനക്കാർക്ക് നിർദ്ദേശം നൽകിയെന്നാണ് റിപ്പോർട്ട്.

ഭക്ഷണശാലകളിലെ ഭക്ഷണങ്ങൾ പ്രധാനമായും മത്സ്യം, മാംസം മുട്ട തുടങ്ങിയ വിൽക്കുന്നവർ അത് നന്നായി മൂടിയിട്ടുണ്ടെന്ന് ഉറപ്പാക്കുമെന്ന് പട്ടേൽ മാധ്യമങ്ങളോട് പറഞ്ഞു. ശുചിത്വം ഉറപ്പാക്കാൻ അത് അത്യവശ്യമാണ്. പ്രധാന റോഡുകളുടെ സമീരത്തുള്ള കടകൾ അവിടെ നിന്നും നീക്കം ചെയ്യുമെന്നും ഇദ്ദേഹം പറഞ്ഞു.

അതേ സമയം സുതാര്യമായ കവർ ഉപയോഗിച്ച് പൊതിഞ്ഞ് നോൺ വെജ് പ്രദർശിപ്പിക്കുന്നത് അനുവദിക്കുമോ എന്ന ചോദ്യത്തിന് പട്ടേൽ നൽകിയ മറുപടി ഇങ്ങനെയാണ്, മാംസാഹാരം വിൽപ്പനയ്ക്കായി പ്രദർശിപ്പിക്കുന്നത് ശീലമായിരിക്കാം, എന്നാൽ അത് തിരുത്തേണ്ട സമയം ആയിരിക്കുന്നു. പച്ചമാംസവും മുട്ടയും വിൽക്കുന്ന കടകൾക്ക് ഇത് ബാധകമാണ് എന്ന് പട്ടേൽ പറയുന്നു.

15 ദിവസത്തിനകം ഇത് പാലിക്കാത്ത കടകൾക്ക് പിഴ ചുമത്തും. ഈ തീരുമാനം ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. എന്നാൽ വഡോദര മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി തീരുമാനം സംബന്ധിച്ച് അറിയിപ്പ് കിട്ടിയില്ലെന്നാണ് മുനിസിപ്പൽ കമ്മീഷ്ണറും, ഭരണവിഭാഗം ഉദ്യോഗസ്ഥരും പറയുന്നതെന്ന് ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് പറയുന്നു.

ഏതാനും ദിവസം മുൻപ് സമാനമായ ഉത്തരവ് ഗുജറാത്തിലെ രാജ്‌കോട്ട് നഗരസഭ മേയർ പുറപ്പെടുവിച്ചിരുന്നു. നോൺവെജ് ഭക്ഷണ സാധനം വിൽക്കുന്ന സ്റ്റാളുകൾ മാംസ ഭക്ഷണം വിൽക്കുന്ന പ്രത്യേക സ്ഥലങ്ങളിലേക്ക് മാറ്റണമെന്നാണ് ഉത്തരവ് രാജ്‌കോട്ട് നഗരസഭ പുറപ്പെടുവിച്ചത്.