കൊച്ചി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന കേരളാ കോൺഗ്രസ്സ് യോഗത്തിൽ വൻ പൊട്ടിത്തെറി. എൻ.ഡി.എയിലാണോ യു.ഡി.എഫിലാണോ ഇപ്പോൾ പാർട്ടി എന്ന് വ്യക്തമാക്കണമെന്ന് പറഞ്ഞാണ് യോഗത്തിൽ പ്രശ്നങ്ങൾ ഉടലെടുത്തത്. വൈറ്റില അനുഗ്രഹാ ഹോട്ടലിൽ നടന്ന എറണാകുളം ജില്ലാ കമ്മിറ്റി യോഗത്തിൽ പാർട്ടി സംഘടനാ ചുമതല വഹിക്കുന്ന സംസ്ഥാന ജനറൽ സെക്രട്ടറി പി.ജെ ബാബുവാണ് വിശദീകരണം ചോദിച്ചത്. എന്നാൽ പാർട്ടി ചെയർമാൻ പി.സി തോമസ് ഉത്തരം നൽകിയില്ല. എൻ.ഡി.എയിലും യു.ഡി.എഫിലും ഇല്ലാത്തതിനാൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് പ്രവർത്തകർക്ക് മത്സരിക്കാൻ അവസരം ലഭിച്ചില്ല എന്നും ബാബു കുറ്റപ്പെടുത്തി. ആരുടെയും പിൻതുണയില്ലാതെ പാർട്ടി ചിഹ്നമായ കസേരയിൽ നിന്ന് മത്സരിക്കാനാണ് പി.സി തോമസ് പറഞ്ഞത്. എന്നാൽ അങ്ങനെ നിന്നാൽ ഒരാൾ പോലും ജയിക്കില്ല എന്നും ബാബു പറഞ്ഞു. എത്രയും വേഗം പാർട്ടി എൻ.ഡി.എയ്ക്കൊപ്പമാണോ യു.ഡി.എഫിനൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്നും ബാബു ആവശ്യപ്പെട്ടു.

കേരളാ കോൺഗ്രസ് പ്രവർത്തകർക്ക് ആകെ കിട്ടുന്ന അവസരമാണ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കുക എന്നത്. എൻ.ഡി.എ മുന്നണി വിടുകയാണ് എന്ന് പറഞ്ഞതോടെ കൊച്ചി കോർപ്പറേഷനിൽ വാഗ്ദാനം ചെയ്ത അഞ്ചോളം സീറ്റുകൾ നഷ്ടമായി. യു.ഡി.എഫിൽ ചേരാൻ പോയിട്ട് അവർ അടുപ്പിക്കുന്നുമില്ല. ഇതോടെ അണികളുടെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടു. ജോസഫ് പക്ഷവുമായി ചേർന്നു പോകാൻ കഴിയില്ലാത്തതിനാൽ ഒരു മുന്നണിയിലും പ്രവർത്തിക്കാൻ കഴിയാതെ നിൽക്കുകയാണ്. അണകളെല്ലാം വലിയ ആശങ്കയിലുമാണ്. അതിനാലാണ് ജില്ലാ കമ്മറ്റിയിൽ പാർട്ടീ നയം വ്യക്തമാക്കാൻ ആവശ്യപ്പെട്ടതും. എന്നാൽ ചെയർമാൻ മൗനം പാലിക്കുകയായിരുന്നു എന്നും ബാബു മറുനാടനോട് പറഞ്ഞു.

നിലവിൽ എൻഡിഎയ്ക്കൊപ്പമാണ് കേരളാ കോൺഗ്രസ്. വേണ്ട പരിഗണന ലഭിക്കുന്നില്ലാത്തതിനാൽ എൻ.ഡി.എ വിടുകയാണെന്ന് പി.സി തോമസ് പറഞ്ഞിരുന്നു. എന്നാൽ എൻ.ഡി.എയിൽ നിന്നും ഔദ്യോഗികമായി വിട്ടു പോകാതെ യു.ഡി.എഫുമായി ചർച്ച നടത്തുകയായിരുന്നു. കേരളാ കോൺഗ്രസ് ജോസഫ് പക്ഷവുമായി ചേർന്നാൽ യു.ഡി.എഫിലേക്ക് വരാമെന്നായിരുന്നു ചർച്ചയിൽ തീരുമാനം. എന്നാൽ അതിന് അണികൾ തയ്യാറല്ലായിരുന്നു. ഇതോടെ യു.ഡി.എഫിലേക്കുള്ള വഴി അടയുകയായിരുന്നു. ഇനി ഏതു മുന്നണിയിൽ പോകുമെന്നറിയാതെ പകച്ചു നിൽക്കുകയാണ് പി.സി തോമസ്.

എൻഡി.എയുമായി ചേരുമ്പോൾ പല മോഹന വാഗ്ദാനങ്ങളും നൽകിയിരുന്നു. പക്ഷേ ഒരു സ്ഥാനവും ലഭിച്ചില്ല. മോദി വീണ്ടും അധികാരത്തിൽ വന്നു. കേന്ദ്ര ബോർഡിലും, കോർപറേഷനുകളിലും പദവികൾ മോഹിച്ച് കാത്തിരിക്കാൻ തുടങ്ങിയിട്ട് ആറു വർഷം. ഒടുവിൽ പാർട്ടി പ്രവർത്തകർ പോലും മടുത്തു. അതിനാലാണ് അവഗണന സഹിച്ച് എൻഡിഎയിൽ തുടരുന്നതിനോട് യോജിപ്പില്ലെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.സി തോമസ് പറഞ്ഞത്. അന്നു മുതൽ യു.ഡി.എഫിൽ ചേരാൻ ശ്രമങ്ങൾ തുടരുകയായിരുന്നു. എന്നാാൽ അതും ഇപ്പോൾ അടഞ്ഞിരിക്കുകയാണ്.

അതേസമയം ജോസ് കെ.മാണിയെ വാഗ്ദാനങ്ങൾ നൽകി സിപിഐഎം വഞ്ചിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണിയിൽ കേരളാ കോൺഗ്രസുകൾക്ക് പിടിച്ചുനിൽക്കാൻ കഴിയില്ല എന്നാണ് മുൻ അനുഭവം. ഐക്യകേരളാ കോൺഗ്രസ് അടഞ്ഞ അധ്യായമാണെന്നും പി.സി തോമസ് പറഞ്ഞിരുന്നു