തിരുവനന്തപുരം: സ്വർണക്കടത്തും ഡോളർ കടത്തും അന്വേഷിക്കുന്ന കേന്ദ്ര ഏജൻസികൾക്കെതിരെയുള്ള ജുഡീഷ്യൽ അന്വേഷണ വിഷയങ്ങളിൽ സർക്കാർ വിജ്ഞാപനം പുറത്തിറങ്ങി. കമ്മീഷൻ പരിശോധിക്കേണ്ട വിഷയങ്ങളാണ് വിജ്ഞാപനത്തിൽ പറയുന്നത്. ഹൈക്കോടതി റിട്ട. ജഡ്ജി വികെ മോഹനനെയാണ് ജുഡീഷ്യൽ കമ്മീഷനായി നിയമിച്ചിരിക്കുന്നത്. കേന്ദ്ര ഏജൻസികൾക്കെതിരെ സമഗ്രമായ അന്വേഷണം നടത്താനാണ് കമ്മീഷന് നിർദ്ദേശം ലഭിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയെ പ്രതി ചേർക്കാൻ സമ്മർദ്ദമുണ്ടായെന്ന സ്വപ്ന സുരേഷിന്റെ ഫോൺ സംഭാഷണം, മന്ത്രിമാരേയും സ്പീക്കറെയും പ്രതിചേർക്കാൻ ശ്രമമുണ്ടായെന്ന സന്ദീപ് നായരുടെ വെള്ളിപ്പെടുത്തൽ ഉൾപെടെ അഞ്ച് പരിഗണനാ വിഷയങ്ങളാണ് കമ്മീഷന്റെ പരിധിയിൽ വരുന്നത്. ഈ വിഷയങ്ങളിൽ കസ്റ്റംസ്, എൻഫോഴ്സ്മെന്റിനെതിരെ കമ്മീഷൻ അന്വേഷണം നടത്തും. വിജ്ഞാപനം ഇറങ്ങി ആറ് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.

സ്വർണക്കടത്തു കേസിലെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം സംസ്ഥാന സർക്കാരിനെതിരെയുള്ള മനഃപൂർവമായ നീക്കമായി ആരോപിച്ചാണ്് അന്വേഷണ കമ്മിഷനെ നിയമിച്ചത്. കമ്മിഷൻ ഓഫ് എൻക്വയറി ആക്ട് 1952 അനുസരിച്ചായിരുന്നു നടപടി.

ആറു മാസമാണ് കമ്മിഷന്റെ കാലാവധി. ജൂലൈ മുതൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുകയാണെങ്കിലും ഉദ്ദേശ്യത്തിൽനിന്ന് വ്യതിചലിച്ചുള്ള അന്വേഷണമാണ് നടത്തുന്നതെന്നും സ്വപ്നയുടേയും സന്ദീപിന്റെയും ജയിലിൽനിന്നുള്ള വെളിപ്പെടുത്തലോടെ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടായെന്നും വിശദീകരണക്കുറുപ്പിൽ ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കുന്നു.

അന്വേഷണ കമ്മിഷന്റെ പരിഗണനാ വിഷയങ്ങൾ:

* മുഖ്യമന്ത്രിയെ ഗുരുതരമായ ക്രിമിനൽ കുറ്റകൃത്യങ്ങളിൽ പ്രതിചേർക്കാനുള്ള ശ്രമമുണ്ടായി എന്ന സ്വപ്ന സുരേഷിന്റെ ശബ്ദശകലത്തിലെ വസ്തുതകൾ അന്വേഷിക്കുക

* മന്ത്രിസഭയിലെ അംഗങ്ങളെയും സ്പീക്കറെയും ക്രിമിനൽ കേസിൽ പ്രതിചേർക്കാൻ ശ്രമമുണ്ടായെന്ന സന്ദീപ് നായരുടെ കത്തിലെ കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കുക.

* സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളെ ഏതെങ്കിലും ഗുരുതരമായ ക്രിമിനൽ കുറ്റങ്ങളിൽ തെറ്റായി പ്രതിചേർക്കുന്നതിനു ഗൂഢാലോചന നടത്തിയോ എന്ന് അന്വേഷിക്കുക.

*ഗൂഢാലോചന നടത്തിയതായി കണ്ടെത്തിയാൽ, ഗൂഢാലോചനയ്ക്കു പിന്നിലെ വ്യക്തികളെ കണ്ടെത്തുക.

* കമ്മിഷന് ഉചിതവും ശരിയാണെന്നും തോന്നുന്ന ഇതുമായി ബന്ധപ്പെട്ട മറ്റേതു വസ്തുതകളെപ്പറ്റിയും അന്വേഷിക്കുക.