തലശേരി: ബന്ധുക്കൾ എത്തിച്ചു നൽകിയ പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ തലശ്ശേരി കൂയ്യാലിയിലെ വ്യവസായ പ്രമുഖനെ ധർമ്മടം പൊലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരിയിലും, ഗൾഫിലുമായി നിരവധി സ്ഥാപനങ്ങളുടെ ഉടമയായ ഷറാറ ഷറഫുദ്ദീനെയാണ് ധർമ്മടം പൊലീസ് ഇൻസ്‌പെക്ടർ അബ്ദുൽകരീമും സംഘവും കഴിഞ്ഞ ദിവസം വീട്ടിലെത്തി പിടികൂടിയത്.

സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി തലശേരി പോക്‌സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ കുറ്റാരോപിതനായ മുഴപ്പിലങ്ങാട് സ്വദേശിയും ഇപ്പോൾ കതിരൂരിൽ താമസക്കാരനുമായ 38 വയസുതാര ഞായറാഴ്ച കതിരൂർ സിഐ സിജു അറസ്റ്റ് ചെയ്തിരുന്നു.

ഇയാളുടെ ഭാര്യ കൈ കുഞ്ഞിനോടൊപ്പം ഒളിവിൽ പോയതായും പൊലീസ് അറിയിച്ചു. പെൺകുട്ടി പൊലീസിനും, ഡോക്ടർക്കും നൽകിയ മൊഴിയിലാണ് ഷറഫുദ്ദീൻ വീട് നിർമ്മിച്ചു നൽകാമെന്നും, പണം തരാമെന്നും പറഞ്ഞ് പീഡിപ്പിക്കാൻ ശ്രമിച്ചതായും, ഇളയമ്മയുടെ ഭർത്താവും, ഇളയമ്മയും ഇതിനു കൂട്ടുനിന്നതായും കുട്ടി മൊഴി നൽകിയത്.

തുടർന്ന് കതിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ധർമ്മടം പൊലീസിന് കൈമാറി. മുഴപ്പിലങ്ങാട് സ്വദേശിയും കതിരൂർ ആറാം മൈലിലെ താമസക്കാരനുമായ 38 കാരനെ കതിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ 164 വകുപ്പ് പ്രകാരം മജിസ്‌ട്രേറ്റ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പെൺകുട്ടിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയയാക്കി. കഴിഞ്ഞ മാർച്ച് 25നാണ് കേസിനാസ്പദമായ സംഭവം.

അസ്വസ്ഥത പ്രകടിപ്പിച്ച പെൺകുട്ടിയെ ബന്ധുവായ യുവാവ് മുൻകൈയെടുത്ത് കൗൺസിലിംഗിന് വിധേയമാക്കിയതോടെയാണ് നാടിനെ നടുക്കിയ പീഡന വിവരം പുറത്തുവന്നത്. പോക്‌സോ വകുപ്പ് പ്രകാരം തട്ടിക്കൊണ്ടുപോകൽ, ലൈംഗിക പീഡനശ്രമം തുടങ്ങിയ കുറ്റകൃത്യങ്ങൾക്കാണ് പൊലീസ് കേസുകൾ രജിസ്റ്റർ ചെയ്തത്.

ഷറാറ ഷറഫുദ്ദീനെതിരെ നേരത്തെയും പരാതികൾ ഉയർന്നിരുന്നു. ഒരു തവണ ബിജെപി നഗരസഭ കൗൺസിലറുടെ നേതൃത്വത്തിൽ ഇയാളെ ഓഫീസിൽ കയറി അടിച്ചു വീഴ്‌ത്തുകയും ചെയ്തിരുന്നു. അന്ന് കഴുത്തിനു സാരമായി പരിക്കേറ്റ വ്യവസായി ഏറെനാളായി ചികിത്സയിലായിരുന്നു.