തിരുവനന്തപുരം: പ്രവാസ ലോകത്ത് അഭിമാനമായി മാറിയ നിരവധി മലയാളി പ്രവാസികൾ ഉണ്ട്. മലയാളികളെ സഹായിച്ചു കൊണ്ടു തന്നെ വൻ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തവർ. എന്നാൽ, ഇക്കൂട്ടരിൽ നിന്നും വ്യത്യസ്തരായി അതിവേഗത്തിൽ പണമുണ്ടാക്കാൻ തട്ടിപ്പു വെട്ടിപ്പുമായി കഴിയുന്ന ചില വ്യവസായികളും യുഎഇയിൽ അടക്കമുണ്ട്. നിരവധി പേരാണ് ഇത്തരം തട്ടിക്കൂട്ടു കമ്പനികളുടെ ചതിയിൽ പെട്ട് വഴിയാധാരം ആയിരിക്കുന്നത്. ഇത്തരത്തിൽ മലയാളികൾ അടക്കം പതിനായിരക്കണക്കിന് തൊഴിലാളികളെ പെരുവഴിയിലാക്കി മലയാളി വ്യവസായി യുഎഇയിൽ നിന്നും മുങ്ങിയിരിക്കയാണ്.

ബിവർ ഗൾഫ് ഗ്രൂപ്പ് കമ്പനിയുടെ ഉടമയായ രാജേഷ് കുമാർ കൃഷ്ണയാണ് ഇന്ത്യക്കാരും ബംഗ്ലാദേശികളും ശ്രീലങ്കക്കാരും അടക്കമുള്ള തൊഴിലാളികളെ വഞ്ചിച്ച് മുങ്ങിയിരിക്കുന്നത്. വൻതുക ബാങ്ക് വായ്‌പ്പ എടുത്ത ശേഷം ഈ തുക തിരിച്ചടക്കാതെയാണ് രാജേഷ് മുങ്ങിയിരിക്കുന്നത്. പതിനായിരത്തോളം വരുന്ന തൊഴിലാളികൾക്ക് അഞ്ച് മാസത്തെ ശമ്പള കുടിശ്ശികയാണ് ഇയാൾ നൽകാനുള്ളത്. കോവിഡ് പ്രതിസന്ധിക്കിടെ ശമ്പളം കൂടി കിട്ടാതെ വന്നതോടെ ആത്മഹത്യയുടെ വക്കിലാണ് ഈ തൊഴിലാളികൾ.

യുഎഇയിലെ വിവിധ എമിറേറ്റുകളിൽ വ്യത്യസ്ത കമ്പനികൾ നടത്തുകയായിരുന്നു കൊച്ചി സ്വദേശിയ രാജേഷ് കുമാർ കൃഷ്ണ. ബിവർ ഗൾഫ് ഗ്രൂപ്പിന് കൂടാതെ നിരവധി കമ്പനികളും ഇയാൾ വിവിധ എമിറേറ്റുകളിലായി ഉണ്ടായിരുന്നു. ദുബായ്, അബുദാബി, ഉമ്മുൽഖുവൈൻ എന്നിവിടങ്ങളിൽ കെട്ടിട നിർമ്മാണം, അഡ്വർടൈസ്‌മെന്റ്, പ്രീ കാസ്റ്റ്, മാർബിൾ ഗ്രാനൈറ്റ് കമ്പനികളാണ് ഇയാൾ നടത്തിയത്. പല വമ്പൻ കമ്പനികളുടെയും പ്രൊജക്ടുകൾ വിപണി നിരക്കിനേക്കാൾ കുറഞ്ഞ തുകയ്ക്ക് കരാർ ഏറ്റെടുത്ത ശേഷം അവരോട് വൻ തുക മുൻകൂറായി വാങ്ങുകയും ഈ പദ്ധതികൾ കാണിച്ച് അഞ്ചോളം ബാങ്കുകളിൽ നിന്ന് ഭീമമായ തുക വായ്പയെടുക്കുകയും ചെയ്ത ശേഷവുമാണ് രാജേഷ് മുങ്ങിയിരിക്കുന്നത്.

ഉയർന്ന തുക ഈടാക്കേണ്ടിയിരുന്ന കരാറുകൾ പോലും കുറഞ്ഞ തുക ക്വാട്ട് ചെയ്താണ് രാജേഷ് സ്വന്തമാക്കിയത്. ഇതിന് ശേഷം കമ്പനികളിൽ നിന്നും ആദ്യഘടുവായി പണം വാങ്ങിയ ശേഷം മറ്റ് വിവിധ കമ്പനികൾക്ക് ഉപകരാർ നൽകുകയായിരുന്നു. ഈ മിഡിൽമാൻ കളിയിൽ കമ്പനികൾക്കൊപ്പം തൊഴിലാളികളും ദുരിതത്തിലായി. അഞ്ച് മാസത്തെ ശമ്പളം കിട്ടാതെ ബുദ്ധിമുട്ടിലായ ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലെ തൊഴിലാളികളാണ് ഇനി എന്തു ചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലായത്.

ഇവരിൽ ഉയർന്ന തസ്തികകളിൽ ജോലി ചെയ്യുന്ന മികച്ച ശമ്പളം വാങ്ങിയിരുന്നവർ വരെയുണ്ട്. തൊഴിലാളികൾ കഴിഞ്ഞ ദിവസം കമ്പനിക്ക് മുന്നിൽ സമരം ചെയ്തതോടെ ഉടമ മുങ്ങിയ കാര്യം പുറം ലോകമറിയുകയായിരുന്നു. ഇയാൾ യുഎഇ വിട്ടത് ഉറപ്പാക്കിയിട്ടുണ്ടെങ്കിൽ എങ്ങോട്ടേക്കാണ് പോയതെന്ന് വ്യക്തമായിട്ടില്ല. കഴിഞ്ഞ 20 വർഷമായി യുഎഇയിലാണ് രാജേഷ് കുമാർ കൃഷ്ണ.

മുൻപ് സാധാരണ തൊഴിലാളിയായിട്ടാണ് മുങ്ങിയ ഉടമ ഇതേ കമ്പനികളിലൊന്നിൽ പ്രവാസ ജീവിതം ആരംഭിച്ചത്. ആദ്യത്തെ ഉടമയ്ക്ക് ഒരു അപകടം സംഭവിച്ച് വ്യവസായം തകർച്ചയിലേയ്ക്ക് വീണപ്പോൾ ഇയാൾ വഞ്ചനയിലൂടെ സ്വന്തമാക്കുകയായിരുന്നുവെന്ന ആരോപണവും ഇയാൾക്കെതിരെയുണ്ട്. പിന്നീട് കമ്പനിയെ കരകയറ്റിയ ഇയാളുടെ കീഴിൽ പത്തായിരത്തിലേറെ പേർ ജോലി ചെയ്യുന്നുണ്ടെന്ന് തൊഴിലാളികൾ പറഞ്ഞു. ഇവരിൽ പലരും അധികൃതർക്ക് പരാതി നൽകാനുള്ള ഒരുക്കത്തിലാണ്.

1200 ദിർഹം മാസ ശമ്പളക്കാരനായി വന്ന് രജേഷിന് 1.2 ബില്ല്യൺ ദിർഹത്തിന്റെ ടേൺ ഓവറുള്ള കമ്പനിയുടെ ഉടമയായി മാറിയെന്നായിരുന്നു അവകാശവാദം. ബാങ്കിനെ തട്ടിച്ച കോടികളുമായി രാജേഷ് കുമാർ കൃഷ്ണ എവിടേക്കാണ് മുങ്ങിയത് എന്നാണ് ഇനി അറിയേണ്ടത്. ദുരിതത്തിലായ മലയാളി തൊഴിലാളികൾ സഹായത്തിനായി എംബസിയെയും സമീപിക്കാൻ ഒരുങ്ങികയാണ്.