തിരുവനന്തപുരം: രാമക്ഷേത്ര നിർമ്മാണത്തിന് ഏഴ് ലക്ഷം രൂപ സംഭാവന ചെയ്തു നായർ സർവീസ് സൊസൈറ്റി. ആരും ആവശ്യപ്പെട്ടിട്ടില്ല സംഭാവന നൽകിയതെന്നും സ്വന്തം നില്ക്കാണെന്നും എൻഎസ്എസ് വിശദീകരിച്ചു. അതേസമയം സംഭാവനാ വിഷയത്തിൽ രാഷ്ട്രീയം കാണേണ്ട കാര്യമില്ലെന്നാണ് സംഘടനാ നേതാക്കൾ അറിയിച്ചിരിക്കുന്നത്. എസ് ബി ഐയുടെ അയോദ്ധ്യ ബ്രാഞ്ചിലെ അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്. വിശ്വാസത്തിന്റെ പുറത്തുള്ള തീരുമാനമാണിതെന്നാണ് എൻ എസ് എസിന്റെ ഔദ്യോഗിക വിശദീകരണം.

രാഷ്ട്രീയമില്ലെന്ന് പറയുമ്പോഴും തിരഞ്ഞെടുപ്പ് കാലത്ത് ശബരിമല വിഷയം അടക്കം എൻ എസ് എസ് സജീവമായി ഉയർത്തികാട്ടുമ്പോഴാണ് രാമക്ഷേത്ര നിർമ്മാണത്തിനുള്ള സംഭാവനയെന്നതാണ് ശ്രദ്ധേയം. ബിജെപിയുമായി എൻ എസ് എസ് അടുക്കുന്നുവെന്ന അഭ്യൂഹങ്ങൾ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മന്നം സമാധിയിലെത്തിച്ച് പുഷ്പാർച്ചന നടത്താനുള്ള നീക്കം സംസ്ഥാന ബിജെപി നേതൃത്വം നടത്തുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പിൽ എൻ എസ് എസ് സമദൂര സിദ്ധാന്തത്തിൽ നിന്ന് മാറി ചിന്തിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

നേരത്തെ ശബരിമല വിഷയത്തിൽ യുഡിഎഫ് നിലപാടിനെ വിമർശിച്ച സുകുമാരൻ നായർ പിന്നീട് ഈ നിലപാടിനെ പ്രശംസിച്ചു കൊണ്ടു രംഗത്തുവന്നു. കരട് ബിൽ കൊണ്ടുവരാൻ പ്രതിപക്ഷം നടത്തിയ നീക്കങ്ങൾ വിശദീകരിച്ച രമേശ് ചെന്നിത്തലയുടെ മറുപടി തൃപ്തികരമാണെന്നായിരുന്നു സുകുമാരൻ നായർ അഭിപ്രായപ്പെട്ടത്. യുഡിഎഫിനു വിശ്വാസ സംരക്ഷണത്തിനായി നിയമസഭയിൽ ബിൽ അവതരിപ്പിക്കാമായിരുന്നു. അതിനു പകരം അധികാരത്തിൽ വന്നാൽ വിശ്വാസികൾക്ക് അനുകൂലമായ നിയമനിർമ്മാണം നടത്തുമെന്നുള്ള പ്രഖ്യാപനത്തിൽ എന്ത് ആത്മാർഥതയാണുള്ളതെന്നായിരുന്നു സുകുമാരൻ നായർ അഭിപ്രായപ്പെട്ടത്.

വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ എൻഎസ്എസ് വിശ്വാസികൾക്കൊപ്പമാണ്. പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ല. എന്നാൽ എൻഎസ്എസ് നിലപാടുകളെ ദുർവ്യാഖ്യാനം ചെയ്ത് ചിലർ തങ്ങൽക്ക് അനുകൂലമാക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ജി സുകുമാരൻ നായർ പറഞ്ഞു. അതസമയം രാമക്ഷേത്രത്തിന് സംഭാവന നല്കിയ എൻഎസ്എസ് നീക്കത്തെ കോൺഗ്രസ് ഇപ്പോൾ സംശയത്തോടെയാണ് നോക്കിക്കാണുന്നത്. അതേസമയം ബിജെപിക്ക് അപ്രതീക്ഷിതമായി പ്രതീക്ഷ നൽകുന്നതാണ് രാമക്ഷേത്രത്തിലെ സംഭാവന.