വാരാണസി: നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിൽ എബിവിപിക്ക് വൻ തിരിച്ചടി. അതേസമയം, കോൺ​ഗ്രസ് വിദ്യാർത്ഥി സംഘടനക്ക് തകർപ്പൻ വിജയവും നേടാനായി. മഹാത്​മാഗാന്ധി കാശി വിദ്യാപീഠ്​ യൂണിവേഴ്​സിറ്റിയിൽ സ്​റ്റുഡൻറ്​സ്​ യൂണിയൻ തെരഞ്ഞെടുപ്പിൽ എൻ.എസ്​.യു (ഐ) മികച്ച വിജയം കരസ്ഥമാക്കി. വൈസ്​ പ്രസിഡൻറ്​, ജനറൽ സെക്രട്ടറി പോസ്റ്റുകളിലേക്ക്​ എ.ബി.വി.പി സ്​ഥാനാർഥികളെ തോൽപ്പിച്ചാണ് എൻഎസ് യു സ്ഥാനാർത്ഥികൾ വിജയിച്ചത്.

വൈസ്​ പ്രസിഡൻറ്​ സ്​ഥാനത്തേക്ക്​ സന്ദീപ്​ പാൽ വിജയിച്ചപ്പോൾ ജനറൽ സെക്രട്ടറി പോസ്റ്റിൽ പ്രഫുല്ല പാണ്ഡേയാണ്​ തെരഞ്ഞെടുക്കപ്പെട്ടത്​. പ്രസിഡൻറ്​ സ്​ഥാനത്തേക്ക്​ സമാജ്​വാദി പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗമായ സമാജ്​വാദി ഛത്ര സഭ സ്​ഥാനാർഥിയായ വിമലേഷ്​ യാദവ്​ ആണ്​ വിജയിച്ചത്​. ഒരു പോസ്റ്റിലും എ.ബി.വി.പിക്ക്​ ജയം നേടാൻ കഴിഞ്ഞില്ലെന്നതാണ്​ തെരഞ്ഞെടുപ്പിലെ സവിശേഷത.

2017ലും കാശി വിദ്യാപീഠ്​ യൂനിവേഴ്​സിറ്റിയിൽ എ.ബി.വി.പിക്കുമേൽ എൻ.എസ്​.യു ജയം നേടിയിരുന്നു. മോദി പ്രതിനിധാനം ചെയ്യുന്ന വാരാണസി പാർലമെൻറ്​ മണ്ഡലത്തിൽ ബിജെപിയുടെ വിദ്യാർത്ഥി സംഘത്തിനേറ്റ തിരിച്ചടി സമൂഹ മാധ്യമങ്ങളിലടക്കം ചർച്ചയാണ്​. ഉത്തർപ്രദേശിലെ യുവജനങ്ങൾക്കിടയിൽ മാറിവരുന്ന മനോഭാവത്തിന്റെ സൂചനയാണ്​ എൻ.എസ്​.യു വിജയമെന്ന്​ കോൺഗ്രസ്​ നേതാക്കൾ പറയുന്നു. 2022ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഈ മാറ്റം പ്രതിഫലിക്കുമെന്നാണ്​ അവരുടെ അവകാശവാദം.