ലക്നൗ: ഉത്തർ പ്രദേശിൽ വെച്ച് മലയാളി ഉൾപ്പെട്ട കന്യാസ്ത്രീകളെ ആക്രമിച്ചത് എബിവിപിക്കാരെന്ന് റെയിൽവെ പൊലീസ് സൂപ്രണ്ടിന്റെ വെളിപ്പെടുത്തൽ. ഝാൻസി റെയിൽവെ സൂപ്രണ്ട് ഖാൻ മൻസൂരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രവർത്തകർ ഋഷികേശിലെ പഠനക്യാമ്പ് കഴിഞ്ഞ് മടങ്ങുന്നവരായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മതം മാറ്റാൻ ശ്രമിക്കുന്നവർ എന്നാരോപിച്ചായിരുന്നു ആക്രമണം.

മാർച്ച് 19 ന് ഡൽഹിയിൽ നിന്ന് ഒഡീഷയിലേക്ക് പോയ ട്രെയിനിൽ ആയിരുന്നു സംഭവം നടന്നത്. ഉത്തർപ്രദേശിലെ ഝാൻസി റെയിൽവേ സ്റ്റേഷനിൽ വച്ചാണ് തിരുഹൃദയ സന്യാസി സമൂഹത്തിന്റെ ഡൽഹി പ്രൊവിൻസിലെ മലയാളി അടക്കമുള്ള നാല് കന്യാസ്ത്രീകൾക്ക് നേരെ കയ്യേറ്റു ശ്രമമുണ്ടായത്. രണ്ട് പേർ സന്യാസ വേഷത്തിലും മറ്റുള്ളവർ സാധാരണ വേഷത്തിലും ആയിരുന്നു. മതം മാറ്റാൻ ഒപ്പമുള്ള രണ്ട് പെൺകുട്ടികളെ കൊണ്ടുപോകുന്നുവെന്നാരോപിച്ചായിരുന്നു ആക്രമണം

സന്ന്യാസ പഠനം നടത്തുന്ന ഒഡീഷ സ്വദേശിനികളെ വീട്ടിലെത്തിക്കാനാണ് മറ്റ് രണ്ടുപേർ കൂടെ പോയത്. ജന്മനാ ക്രൈസ്തവവിശ്വാസികളാണെന്ന് പറഞ്ഞിട്ടും ആക്രമണത്തിന് തയ്യാറായെന്ന് കന്യാസ്ത്രീകൾ പറയുന്നു. ട്രെയിനിൽ നിന്ന് പുറത്തിറക്കി സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോൾ കൂക്കിവിളിച്ച് ഒരു സംഘം പിന്തുടർന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടാണ് രാത്രി വൈകി മോചിപ്പിച്ചത്.