ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഝാൻസിയിൽ ട്രെയിനിൽ മലയാളികൾ അടക്കമുള്ള കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ട സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. കുറ്റക്കാർക്കെതിരേ സ്വീകരിച്ച നടപടി അറിയിക്കാൻ നോർത്ത് സെൻട്രൽ റെയിൽവേ മാനേജർ, ആർപിഎഫ് അഡീ. ഡയറക്ടർ ജനറൽ എന്നിവരോടാണ് റിപ്പോർട്ട് തേടിയത്.

ജസ്റ്റിസ് കുര്യൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നാലാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.

മാർച്ച് 19ന് ഡൽഹിയിൽനിന്ന് ഒഡിഷയിലേക്ക് ട്രെയിനിൽ പോകുന്നതിനിടെയാണ് കന്യാസ്ത്രീകളെ ഒരുസംഘമാളുകൾ ആക്രമിച്ചതും നിർബന്ധപൂർവം സ്റ്റേഷനിൽ ഇറക്കിയതും. സന്ന്യാസിനിമാരിൽ ഒരാൾ മലയാളിയാണ്.

കന്യാസ്ത്രീകൾ ട്രെയിനിൽ വച്ച് ആക്രമിക്കപ്പെട്ടു എന്നത് വെറും ആരോപണം മാത്രമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പിയുഷ് ഗോയൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കന്യാസ്ത്രീകളുടെ രേഖകൾ പരിശോധിച്ചിരുന്നു. എന്നാൽ, യാത്രക്കാർ ആരാണെന്ന് വ്യക്തമായപ്പോൾ അവരെ യാത്ര തുടരാൻ അനുവദിച്ചു. എബിവിപി പ്രവർത്തകർ ആക്രമിച്ചു എന്നത് തെറ്റായ ആരോപണമാണെന്നും ഇക്കാര്യത്തിൽ കള്ളം പ്രചരിപ്പിക്കുകയാണെന്നും പിയുഷ് ഗോയൽ പറഞ്ഞിരുന്നു.

എന്നാൽ ഝാൻസിയിൽ ട്രെയിനിൽ കന്യാസ്ത്രീകളെ അധിക്ഷേപിച്ചത് എബിവിപി പ്രവർത്തകരെന്നായിരുന്നു റെയിൽവേ സൂപ്രണ്ടിന്റെ വെളിപ്പെടുത്തൽ. ഋഷികേശിലെ സ്റ്റഡി ക്യാംപ് കഴിഞ്ഞ് മടങ്ങിയ എബിവിപി പ്രവർത്തകരാണ് അധിക്ഷേപത്തിന് പിന്നിലെന്നാണ് റെയിൽവേ സൂപ്രണ്ട് വ്യക്തമാക്കിയത്. കന്യാസ്ത്രീകൾക്ക് എതിരെ ഇവർ ഉന്നയിച്ച മതപരിവർത്തനമെന്ന ആരോപണത്തിൽ കഴമ്പില്ലെന്നും സൂപ്രണ്ട് പറഞ്ഞിരുന്നു.

ട്രെയിൻ യാത്രയ്ക്കിടെ ഝാൻസിയിൽ വച്ചാണ് മതമാറ്റ ശ്രമം ആരോപിച്ച് തിരുഹൃദയ സഭയിലെ നാല് കന്യാസ്ത്രീകൾക്ക് നേരെ ഈ മാസം അതിക്രമം നടന്നത്. സന്യാസ പഠനം നടത്തുന്ന ഒഡീഷ സ്വദേശികളായ രണ്ടു പേരെ വീട്ടിലെത്തിക്കാനുള്ള യാത്രയ്ക്കിടെയാണ് കയ്യേറ്റശ്രമം നടന്നക്. വിദ്യാർത്ഥികളായതിനാൽ ഒപ്പമുള്ള രണ്ടുപേർ സഭാ വസ്ത്രം ധരിച്ചിരുന്നില്ല. ഇവരെ മതം മാറ്റാൻ കൊണ്ടുപോകുകയാണ് എന്നാരോപിച്ചായിരുന്നു ആക്രമണം.