ആലപ്പുഴ: കോവിഡ് വാർഡിൽ പ്രവേശിപ്പിക്കപ്പെട്ടാൽ ഏറ്റവും ബുദ്ധിമുട്ടുന്നത് വയോധികരാണ്. ഇവർക്ക് ആവശ്യമായി കാര്യങ്ങൾ ചെയ്തു കൊടുക്കാൻ ആളുകൾ ഇല്ലാത്ത അവസ്ഥ വരുമ്പോൾ വലിയ പ്രശ്‌നങ്ങൾക്ക് ഇടയാക്കും. ഇത്തരം സംഭവങ്ങൾ ആരോഗ്യ രംഗത്തെ മൊത്തം പിന്നോട്ടടിക്കുകയും ചെയ്യാറുണ്ട്. എന്നാൽ, മനസ്സറിഞ്ഞു പ്രവർത്തിക്കുന്ന ചില ആരോഗ്യ പ്രവർത്തകരുണ്ട്. ഇത്തരക്കാരാണ് നമ്മുടെ ആരോഗ്യ രംഗത്തിന്റെ യശസ്സ് ഉയർത്തുന്നത്.

കോവിഡ് വാർഡിലെ വയോധികനെ അന്നമൂട്ടുന്ന നഴ്‌സിന്റെ ചിത്രത്തിന് സമൂഹ മാധ്യമങ്ങളിൽ കയ്യടി കിട്ടി. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് ഒന്നാം വാർഡിൽ സഹായികളില്ലാതെ ചികിത്സയിൽ കഴിഞ്ഞിരുന്ന ഗോപിപ്പിള്ളയ്ക്ക് (76) ഭക്ഷണം വാരിക്കൊടുക്കുത്ത നഴ്‌സ് സ്റ്റെഫി സൈമണിന്റെ ചിത്രം, വാർഡിലുണ്ടായിരുന്ന സുഹൈൽ സനിയാണ് പകർത്തി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം കോവിഡ് ഡ്യൂട്ടി െചയ്യുന്നതിനിടെയായിരുന്നു സംഭവം. കരാർ അടിസ്ഥാനത്തിലാണ് സ്റ്റെഫി ജോലി ചെയ്യുന്നത്. സഹായത്തിന് ആരും ഇല്ലാതിരുന്ന ഗോപിപ്പിള്ള ഭക്ഷണം കഴിക്കാൻ മടി കാണിച്ചിരുന്നു. സ്റ്റെഫി നിർബന്ധിച്ചാണ് അദ്ദേഹത്തിന് ഭക്ഷണം നൽകിയിരുന്നത്. ചിത്രം സമൂഹമാധ്യമത്തിൽ വന്നതോടെ നേരിട്ടും അല്ലാതെയും പലരും വിളിച്ച് അഭിനന്ദിച്ചുവെന്ന് സ്റ്റെഫി പറഞ്ഞു. ആലപ്പുഴ പൂന്തോപ്പ് വലിയവീട്ടിൽ പരേതനായ സൈമണിന്റെയും ഷീലയുടെയും മകളാണ്. സഹോദരൻ: ഷെറിൻ.