കോഴിക്കോട്: മകൾക്കൊപ്പമുള്ള കെ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് ചിത്രത്തിൽ അശ്ലീല കമന്റിട്ടതിനെ തുടർന്ന് സൈബർ ഇടത്തൽ വലിയ ചർച്ചകളാണ് നടക്കുന്നത്. ഈ വിഷയത്തിലേക്ക് അറിയാതെ വലിച്ചിഴക്കപ്പെട്ടവർ നിരവധിയാണ്. പൊലീസിൽ പരാതിയും വിവാദവുമായി രംഗം കൊഴുത്തതോടെ ആരാണ് മോശം കമന്റിട്ടത് എന്ന് കണ്ടെത്താനുള്ള ഉത്തരവാദിത്തം പൊലീസിൽ നിക്ഷിപ്തമായിരിക്കയാണ്. തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ വിഷയമായി തന്നെ ഈ വിവാദം രൂപം കൊണ്ടിരിക്കയാണ്. ഈ വിവാദത്തിൽ തുടക്കത്തിൽ ആരോപണം നേരിട്ട അജ്‌നാസ് എന്ന ഖത്തറിലുള്ള പ്രവാസി യുവാവിന്റെ വീട്ടിലേക്ക് ബിജെപിക്കാർ മാർച്ചു നടത്തിയതോടെ വിഷയം വഷളായി. പിന്നാലെ താനല്ല ആ വിവാദ അക്കൗണ്ടിന് ഉടമയെന്ന് അജ്‌നാസ് വ്യക്തമാക്കി. സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് അജ്‌നാസിനെ പിന്തുണച്ചും രംഗത്തുവന്നതോടെ വിഷയം രാഷ്ട്രീയമായി തന്നെ മാറിയിട്ടുണ്ട്.

അശ്ലീല കമന്റിട്ടെന്ന പേരിൽ നാട്ടിൽ വർഗീയവിദ്വേഷവും അതുവഴി കലാപവുമുണ്ടാക്കാൻ ശ്രമിച്ച സംഭവത്തിൽ ശക്തമായ അന്വേഷണം നടത്തി യഥാർഥ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ആരോപണവിധേയനായ അജ്നാസ് തന്റെ നിരപരാധിത്വം മീഡിയകൾ വഴി തെളിവുസഹിതം സമർഥിക്കുകയും അന്വേഷണങ്ങളെ സ്വാഗതം ചെയ്തിട്ടുമുണ്ട്. ഇതിന് പിന്നിൽ വ്യാജ ഫേസ്‌ബുക്ക് ഐഡികളുണ്ടാക്കി മനുഷ്യർ സൗഹൃദത്തോടെ കഴിയുന്ന ഗ്രാമങ്ങളിൽ പോലും മതവിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന, സംഘപരിവാരാണെന്നാണ് പോപ്പുലർ ഫ്രണ്ടിന്റെ വാദം.

ഇതോടനുബന്ധിച്ച് പെരിഞ്ചേരിക്കടവ് അജ്നാസിന്റെ വീട്ടിലേക്ക് യുവമോർച്ച സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചും ഗൃഹനാഥനെ ഭീഷണിപ്പെടുത്തിയെടുത്ത കുറ്റസമ്മത വീഡിയോയും മറ്റു നാടകങ്ങളും ജനങ്ങൾക്ക് കാര്യം മനസ്സിലായെന്ന് വന്നപ്പോൾ കിരൺദാസിന്റേതായി വരുന്ന പുതിയ വിശദീകരണങ്ങളടക്കം അന്വേഷണപരിധിയിൽ കൊണ്ടുവരണമെന്ന് പേരാമ്പ്രഡിവിഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.

മോശം കമന്റ് വന്ന അജ്നാസ് അജ്നാസ് എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിലെ ദുരൂഹത ഇപ്പോഴും നിലനിൽക്കയാണ്. മറ്റൊരാളുടെ അകൗണ്ട് ഹാക് ചെയ്ത് പേരു മാറ്റിയ ശേഷം അതേ പേരിലുള്ള വേറൊരാളുടെ ഫോട്ടോ പ്രൊഫൈൽ ചിത്രമായി ചേർത്താണ് വ്യാജ സന്ദേശം അയച്ചതെന്നാണ് വ്യക്തമാകുന്നത്. യഥാർഥത്തിൽ ഫറോഖ് സ്വദേശി കിരൺദാസിന്റെ ഹാക്ക് ചെയ്ത അകൗണ്ടിൽ നിന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മകളെ കുറിച്ച് മോശം പരാമർശം വന്നത്. ഈ അകൗണ്ട് ഹാക് ചെയ്ത ശേഷം കിരൺദാസിന്റെ സ്ത്രീ സുഹൃത്തുക്കൾക്കുൾപ്പടെ അശ്ലീല സന്ദേശം പോയിരുന്നു.

ഹാക്കിങ് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് കിരൺദാസ് ജനുവരി 5ന് ഫറൂഖ് പൊലീസിൽ പരാതി നൽകി. എന്നാൽ. തുടർന്നും നടപടികൾ ഒന്നും തന്നെ ഉണ്ടാകാതിരുന്നതോടെ ഈമാസം 9ന് വീണ്ടും പൊലീസിൽ പരാതി നൽകുകയുണ്ടായി. ഇതിനിടെ ഫേസ്‌ബുക്ക് പേജിന്റെ പേര് അജ്നാസ് അജ്നാസ് എന്നാക്കി മാറ്റുകയായിരുന്നു. അജ്നാസ് എന്ന യുവാവിന്റെ ഫോട്ടോകളും ചേർത്തു. ഈ ചിത്രങ്ങളും ഫോട്ടോയും ഖത്തറിലുള്ള അജിനാസിന്റേത് ആയിരുന്നു. ഇതിനു ശേഷം വർഗ്ഗീയ ചേരിതിരിവുണ്ടാക്കുന്ന വിധത്തിലുള്ള പോസ്റ്റുകളും ധാരാളമായി വന്നു. ഒടുവിലാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മകളെ കുറിച്ചുള്ള അശ്ലീല പരാമർശവും കമന്റ് ചെയ്തത്. ജനുവരി 24നായിരുന്നു ഹാക്ക് ചെയ്ത കിരൺദാസിന്റെ ഐഡിയും ഖത്തറിലുള്ള അജിനാസിന്റെ ചിത്രവും ഐഡന്റിറ്റിയും ഉപയോഗിച്ച്് മകൾക്കൊപ്പമുള്ള സുരേന്ദ്രന്റെ ചിത്രത്തിൽ അശ്ലീല കമന്റ് ഇടുന്നത്.

ഇപ്പോഴത്തെ നിലയിൽ സംഭവത്തിലെ യഥാർഥ വില്ലൻ മൂന്നാമതായി ഒരാളാണെന്ന് വേണം അനുമാനിക്കാൻ. ഇക്കാര്യത്തിൽ സൈബർ അന്വേഷണം കാര്യക്ഷമമായി നടക്കണമെന്നാണ് അവശ്യം ഉയരുന്നത്. എന്നാൽ, പൊലീസിന്റെ നടപടിയും വിവാദങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ഹാക്ക് ചെയ്ത അക്കൗണ്ടിൽ നിന്നും അശ്ലീല കമന്റ് വന്നത് എന്ന് വ്യക്തമായിട്ടും പൊലീസ് ഖത്തറിലുള്ള ടിക്ക് ടോക്കറായ അജ്‌നാസിനെതിരെയാണ് കേസെടുത്തത്. സംഭവത്തിൽ വ്യാജ പ്രൊഫൈൽ ആണെങ്കിൽ അത് കണ്ടു പിടിക്കേണ്ടത് സൈബർ ഡോമും സൈബർ പൊലീസും ആണെന്നാണ് കെ സുരേന്ദ്രൻ വ്യക്തമാക്കിയത്.

മുഖ്യമന്ത്രിയേക്കുറിച്ച് പറയുന്നവരെ മാത്രമാണ് പിടിച്ച് അറസ്റ്റ് ചെയ്യുകയുള്ളോ? അതോ നമ്മളേപ്പോലുള്ള പാവപ്പെട്ടവർക്കും മക്കളും അവരേക്കുറിച്ചൊക്കെ പറയുന്നതിൽ പൊലീസിന് വെല്ലതുമുണ്ടോ എന്നത് ഒരാഴ്‌ച്ച കഴിയുമ്പോൾ പറയാം. ഇപ്പോൾ ഞാനതിനേക്കുറിച്ച് മുൻവിധിയോടെ ഒന്നും പറയുന്നില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കുകയുണ്ടായി. അതേസമയം സംഭവത്തിൽ ദോഹയിൽ ജോലി ചെയ്യുന്ന അജിനാസ് ആഷാസ് അജിനാസ് എന്നയാൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുത്തതായി മേപ്പയ്യൂർ പൊലീസും വ്യക്തമാക്കിയിരുന്നു. പരാതി ലഭിച്ചയുടൻ തന്നെ കേസ് രജിസ്റ്റർ ചെയ്‌തെന്നും അജ്‌നാസിന്റെ വീട്ടിൽ അന്വേഷിച്ചു എത്തിയപ്പോൾ വിദേശത്താണെന്ന് അറിഞ്ഞു. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് പറഞ്ഞു.

ദേശീയ ബാലികാ ദിനത്തോടനുബന്ധിച്ച്, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ 'എന്റെ മകൾ, എന്റെ അഭിമാനം' എന്ന കുറിപ്പോടെയാണ് മകളുമൊത്തുള്ള ചിത്രം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. അതിന് താഴെയാണ് തീർത്തും മോശം ഭാഷയിൽ കമന്റ്് പോസ്റ്റ് ചെയ്തത്. അജ്‌നാസ് അജ്‌നാസ് എന്നായിരുന്നു പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ മോശം കമന്റിട്ടത്. ഇതോടെയാണ് അജിനാസിതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി കെ സജീവന്റെ പരാതിയിലാണ് പൊലീസ് നടപടി. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് നിലവിൽ കേസ്.

തന്റെ പേരിലുണ്ടാക്കിയ വ്യാജ വിലാസത്തിൽ നിന്നാണ് കമൻ് നൽകിയിട്ടുള്ളതെന്നും ഇക്കാര്യം താൻ അറിഞ്ഞിരുന്നില്ലെന്നുമാണ് അജ്‌നാശ് വം അജ്നാസ് വ്യക്തമാക്കി. ഇതിനുള്ള തെളിവുകൾ കൈവശമുണ്ട്. സംഭവത്തിൽ പിതാവ് ക്ഷമാപണം നടത്തിയ വാർത്ത തെറ്റാണ്. ഇതുമായി ബന്ധപ്പെട്ട് ഖത്തർ പൊലീസിനും സൈബർ പൊലീസിനും ഇന്ത്യൻ എംബസിക്കും പരാതി നൽകുമെന്നും അജ്നാസ് വ്യക്തമാക്കുകപറഞ്ഞു. രാഷ്ട്രീയ നേതാക്കളുടെ പ്രൊഫൈലുകളിൽ ലൈക്ക് ചെയ്യുകയോ കമന്റ് ഇടുകയെ ചെയ്യാറില്ലെന്നും അജ്നാസ് പറഞ്ഞു. തന്റെ പേരിൽ ഉണ്ടാക്കിയ വ്യാജ ഫെയ്‌സ് ബുക്ക് ഐഡിയിൽ നിന്നാണ് കമന്റ് വന്നത്, ഇതിനുള്ള തെളിവുകൾ തന്റെ പക്കലുണ്ടെന്നും താൻ അറിയാത്ത കാര്യങ്ങളാണ് സംഭവിച്ചതെന്നും അജ്നാസ് വ്യക്തമാക്കിയിരുന്നു.