കൊല്ലം: പെൺകുട്ടിയുമായി പ്രണയത്തിലാണെന്നും തന്റെ കൈവശം പെൺകുട്ടിയുമൊന്നിച്ചുള്ള സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങൾ ഉണ്ട് എന്നും തെറ്റിദ്ദരിപ്പിച്ചാണ് സഹപാഠിയായിരുന്ന യുവാവ് പെൺകുട്ടിയുടെ വിവാഹാലോചനകൾ മുടക്കിയിരുന്നത്. സംഭവത്തിൽ ഓടനാവട്ടം വാപ്പാല പുരമ്പിൽ സ്വദേശി അരുൺ (24)നെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിവാഹം ഉറപ്പിച്ച് മടങ്ങുന്നവരുടെ വീട്ടിൽ ഇയാൾ നേരിട്ടെത്തിയായിരുന്നു അപവാദം പറഞ്ഞ് പരത്തി വിവാഹം മുടക്കിയിരുന്നത്.

പെൺകുട്ടിയെ പിന്നാലെ നടന്ന ശല്യപ്പെടുത്തുന്നയാളായിരുന്നു ഇയാൾ. പല തവണ പെൺകുട്ടി പ്രണയാഭ്യർത്ഥന തള്ളിക്കളഞ്ഞതോടെ അരുണിന് പക കൂടുകയായിരുന്നു. ഇതോടെ വിവാഹാലോചനകൾ നടക്കുന്നതറിഞ്ഞ് നവവരന്മാരുടെ വീട് തേടിപ്പിടിച്ചെത്തി പെൺകുട്ടിയുമായി പ്രണയത്തിലാണെന്നും ഫോട്ടോകൾ തന്റെ കൈവശമുണ്ടെന്നും പറഞ്ഞ് കല്യാണങ്ങൾ മുടക്കുകയായിരുന്നു.

ഇതുകൂടാതെ പല തവണ പെൺകുട്ടിയെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഇയാളുടെ ശല്യം സഹിക്കാൻ കഴിയാതോടെയാണ് പെൺകുട്ടിയുടെ രക്ഷിതാക്കൾ പൂയപ്പള്ളി പൊലീസിൽ പരാതി നൽകിയത്. അറസ്റ്റ് ചെയ്ത അരുണിനെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

വിവാഹം ഉറപ്പിച്ച മടങ്ങിയ രണ്ട് ആലോചനൾ ഒരു കാരണവുമില്ലാതെ മുടങ്ങിയതിനാൽ പെൺകുട്ടിയുടെ വീട്ടുകാർ അന്വേഷണ നടത്തിയപ്പോഴാണ് അരുൺ പ്രചരിപ്പിച്ച പ്രണയക്കഥ അറിയുന്നത്. പെൺകുട്ടിയോട് വീട്ടുകാർ കാര്യങ്ങൾ ചോദിച്ചപ്പോവാണ് ഇയാൾ നിരന്തരം ശല്യപ്പെടുത്തിയിരുന്ന വിവരം പുറത്തു പറയുന്നത്. ഭീഷണിപ്പെടുത്തിയ വിവരങ്ങളും പെൺകുട്ടി പറഞ്ഞതോടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

അരുണുമൊന്നിച്ച് പെൺകുട്ടി പഠിച്ചിട്ടുണ്ടെങ്കിലും പ്രണയമോ മറ്റ് ബന്ധങ്ങളോ ഇല്ലെന്നാണ് പെൺകുട്ടി പറഞ്ഞത്. അറസ്റ്റിലായ ആരുൺ പെൺകുട്ടിയോടുള്ള പ്രണയം മൂലമാണ് ഇതൊക്കെ ചെയ്തതെന്നും നഷ്ടപ്പെടുത്താൻ കഴിയാത്തതിനാലാണ് ഇത്തരം അപവാദം പറഞ്ഞു പരത്തിയതെന്നും പൊലീസിനോട് പറഞ്ഞു. കൂടാതെ വിവാഹം നടക്കാതെ വരുമ്പോൾ തനിക്ക് വേഗം പെൺകുട്ടിയെ വിവാഹം കഴിക്കാനാകുമെന്നും കരുതിയെന്നും ഇയാൾ പറഞ്ഞു.