ഛണ്ഡീഗഡ്: ഹരിയാനയിൽ വീട് നവീകരണത്തിന് തറ പൊളിച്ചപ്പോൾ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ വർഷങ്ങൾ പഴക്കമുള്ള കൊലപാതകത്തിന്റെ ചുരുളഴിച്ച് അന്വേഷണസംഘം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.യു.പിയിലെ ബധോഹി സ്വദേശി അഹ്സാനാണ് പിടിയിലായത്.

കുറ്റന്വേഷണ സിനിമകളെയും കഥകളെയുമൊക്കെ വെല്ലുന്ന കൊലപാതക രഹസ്യമാണ് പൊലീസിന്റെ സമർധമായ ഇടപെടലോടെ ചുരുളഴിഞ്ഞത്.വീട് നവീകരണത്തിനായി പൊളിച്ചപ്പോൾ ഒരു മുറിയുടെ തറഭാഗത്ത് നിന്ന് അസ്ഥികൂടങ്ങൾ കണ്ടെത്തുകയായിരുന്നു. വീട്ടുടമയായ സരോജ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു. തുടർന്നാണ് പൊലീസ് വിഷയത്തിൽ ഇടപെടുന്നത്.

2017ൽ പവൻ എന്ന വ്യക്തിയിൽ നിന്നാണ് സരോജ വീടുവാങ്ങുന്നത്. പഞ്ചസാര മിൽ തൊഴിലാളിയാണ് പവൻ.സരോജയുടെ മൊഴിയെത്തുടർന്ന് പൊലീസ് പവനെ കണ്ടെത്തി ചോദ്യം ചെയ്തെങ്കിലും കൊതപാതകവുമായി ബന്ധപ്പെട്ട യാതൊരു വിവരവും ലഭിച്ചില്ല. എന്നാൽ വീട് പവന്റെതല്ലെന്നും അദ്ദേഹം മറ്റൊരാളിൽ നിന്ന് വാങ്ങിയതാണെന്നുമുള്ള നിർണ്ണായക വിവരം പൊലീസിന് ലഭിക്കുന്നത് ഇവിടെ നിന്നാണ്. ഈ അന്വേഷണം ചെന്നെത്തിയത് യഥാർത്ഥ ഉടമസ്ഥൻ യു.പിയിലെ ബധോഹി സ്വദേശിയായ അഹ്സാൻ സെയ്ഫിയിലേക്കാണ്.

അഹ്സാനെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ സർവ്വത്ര ദുരൂഹതയാണ് പൊലീസിന് ഉണ്ടായത്. അഹ്സാന്റെ പഴയ അയൽവാസികളും അയാളെക്കുറിച്ചുള്ള് ദുരൂഹത വർധിപ്പിച്ചു. ഇതിന്റെ ഭാഗമായി യു.പിയിലെത്തി അഹ്സാൻ സെയ്ഫിയെ പൊലീസ് അറസ്റ്റ് ചെയ്തു.പിന്നീടാണ് ദുരൂഹതകൾ മറനീക്കി പുറത്തുവരുന്നത്. ആദ്യമൊക്കെ നിഷേധിച്ചെങ്കിലും പൊലീസിന്റെ ചോദ്യം ചെയ്യലിന് മുന്നിൽ ഏറെ നേരം പിടിച്ചുനിൽക്കാൻ അഹ്‌സാന് സാധിച്ചില്ല.

ഇതോടെ തന്റെ രണ്ടാം ഭാര്യയെയും മകനെയും ബന്ധുവിനെയും ദാരുണമായി കൊലപ്പെടുത്തിയ സംഭവം അഹ്സാൻ വെളിപ്പെടുത്തുകയായിരുന്നു.അഹ്സാന്റെ രണ്ടാം ഭാര്യ നസ്നീൻ, മകൻ സൊഹൈൽ, 15 വയസായ ബന്ധു ഷാബിർ എന്നിവരാണ് കൊല്ലപ്പെട്ടത്.വിവാഹത്തിനായി മാട്രിമോണിയൽ സൈറ്റുകളിൽ രജിസ്റ്റർ ചെയ്ത സ്ത്രീകളെയാണ് അഹ്സാൻ വഞ്ചിച്ചത്. കല്യാണം കഴിച്ച കാര്യം മറച്ചുവച്ചാണ് സ്ത്രീകളെ ഒന്നിന് പിറകെ ഒന്നായി വഞ്ചിച്ചത്. മരപ്പണിക്കാരനായ അഹ്സാൻ മാട്രിമോണിയൽ സൈറ്റിൽ പ്രൊഫൈൽ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്.

വെബ്സൈറ്റ് വഴിയാണ് കൊല്ലപ്പെട്ട നാസ്നീനെ പരിചയപ്പെട്ടത്. തുടർന്ന് വിവാഹം കഴിക്കുകയായിരുന്നു. ഒന്നാമത്തെ കല്യാണം മറച്ചുവച്ചാണ് നാസ്നീനെ അഹ്സാൻ വിവാഹം കഴിച്ചത്.വിവാഹത്തിന് ശേഷം ഇരുവരും പാനിപത്തിലേക്ക് താമസം മാറ്റി. അതിനിടെ ഇയാൾ ഇടക്കിടെ യു.പി മുസഫർനഗറിലെ ആദ്യഭാര്യയെയും മൂന്ന് കുട്ടികളെയും കൂടെകൂടെ പോയി കണ്ടിരുന്നു.

അഹ്സാൻ വിവാഹിതനാണെന്നും കുട്ടികളുണ്ടെന്നുമുള്ള വിവരം നസ്നീൻ അറിഞ്ഞു. പിന്നീട് ഉത്തർപ്രദേശിലേക്ക് പോകാൻ നാസ്നീൻ അഹ്സാനെ അനുവദിച്ചില്ല. ഇത് ഇരുവരും തമ്മിലുള്ള ബന്ധത്തിൽ അസ്വാരസ്യങ്ങൾക്ക് ഇടയാക്കി. അവസാനം നാസ്നീനെ കൊല്ലാൻ അഹ്സാൻ തീരുമാനിക്കുകയായിരുന്നു.തുടർന്ന് 2016 നവംബറിൽ നസ്നീനെയും മകനെയും ബന്ധുവിനെയും വിഷം കൊടുത്തുകൊലപ്പെടുത്തുകയായിരുന്നു.

കൊലപാതക ശേഷം വീട്ടിലെ ഒരു മുറി കുഴിച്ച് അവിടെ മൃതദേഹങ്ങൾ സംസ്‌കരിച്ചു. പിന്നീടാണ് പവന് വീട് വിൽക്കുന്നത്. തുടർന്ന് ഇയാൾ മൂന്നാമതൊരു വിവാഹവും കഴിച്ചു. മൂന്നാമത്തെ ഭാര്യക്കൊപ്പം യു.പിയിൽ താമസിച്ച് വരികയായിരുന്നു അഹ്സാൻ. കൊലപാതക കുറ്റം സമ്മതിച്ച അഹ്സാനെ കോടതിയിൽ ഹാജരാക്കി 10 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.