ടോക്യോ: ഒളിംപിക്സ് വെങ്കല മെഡലിനായുള്ള പോരാട്ടത്തിൽ ഇന്ത്യയുടെ എതിരാളി ജർമനി. രണ്ടാം സെമി ഫൈനലിൽ ജർമനിയെ ഓസ്ട്രേലിയ 3-1ന് കീഴടക്കി. ഇതോടെ ഫൈനലിൽ ഓസ്ട്രേലിയ ബെൽജിയത്തെ നേരിടും. സെമി ഫൈനലിൽ ഇന്ത്യ ബെൽജിയത്തോട് 2-5ന് തോറ്റാണ് പുറത്തായത്. നാല് വട്ടം ഒളിംപിക്സ് മെഡലിൽ മുത്തമിട്ട ജർമനിയുമായുള്ള പോര് വെങ്കലത്തിനായുള്ള ഇന്ത്യയുടെ സാധ്യതകൾക്ക് മേൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

ഓഗസ്റ്റ് അഞ്ചിനാണ് ജർമനിയുമായുള്ള ഇന്ത്യയുടെ മത്സരം. വെങ്കല മെഡൽ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ മൻദീപ് പറഞ്ഞു. ഫൈനൽ കടക്കാനായില്ലെങ്കിലും ഇന്ത്യൻ ടീമിന്റെ പ്രകടനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിക്കുകയും മൻദീപുമായി പ്രധാനമന്ത്രി സംസാരിക്കുകയും ചെയ്തിരുന്നു.

സെമിയിൽ ഹാട്രിക് നേടിയ അലക്സാണ്ടർ ഹെന്റിക്സ് ആണ് ബെൽജിയത്തിന്റെ വിജയശിൽപ്പി. മൽസരത്തിന്റെ 70 ാം സെക്കൻഡിൽ ലൂയിപെർട്ടിലൂടെ ബെൽജിയം മുന്നിലെത്തി. തുടർന്ന് ആക്രമിച്ചു കളിച്ച ഇന്ത്യ 11ാം മിനുട്ടിൽ മൻപ്രിതീലൂടെ ഗോൾ മടക്കി സമനില പിടിച്ചു.

രണ്ടു മിനുട്ടിനകം മൻദീപ് സിങ്ങിലൂടെ വീണ്ടും ഗോൾ വല ചലിപ്പിച്ച് ഇന്ത്യ മുന്നിലെത്തി. ആദ്യ ക്വാർട്ടർ കഴിയുമ്പോൾ ഇന്ത്യ 21 ന് ലീഡിലായിരുന്നു.എന്നാൽ രണ്ടാം ക്വാർട്ടറിൽ അലക്സാണ്ടർ ഹെന്റിക്സിലൂടെ ബെൽജിയം ഗോൾ മടക്കി. ഇതോടെ ഇരു ടീമുകളും ഒപ്പത്തിനൊപ്പമായി. എന്നാൽ മൂന്നാം ക്വാർട്ടറിൽ ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല.

നിർണായകമായ അവസാന ക്വാർട്ടറിൽ രണ്ടു ഗോളുകൾ നേടിയ അലക്സാണ്ടർ ഹെന്റിക്സാണ് ബെൽജിയത്തിന് വിജയം ഉറപ്പിച്ചത്. പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചാണ് ഹെന്റിക്സ് ഹാട്രിക് തികച്ചത്. മൽസരത്തിന്റെ അവസാന നിമിഷം ഡോമെൻ നേടിയ ഫീൽഡ് ഗോളോടെ ബെൽജിയം ഫൈനൽബെർത്ത് കരസ്ഥമാക്കി. ഒന്നിനെതിരെ രണ്ടു ഗോളിന് മുന്നിട്ടു നിന്നശേഷമായിരുന്നു ഇന്ത്യ ലോക ഒന്നാം നമ്പർ ടീമായ ബെൽജിയത്തോട് തോൽവി വഴങ്ങിയത്.