ന്യൂഡൽഹി: കോൺഗ്രസിൽ സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ പുനഃ സംഘടന ഒഴിവാക്കണമെന്നാണ് എ-ഐ നേതൃത്വങ്ങളുടെ ആവശ്യം. എന്നാൽ, ഹൈക്കമാൻഡ് നിർദ്ദേശം അനുസരിച്ചാണ് മുന്നോട്ട് പോകുന്നതെന്നാണ് കെ.സുധാകരന്റെ നിലപാട്.
പാർട്ടി പുനഃസംഘടനയുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധവും നിലപാടും ഹൈക്കമാൻഡിനെ അറിയിക്കാൻ ഉമ്മൻ ചാണ്ടി സോണിയ ഗാന്ധിയെ നേരിൽ കണ്ടു. രാവിലെ 11.30 ഓടേയായിരുന്നു കൂടിക്കാഴ്ച.

കെ പി സി സി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അടങ്ങുന്ന നിലവിലെ നേതൃത്വം ഏകപക്ഷീയ നിലപാട് എടുക്കുകയാണെന്ന് ഉമ്മൻ ചാണ്ടി സോണിയ ഗാന്ധിയെ അറിയിച്ചു. എല്ലാ നേതാക്കളേയും വിശ്വാസത്തിലെടുക്കണം. പുനഃസംഘടന തുടരുണ്ടോയെന്ന് എഐസിസി വ്യക്തത വരുത്തണമെന്നും ഉമ്മൻ ചാണ്ടി സോണിയ ഗാന്ധിയെ അറിയിച്ചു.

കേരളത്തിലെ വിഷയം ചർച്ചയായെന്നും എന്നാൽ ചർച്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താനാവില്ലെന്നും ഉമ്മൻ ചാണ്ടി പ്രതികരിച്ചു. സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ പുനഃസംഘടന വേണ്ടെന്നും നടപടികൾ നിർത്തിവയ്ക്കണമെന്നുമാണ് ഉമ്മൻ ചാണ്ടിയുടെ ആവശ്യം. ഇതേ നിലപാടാണ് രമേശ് ചെന്നിത്തലക്കും.

എന്നാൽ, താൻ ആന്ധ്രപ്രദേശ് കോൺഗ്രസിലെ വിഷയങ്ങൾ ബോധിപ്പിക്കാനാണ് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്‌ച്ച നടത്തുന്നതെന്നാണ് ഉമ്മൻ ചാണ്ടി നേരത്തെ ഡൽഹിയിൽ പ്രതികരിച്ചത്. കേരളത്തിലെ പുനഃസംഘടനാ വിഷയങ്ങൾ സംബന്ധിച്ച കാര്യങ്ങളെല്ലാം സംസ്ഥാനത്തെ ജനറൽ സെക്രട്ടറിയോട് പറഞ്ഞിട്ടുണ്ടെന്നും ഉമ്മൻ ചാണ്ടി വിശദീകരിച്ചു. അതിനിടെ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ പരാതി അറിയിച്ചു. പാർട്ടിയെ തകർക്കാനാണ് ഇരുവരുടെയും നീക്കമെന്നും, മക്കൾക്ക് വേണ്ടിയാണ് തലമുറ മാറ്റം എതിർക്കുന്നതെന്നുമാണ് പരാതിക്കാർ ഉന്നയിക്കുന്നത്. പുനഃസംഘടനക്കെതിരായ നീക്കത്തിൽ നിന്ന് നേതാക്കളെ ഹൈക്കമാൻഡ് പിന്തിരിപ്പിക്കണമെന്നും പരാതിക്കാർ ആവശ്യപ്പെടുന്നതായി ടെലിവിഷൻ ചാനൽ റിപ്പോർട്ട് ചെയ്യുന്നു.

സംഘടന തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ സംസ്ഥാന കോൺഗ്രസിൽ പുനഃസംഘടന ആവശ്യമില്ലെന്നാണ് എ ഐ ഗ്രൂപ്പുകളുടെ നിലപാട്. ഇതിനകം വിഷയം സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവറിനെ അറിയിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടിയുടെ അതൃപ്തി താരിഖ് അൻവർ പരസ്യമാക്കുകയും ചെയ്തിരുന്നു. ചില കാര്യങ്ങളിൽ നേതാക്കൾക്ക് അതൃപ്തിയുണ്ടാവുക സ്വാഭാവികമാണ്. ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കും. ശേഷം പുനഃസംഘടന നടപടികളിൽ സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തുമെന്നും താരിഖ് അൻവർ പറഞ്ഞിരുന്നു. പുനഃസംഘടനയിലെ അതൃപ്തി അറിയിക്കാൻ അടുത്തയാഴ്‌ച്ച രമേശ് ചെന്നിത്തലയുംസോണിയാ ഗാന്ധിയെ കണ്ടേക്കും.

നവംബർ രണ്ടിന് ചേർന്ന കോൺഗ്രസ് നേതൃയോഗത്തിൽ എ വിഭാഗം നേതാക്കൾ പുനഃ സംഘടന നീട്ടി വെക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കെ.സുധാകരൻ വഴങ്ങിയില്ല. ജനുവരി 10 വരെ എങ്കിലും സംസ്ഥാനങ്ങളിൽ പുനഃ സംഘടന തുടരുന്നതിൽ കുഴപ്പമില്ലെന്നാണ് ഹൈക്കമാൻഡിന്റെ തീരുമാനം. അതുകൊണ്ടാണ് എഗ്രൂപ്പും, രമേശ് ചെന്നിത്തലയ്ക്ക് ഒപ്പം നിൽക്കുന്ന ഐ വിഭാഗവും പുനഃ സംഘടന ഒഴിവാക്കണമെന്ന് സോണിയയോട് ആവശ്യപ്പെടുന്നത്.