തിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തിന് സ്പെഷൽ കിറ്റ് നൽകാൻ മന്ത്രിസഭാ തീരുമാനം. എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഭക്ഷ്യ കിറ്റ് നൽകും. റേഷൻ വ്യാപാരികൾക്ക് ഏഴരലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച ജീവനക്കാരൻ ഹർഷാദിന്റെ കുടുംബത്തിന് 20 ലക്ഷം രൂപ സഹായധനം നൽകാനും സർക്കാർ തീരുമാനിച്ചു. ഇതിൽ 10 ലക്ഷം രൂപ വീടു നിർമ്മാണത്തിനായി നൽകും.

കുടുംബത്തിന്റെ ആശ്രിതയ്ക്ക് സർക്കാർ ജോലി നൽകും. കുട്ടിക്ക് 18 വയസ്സുവരെ വിദ്യാഭ്യാസചെലവ് സർക്കാർ ഏറ്റെടുക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ മാസം 21 മുതൽ നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

ബജറ്റ് വകുപ്പ് തിരിച്ച് പാസ്സാക്കലാണ് നിയമസഭ സമ്മേളനത്തിന്റെ പ്രധാന അജണ്ട. അതേസമയം സസ്പെൻഷൻ കാലാവധി അവസാനിക്കുന്ന എം ശിവശങ്കറെ സർവീസിൽ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് മന്ത്രിസഭായോഗം തീരുമാനമെടുത്തില്ല.