കൊല്ലം: ഇ ബുൾ ജെറ്റ് വ്‌ലോഗ് ചെയ്യുന്ന സഹോദരങ്ങളെ കണ്ണൂരിൽ അറസ്റ്റ് ചെയ്തുമായി ബന്ധപ്പെട്ട് പൊലീസിനെയും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെയും സമൂഹ മാധ്യമത്തിലൂടെ അസഭ്യം പറഞ്ഞ യൂടൂബറെ കൊല്ലത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കാവനാട് കന്നിമേൽചേരി കളീയിലിത്തറ വീട്ടിൽ റിച്ചാർഡ് റിച്ചുവിനെയാണ് അറസ്റ്റ് ചെയ്തത്. ഇരുപത്തിയെട്ടുകാരനായ ഇയാൾ 'പൊളി സാനം' എന്ന പേരിൽ സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്നയാളാണ്.

ഇബുൾ ജെറ്റ് വിഷയത്തിൽ പൊലീസിനും മോട്ടർ വാഹന വകുപ്പിനും എതിരെ കലാപ ആഹ്വാനം നടത്തിയതിനും സമൂഹ മാധ്യമങ്ങളിലൂടെ അസഭ്യം പറഞ്ഞതിനുമാണ് റിച്ചാർഡ് റിച്ചുവിനെ(28) ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. 4 മിനിറ്റും 11 സെക്കന്റുമുള്ള വീഡിയോ കലാപാഹ്വാനത്തിന് വഴിവയ്ക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്

ദൃശ്യങ്ങൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് സൈബർസെൽ സിഐ മുഹമദ്ഖാന്റെ സഹായത്തോടെ ശക്തികുളങ്ങര സിഐ ബിജു പ്രതിയെ പിടികൂടി. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ മൊബൈൽ ഫോണും പെൻഡ്രൈവും പിടിച്ചെടുത്തു.

തെളിവ് ശേഖരണത്തിന്റെ ഭാഗമായി റിച്ചാർഡിന്റെ മൊബൈൽഫോണും പെൻഡ്രൈവും ഫോറൻസിക് ലാബിലേക്ക് അയക്കും.ഐ.പി.സി.153,294.ബി,34 വകുപ്പുകൾ പ്രകാരം സാമൂഹ്യമാധ്യമങളിലൂടെ കലാപാഹ്വാനം, അസഭ്യവർഷം, തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.

കഴിഞ്ഞ ദിവസം കണ്ണൂരിൽ സഹോദരങ്ങളായ യുട്യൂബ് വ്‌ലോഗർമാരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചാണ് ഇയാൾ സമൂഹമാധ്യമത്തിലൂടെ പൊലീസിനെ അസഭ്യം പറഞ്ഞത്. കലാപം ഉണ്ടാക്കാൻ ശ്രമിച്ചുവെന്നു കണ്ടെത്തിയതിനെ തുടർന്ന് ഐപിസി 153 അടക്കമുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. വിഡിയോ ചിത്രീകരിച്ച ശേഷം ചെല്ലാനം സ്വദേശിക്ക് അയയ്ക്കുകയും ഇയാളുടെ യുട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്യുകയുമായിരുന്നെന്നു പൊലീസ് പറഞ്ഞു.

ഇയാൾക്കെതിരെയും കേസെടുക്കും. ഒട്ടേറെ പേർ വിഡിയോ ഷെയർ ചെയ്തിരുന്നു. ഇബുൾ ജെറ്റിന്റെ അറസ്റ്റിലൂടെ കേരള പൊലീസ് നാണം കെടുകയാണെന്നാണ് റിച്ചാർഡ് വിഡിയോയിൽ പറയുന്നത്. ട്രാവൽ വ്‌ലോഗേഴ്‌സിന്റെ വീട്ടിൽ കിടക്കുന്ന വണ്ടി എടുത്തുകൊണ്ടുവരാൻ എന്ത് അധികാരമാണ് ഉള്ളതെന്നും മോട്ടർ വെഹിക്കിൾ ഉദ്യോഗസ്ഥർ ഗുണ്ടകളാണെന്നും പറയുന്നു. പൊലീസ് ജീപ്പിന് ഇൻഷുറൻസുണ്ടോ ആർസിയുണ്ടോ എന്നുമൊക്കെ റിച്ചാർഡ് വിഡിയോയിൽ ചോദിക്കുന്നുണ്ട്.

രൂക്ഷമായ അസഭ്യങ്ങൾ നിറഞ്ഞ പ്രയോഗങ്ങളാണ് ഇയാൾ പൊലീസിന് നേരെയും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ നേരെയും ഇയാൾ നടത്തിയത്. ഇ ബുൾ ജെറ്റുകാരെ പിന്തുണച്ച് കൊണ്ടായിരുന്നു തെറിവിളികൾ. പൊലീസിന് നേരെ ആക്രമണം നടത്താനും ഇയാൾ വീഡിയോയിലൂടെ ആഹ്വാനം ചെയ്യുന്നുണ്ട്. നേരത്തെയും തെറിവിളി വീഡിയോകളിലൂടെ ഇയാൾ സോഷ്യൽ മീഡിയയിൽ സംസാരമായിട്ടുണ്ട്.

'എയർ ഗൺ' പരീക്ഷിക്കുന്ന വിഡിയോയിലൂടെയാണ് മുൻപ് റിച്ചാർഡ് ശ്രദ്ധനേടിയത്. ഇയാൾക്കു വിവിധ സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ ഫോളോവേഴ്‌സ് ഉണ്ട്. വിഡിയോ പങ്കുവച്ചവർക്കെതിരെയും കേസുണ്ടാകുമെന്നും ഇയാളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും ശക്തികുളങ്ങര പൊലീസ് പറഞ്ഞു.

അതേ സമയം ജാമ്യം കിട്ടിയ ഈ ബുൾ ജെറ്റ് വ്‌ലോഗർമാരായ ലിബിനും എബിനും അഭിഭാഷകർക്കും കുടുംബാംഗങ്ങൾക്കും ഒപ്പം വീട്ടിലേക്ക് മടങ്ങി. ജാമ്യവാർത്ത അറിഞ്ഞ് ഇവരെ കാണാനായി നിരവധി പേരാണ് സബ് ജയിലിന് ചുറ്റും തടിച്ച് കൂടിയത്. പൊലീസെത്തി ആളുകളെ നിയന്ത്രിച്ചാണ് ഇരുവരെയും വാഹനത്തിൽ കയറ്റിയത്. കണ്ണൂർ ആർടിഒ ഓഫീസിലെത്തി പൊതുമുതൽ നശിപ്പിച്ചെന്നും ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്നും കാട്ടി ഇന്നലെയാണ് പൊലീസ് ലിബിനെയും എബിനെയും അറസ്റ്റ് ചെയ്തത്.