തിരുവനന്തപുരം: സ്വീവേജ് പൈപ്പ് പൊട്ടിയതിനാൽ കഴക്കൂട്ടം - കാരോട് ബൈപ്പാസിൽ ഈഞ്ചയ്ക്കൽ മുതൽ പരുത്തിക്കുഴി വരെയുള്ള റോഡ് ദേശീയപതാ അഥോറിറ്റി അധികൃതർ അടച്ചിട്ട് 23 ദിവസം പിന്നിട്ടിട്ടും പ്രശ്നം പരിഹരിച്ച് ഗതാഗതം പുനഃസ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് റോഡിൽ ഒറ്റയാൾ പ്രതിഷേധം. എൻ.എസ്.സി ജില്ലാ പ്രസിഡന്റും പൊതുപ്രവർത്തകനുമായ അജു കെ. മധുവാണ് റോഡ് മധ്യത്തിൽ കിടന്ന് പ്രതിഷേധിച്ചത്.

ദിവസങ്ങളായി റോഡ് അടച്ചിട്ടിട്ടും പണി പൂർത്തിയാക്കി റോഡ് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാൻ അധികാരികൾ തയ്യാറാകുന്നില്ലെന്ന് അജു ആരോപിച്ചു. ടോൾ അടച്ചുവരുന്ന വാഹനങ്ങളും ഇവിടെയെത്തുമ്പോൾ സർവ്വീസ് റോഡിലേയ്ക്ക് ഇറങ്ങി ബ്ലോക്കിൽ കുടുങ്ങേണ്ട അവസ്ഥയാണുള്ളതെന്നും അജു പറഞ്ഞു. പിന്നീട് പൊലീസെത്തി അജുവിനെ അറസ്റ്റ് ചെയ്ത് നീക്കി.

കോടികൾ മുടക്കി നിർമ്മിച്ച റോഡിൽ ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ചോർച്ച ഉണ്ടാകുകയായിരുന്നു. ആദ്യം പൈപ്പ് പൊട്ടിയത് എവിടെയാണെന്ന് അറിയാതെ റോഡ് അടയ്ക്കുകയായിരുന്നു. പിന്നീട് മുട്ടത്തറ കല്ലുമ്മൂട് സ്വീവേജ് പൈപ്പിൽ വൻചോർച്ചയുണ്ടായെന്ന് കണ്ടെത്തി. റോഡിന്റെ ഓവർബ്രിഡ്ജ് ഭാഗത്തുണ്ടായ ചോർച്ച ദിനംപ്രതി വർദ്ധിക്കുകയാണ്. ഈ പ്രശ്നത്തിന് പരിഹാരം കാണാൻ ദേശീയപാതാ അഥോറിറ്റിക്ക് കഴിഞ്ഞില്ലെങ്കിൽ മലിനജലം സർവീസ് റോഡിലേക്കും ഒഴുകും. ഇതുവഴിയുള്ള ഗാതാഗതം താറുമാറായിരിക്കുകയാണ്.

കുമരിച്ചന്ത ഭാഗത്തുനിന്ന് ഈഞ്ചയ്ക്കൽ - ചാക്ക - കഴക്കൂട്ടം ബൈപ്പാസിലേക്ക് കയറേണ്ട വാഹനങ്ങളെ പരുത്തിക്കുഴി ജംഗ്ഷൻ ഭാഗത്തുനിന്ന് സർവീസ് റോഡിലേക്ക് വഴിതിരിച്ച് വിട്ടിരിക്കുകയാണ്. തുടർന്നുണ്ടാകുന്ന വൻ ഗതാഗതക്കുരുക്ക് ജനത്തെ പൊറുതിമുട്ടിക്കുകയാണ്. ശംഖുംമുഖം റോഡ് അടച്ചിരിക്കുന്നതിനാൽ തിരുവനന്തപുരം വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിലേക്ക് പോകേണ്ട വാഹനങ്ങൾ കല്ലുമ്മൂട് അണ്ടർപ്പാസ് കടന്നാണ് പോകുന്നത്. തമിഴ്‌നാട് ഭാഗത്തു നിന്ന് ആഭ്യന്തര വിമാനത്താവളത്തിലേക്ക് പോകുന്ന വാഹനങ്ങളും കല്ലുമൂട് നിന്ന് വളഞ്ഞാണ് പോകേണ്ടത്. ഇക്കാരണത്താൽ പുലർച്ചെ അഞ്ച് മുതൽ പരുത്തിക്കുഴിമുതൽ ഈഞ്ചയ്ക്കൽ സിഗ്നൽ വരെ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഒച്ചിഴയും വേഗത്തിലാണ് ഇതുവഴി വാഹനങ്ങൾക്ക് കടന്നുപോകാനാവുക.

മഴ പെയ്താൽ കുഴയും

മഴ ഉള്ള ദിവസങ്ങളിൽ മുട്ടത്തറയിലെ സർവീസ് റോഡിലൂടെ വാഹനം ഓടിച്ചുപോകാൻ കഴിയാത്തവിധം വെള്ളക്കെട്ട് ഉണ്ടാകാറുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തപ്പോൾ ബൈപ്പാസിലേക്കും വെള്ളക്കെട്ട് നീണ്ടതാണ്. ഈ സാഹചര്യത്തിൽ സർവീസ് റോഡിലെ വെള്ളക്കെട്ടിലൂടെ വാഹനങ്ങൾ കടത്തിവിടുന്നത് അപകടമുണ്ടാകാനുള്ള സാധ്യതകളുണ്ട്.

റോഡ് അടച്ചിട്ടും ടോൾ

തിരുവല്ലത്ത് ടോൾ കൊടുത്ത് കടന്നുവരുന്ന വാഹനങ്ങളാണ് സർവീസ് റോഡിലെ കുരുക്കിൽപ്പെടുന്നത്. ടോൾ പ്ലാസ കഴിഞ്ഞ രണ്ട് കിലോമീറ്റർ എത്തും മുമ്പെയാണ് റോഡ് അടച്ചിരിക്കുന്നത്. ഈഞ്ചയ്ക്കൽ കഴിഞ്ഞ് നഗരത്തിലേക്ക് പ്രവേശിക്കുന്നവർക്ക് പിന്നെ ബൈപ്പാസ് ഉപയോഗിക്കേണ്ട ആവശ്യവുമില്ല. ബൈപ്പാസ് പണി പൂർത്തിയാകും മുമ്പേ ടോൾ പിരിക്കുന്നതിനെതിരെ സമരം നടത്തിയ രാഷ്ട്രീയ പാർട്ടിക്കാർ പിൻവാങ്ങിയതിനെ തുടർന്നാണ് ടോൾ പിരിവ് ആരംഭിച്ചത്. റോഡ് അടച്ച സാഹചര്യത്തിൽ ടോൾ പിരിവ് നടത്താൻ പാടില്ലെന്നാണ് വാഹന ഉടമകളുടെ ആവശ്യം.