ആലുവ: ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് അടുത്തിടെ ലഭിക്കുന്ന പരാതികൾ ഞെട്ടിക്കുന്നതും ആശ്ചര്യമുളവാക്കുന്നവയുമാണെന്ന് റൂറൽ പൊലീസ് മേധാവി കെ കാർത്തിക്ക്. ജനങ്ങൾ വിശ്വാസത്തിലെടുക്കാൻ ജോലി ചെയ്യുന്നത്‌വിവിധ ഗവൺമെന്റ് ഏജൻസികളിലാണെന്നു പറയുകയും, അതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ വ്യാജ ചിത്രങ്ങളും, ഐഡി കാർഡുകളും അയക്കുകയും ചെയ്യുകയാണ് തട്ടിപ്പിന്റെ പുതിയ രൂപം. ഇത് യാഥാർത്ഥ്യമാണെന്ന് വിശ്വസിച്ച് കൂടുതൽ പേർ തട്ടിപ്പിൽ അകപ്പെടുന്നുണ്ടെന്നാണ് പരാതികളിൽ നിന്നും വ്യക്തമാവുന്നതെന്നും തട്ടിപ്പിൽ അകപ്പെടാതിരിക്കാൻ പൊതുജനങ്ങൾ കൂടുതൽ ശ്രദ്ധിക്കണന്നും എസ് പി ആവശ്യപ്പെടുന്നു.

മിലിറ്ററിയിൽ നിന്നാണെന്നും പറഞ്ഞാണ് ആലുവയിൽ ചെറുകിട മീൻ വിൽപ്പന നടത്തുന്നയാൾക്ക് മൊബൈലിൽ വിളിവന്നത്. നാലാം മൈലിൽ ഒരു ഓപ്പറേഷന്റെ ഭാഗമായി ക്യാമ്പ് ചെയ്തിട്ടുണ്ടെന്നും പത്ത് കിലോഗ്രാം മീൻ വേണമെന്നുമായിരുന്നു ഹിന്ദിയിൽ പറഞ്ഞത്. പട്ടാളക്കാരോട് സ്‌നേഹവും അടുപ്പവുമുള്ള കച്ചവടക്കാരൻ മീൻ ഒരുക്കി വച്ചു. ഡ്രൈവറെ അയച്ച് മീൻ വാങ്ങിക്കോളാമെന്നും വിളിച്ചവർ പറഞ്ഞു. പണം ഗൂഗിൾ പേ വഴി അയക്കാൻ വിൽപനക്കാരൻ ആവശ്യപ്പെട്ടപ്പോൾ മിലിട്ടറിയിൽ ആ സംവിധാനം ഇല്ലെന്നും 'കാർഡ് ടു കാർഡ് ' വഴി അയച്ചു തരാമെന്നും മറുപടി നൽകി.

അതിനായി എ.ടി.എം കാർഡിന്റെ രണ്ടുവശവും ഫോട്ടോയെടുത്ത് വാട്‌സ് ആപ്പ് വഴി അയക്കാൻ ആവശ്യപ്പെടുകയും, കച്ചവടക്കാരൻ അതുപോലെ ചെയ്യുകയും ചെയ്തു. വിളിക്കുന്നത് പട്ടാളക്കാരനാണെന്ന് ഉറപ്പു വരുത്താൻ വിളിച്ചയാൾ തിരിച്ചറിയൽ കാർഡിന്റെ കോപ്പിയും , ഫോട്ടോയും അയച്ചു നൽകി. വിൽപ്പനക്കാരന് മൊബൈലിൽ വന്ന ഒ.ടി.പി നമ്പർ കൂടി അയച്ചു കൊടുത്തുകഴിഞ്ഞപ്പോൾ അക്കൗണ്ടിൽ ആകെ ഉണ്ടായിരുന്ന 2650 രൂപ സംഘം തൂത്തുപെറുക്കി കൊണ്ടുപോയി. തലേന്ന് ഗൂഗിൾ പേ വഴി കിട്ടിയതും ആശുപത്രിയിൽ കൊണ്ടുപോകാൻ വച്ചതുമായ തുകയാണ് ഒൺലൈൻ തട്ടിപ്പു സംഘം കൊണ്ടുപോയത്.

കീഴ്മാട് കോഴിക്കച്ചവടം നടത്തുന്ന സുബിൻ തക്ക സമയത്ത് ബുദ്ധിപരമായി പ്രവർത്തിച്ചതു കൊണ്ടാണ് തട്ടിപ്പിൽ നിന്ന് രക്ഷപെട്ടത്. മിലിട്ടറിയിൽ നിന്നാണെന്ന് പറഞ്ഞാണ് സുബിനും വിളി വന്നത്. ആലുവയിൽ രഹസ്യമായി ക്യാമ്പ് ചെയ്തിരിക്കുകയാണെന്നും 15 കിലോഗ്രാം ഇറച്ചി വേണമെന്നുമായിരുന്നു ആവശ്യം. ഇറച്ചി തയ്യാറാക്കിയ ശേഷം വീണ്ടും വിളി വന്നു. പണം അക്കൗണ്ടിലിടാൻ എ.ടി.എം കാർഡിന്റെ ഇരുവശവും ഫോട്ടോയെടുത്ത് അയക്കാൻ പറഞ്ഞു.

തട്ടിപ്പാണെന്ന് മനസിലാക്കിയ സുബിൻ ഉപയോഗിക്കാത്ത അക്കൗണ്ടിൽ രണ്ടു രൂപ മാത്രമുള്ള എ.ടി.എം കാർഡിന്റെ ചിത്രം അയച്ചു കൊടുത്തു. മിനിമം ആയിരം രൂപയുള്ള എ.ടി.എം കാർഡേ എടുക്കൂ എന്ന മറുപടിയാണ് ലഭിച്ചത്. സുബിൻ കൂടുതൽ സംസാരത്തിന് നിൽക്കാതെ ഫോൺ കട്ട് ചെയ്ത് മുറിച്ച് വച്ച മാംസം കൂട്ടുകാർക്ക് ഫ്രീയായി വിതരണം ചെയ്തു.

ഹോട്ടലുകളിലേക്ക് വിളിച്ച് ഭക്ഷണം ഓർഡർ ചെയ്തും ഇത്തരം തട്ടിപ്പ് വ്യാപകമായി നടക്കുന്നണ്ട്. എസ് പി വ്യക്തമാക്കി. ഒരുകാരണവശാലും എ.ടി.എം കാർഡിലെ നമ്പറുകൾ പറഞ്ഞു കൊടുക്കുകയോ ചിത്രം ആയച്ചു കൊടുക്കുകയോ അരുത്. ഒ.ടി.പി നമ്പറുകളും പങ്കു വയ്ക്കരുത്. അങ്ങനെ ചെയ്താൽ സാമ്പത്തിക നഷ്ടം വരുമെന്നും എസ് പി കൂട്ടിച്ചേർത്തു. ഇത്തരത്തിൽപ്പെട്ട തട്ടിപ്പുകളെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായും എസ്‌പി അറിയിച്ചു.