കൊച്ചി: ഓൺലൈൻ റമ്മി കളി തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയെ തുടർന്ന് ബ്രാൻഡ് അംബാസിഡർമാർക്ക് ഹൈക്കോടതി നോട്ടീസ്. നടൻ അജു വർഗീസ്, നടി തമന്ന, ക്രിക്കറ്റ് താരം വിരാട് കോലി എന്നിവർക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. റമ്മി കളി തടയണമെന്ന ഹർജിയെ തുടർന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിനോടും ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. പൊതു പ്രവർത്തകൻ പോളി വടക്കൻ സമർപ്പിച്ച ഹർജിയിലാണ് നടപടി.

21 ലക്ഷം രൂപ ഓൺലൈൻ റമ്മി കളിയിൽ നഷ്ടപ്പെട്ട യുവാവ് ആത്മഹത്യ ചെയ്തിരുന്നു. ഓൺലൈൻ റമ്മിയിൽ ലക്ഷകണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതിനെ തുടർന്ന് വീടിന് സമീപത്തെ പറമ്പിൽ തൂങ്ങിമരിച്ചത്. തിരുവനന്തപുരം സ്വദേശിയായ വിനീതാണ് ഓൺലൈൻ റമ്മി കളിയിൽ പണം നഷ്ടപ്പെട്ടതിനെ തുടർന്ന് ആത്മഹത്യ ചെയ്തത്.

പല പ്രാവശ്യത്തെ കളിയിലൂടെയാണ് വിനീതിന് 21 ലക്ഷം രൂപ നഷ്ടപ്പെട്ടത്. ഏതാണ്ട് ഒരു വർഷത്തോളമായി വിനീത് റമ്മികളിക്ക് അടിമപ്പെട്ട നിലയിലായിരുന്നു. സ്വകാര്യകമ്പനികളിൽ നിന്നെല്ലാം പണം വായ്‌പ്പയെടുത്തിട്ടാണ് വിനീത് ഓൺലൈനായി റമ്മി കളിച്ചിരുന്നത്. എന്നാൽ പല കളികളിലും കൈയിലെ പണം നഷ്ടപ്പെട്ടതോടെ ലക്ഷക്കണക്കിന് രൂപയുടെ കടക്കാരനാവുകയായിരുന്നു.

മറ്റ് പോംവഴികൾ ഇല്ലാതെയായതോടെ ഒരു വിനീത് വീട്ടിൽ നിന്നും ഒളിച്ചോടിപ്പോയിരുന്നു. പൊലീസ് ഇടപെട്ടാണ് വിനീതിനെ അന്ന് കണ്ടെത്തി തിരികെ വീട്ടിലേക്ക് കൊണ്ടുവന്നത്. പക്ഷേ വീട്ടിലേക്ക് തിരികെ എത്തിയിട്ടും വിഷാദത്തിന് അടിമയായിരുന്നു വിനീതെന്നും വീട്ടുകാർ പറയുന്നു. വിനീത് ഏറ്റവും കൂടുതൽ റമ്മി കളിച്ചിരുന്നത് ലോക്ക്ഡൗൺ കാലത്താണ്. എന്നാൽ വീട്ടുകാർ ഇക്കാര്യം അറിയുന്നത് 21 ലക്ഷത്തിന്റെ കടം വന്നതിനു ശേഷമാണ്. പിന്നീട് വീട്ടുകാർ ഇടപെട്ട് കുറച്ച് പണം തിരികെ അടക്കുകയായിരുന്നു. ഐഎസ്ആർഒയിലെ കരാർ ജീവനക്കാരനായിരുന്നു വിനീത്.

ലോക്ഡൗണിൽ പലരും വീടുകളിൽ ഒതുങ്ങി കൂടിയപ്പോഴാണ് നിരവധി ഓൺലൈൻ കളികളും രൂപപ്പെട്ടത്. അത്തരത്തിലുള്ള ഒരു ഓൺലൈൻ ഗെയിംമാണ് റമ്മി. ഓൺലൈൻ റമ്മി കളിയിലൂടെ പലർക്കും നഷ്ടമായത് പണം മാത്രമല്ല, പലരുടെയും ജീവിതവും കൂടിയാണ്. റമ്മി കളിയിലൂടെ ചതികുഴിയിലകപ്പെട്ടത് നിരവധി പേരാണ്. കോഴിക്കോട്ടുള്ള 23 കാരൻ റമ്മി കളിയുടെ മായിക ലോകത്താണ്. മറ്റൊന്നും അയാൾ അറിയുന്നില്ല. ഭർത്താവിന്റെ റമ്മി കളി കാരണം ഒരു വീട്ടമ്മയ്ക്ക് നഷ്ടമായത് ലക്ഷങ്ങളുടെ സമ്പാദ്യം.

റമ്മി കളിയിലൂടെ ജീവിതം കൈവിടുന്നുവെന്ന് അറിയുന്നുണ്ടായിരുന്നു. എന്നാൽ റമ്മി കളിയിലൂടെ തന്നെ ജീവിതം തിരിച്ചു പിടിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു ചെറുപ്പക്കാർ.കളിയിൽ നിന്ന് കരകയറാൻ കളിയുടെയും കഞ്ചാവിന്റെയും ലഹരി അനുവദിച്ചില്ല. വിഭ്രാന്തിയുടെ മൂർത്താവസ്ഥയിൽ കൂലിപ്പണിക്കാരനായ അച്ഛനേയും കിടപ്പുരോഗിയായ അമ്മയേയും മർദ്ദിക്കുന്നതിൽ വരെ കാര്യങ്ങളെത്തിയെന്ന് ചെറുപ്പക്കാരൻ തുറന്നു പറയുന്നു. സമ്പാദ്യമാകെ ചൂതു കളി കൊണ്ടുപോയ കഥയാണ് വീട്ടമ്മയ്ക്ക് പറയാനുള്ളത്. വില്ലനായത് ഭർത്താവിന്റെ ഓൺലൈൻ ചീട്ടുകളി ശീലം. നഷ്ടമായത് അന്യന്റെ അടുക്കളയിൽ വിയർപ്പൊഴുക്കി സ്വരൂകൂട്ടിയ മൂന്നരലക്ഷം രൂപയാണ്. ഇത്തരം നിരവധി സംഭവങ്ങൾ റിപ്പോർട്ടു ചെയ്തതോടെയാണ് കോടതിയിലേക്ക് കേസ് എത്തിയത്.