ന്യൂഡൽഹി: നേമം നിയമസഭാ മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാൻഡ്. ഇതിന് പിന്നാലെ ഉമ്മൻ ചാണ്ടി മത്സരിക്കുമെന്ന് റിപ്പോർട്ടും പുറത്തുവന്നെങ്കിലും അദ്ദേഹം തീർത്തു പറഞ്ഞില്ല. പുതുപ്പള്ളിയിൽ ചാണ്ടിഉമ്മൻ മത്സരിപ്പിക്കാനാണ് ധാരണ ഉണ്ടാക്കിയത്. രമേശ് ചെന്നിത്തല, കെ മുരളീധരൻ, ഉമ്മൻ ചാണ്ടി എന്നിവരിൽ ആരെങ്കിലും ഒരാൾ മത്സരിക്കണമെന്നായിരുന്നു സ്‌ക്രീനിങ് കമ്മിറ്റിയിൽ ഉയർന്നത്.

ഉമ്മൻ ചാണ്ടിയെ നേമത്ത് മത്സരിപ്പിക്കാനുള്ള നിർദ്ദേശം വച്ചത് ഹൈക്കമാൻഡാണ്. ഇത് കേരളത്തിൽ ഉടനീളം പ്രതിഫലിക്കുമെന്ന നിലപാടിലാണ് ഹൈക്കമാൻഡ് പറയുന്നത്. നാളെ ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും. ഉമ്മൻ ചാണ്ടി ഇക്കാര്യത്തിൽ പൂർണ സമ്മതം അറിയിച്ചിട്ടില്ല. ബിജെപിയുടെ ഏക സിറ്റിങ് സീറ്റായ നേമത്ത് കരുത്തനായ നേതാവ് തന്നെ മത്സരത്തിന് ഇറങ്ങണമെന്ന ഉറച്ച നിലപാടിലായിരുന്നു കോൺഗ്രസ് ദേശീയ നേതൃത്വം.

അതിനിടെ, നേമത്തിൽ ഇതുവരെ ഒരു തീരുമാനം കൈ കൊണ്ടിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നേമത്ത് ബിജെപിയെ പരാജയപ്പെടുത്താനുള്ള തന്ത്രങ്ങൾ സ്വീകരിക്കും. കോൺഗ്രസിന്റെ കേരളത്തിലെ ചരിത്രത്തിലെ ഏറ്റവും അംഗീകാരം ലഭിക്കുന്ന പട്ടികയാകും പുറത്തിറക്കുകയെന്നും അദ്ദേഹം പറഞ്ഞു. നേമത്ത് അവൻ വരുമെന്ന് പോസ്റ്ററുകൾ ഉണ്ടല്ലോ എന്നു ചോദിച്ചപ്പോൾ കരുത്തനായ സ്ഥാനാർത്ഥി തന്നെ വരും. അതൊരു സസ്‌പെൻസ് ആയിരിക്കട്ടെയെന്നാണ് ചെന്നിത്തല പ്രതകികരിച്ചത്. എന്നാൽ താൻ അമ്പതുകൊല്ലമായി മത്സരിക്കുന്നത് പുതുപ്പള്ളിയിലാണ്. പിന്നെ എങ്ങനെയാണ് ഈ വാർത്ത വന്നത് എന്നറിയില്ല എന്നാണ് ഉമ്മൻ ചാണ്ടി വാർത്തയോട് പ്രതികരിച്ചത്.

അതേസമയം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായുള്ള ചർച്ചയ്ക്ക് ശേഷമാകും അന്തിമ തീരുമാനം എന്നാണ് അറിയുന്നത്. എന്നാൽ ഹൈക്കമാൻഡ് പറഞ്ഞാൽ മത്സരിക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല. ബിജെപിയുടെ ഏക സിറ്റിങ് സീറ്റായ നേമത്ത് കരുത്തനായ നേതാവ് തന്നെ മത്സരത്തിന് ഇറങ്ങണമെന്ന ഉറച്ച നിലപാടിലായിരുന്നു കോൺഗ്രസ് ദേശീയ നേതൃത്വം. നേമം കൂടാതെ, കഴക്കൂട്ടം, വട്ടിയൂർക്കാവ് എന്നിവിടങ്ങളിൽ ബിജെപി ശക്തി വർധിപ്പിച്ചിരുന്നു. കെ. മുരളീധരന്റെ പേരും നേമത്തേക്കു സജീവമായി പരിഗണിച്ചിരുന്നു. കഴിഞ്ഞതവണ ഒ. രാജഗോപാൽ വിജയിച്ച മണ്ഡലത്തിൽ ബിജെപിയെ പ്രതിരോധിക്കാൻ സിപിഎമ്മേ ഉള്ളൂവെന്ന പ്രചാരണത്തിന്റെ മുനയൊടിക്കാൻ ഉമ്മൻ ചാണ്ടിയെപ്പോലെ ശക്തനായ ആളുടെ സ്ഥാനാർത്ഥിത്വം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കെ മുരളീധരന്റെ പേരും നേമത്തേക്ക് സജീവമായി പരിഗണിച്ചിരുന്നു. എന്നാൽ എംപിമാർ മത്സര രംഗത്തേക്ക് വരേണ്ടതില്ലെന്ന പൊതുനിലപാടാണ് തടസം. കെ മുരളീധരൻ മത്സരത്തിന് സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും കെ മുരളീധരന് വേണ്ടി മാത്രം ഇളവ് അനുവദിച്ചാൽ നിയമസഭയിലേക്ക് മത്സര സന്നദ്ധത അറിയിച്ച മറ്റുള്ളവരുടെ അതൃപ്തിക്കും അത് കാരണമാകും. എന്തായാലും എംപിമാർ മത്സര രംഗത്ത് ഉണ്ടാകുമോ എന്ന് നാളെ അറിയാമെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കിയത്. ഒറ്റഘട്ടമായി നാളെ വൈകീട്ട് പട്ടിക പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.