കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിൽ രൂപം കൊണ്ട വെൽഫയർ പാർട്ടിയുമായി രാഷ്ട്രീയ സഖ്യം ഉണ്ടാക്കിയാണ് യുഡിഎഫ് ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇതിനെതിരെ കോൺഗ്രസിൽ തന്നെ ഭിന്നതുകളും ഉണ്ട്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഈ ബന്ധം അംഗീകരിച്ചിട്ടില്ല. മുതിർന്ന നേതാവ് കെ സി വേണുഗോപാൽ അടക്കമുള്ളവരും വെൽഫെയർ സഖ്യത്തെ തള്ളിക്കളയുകയാണ്. പക്ഷേ മുസ്ലീലീഗാണ് ഈ സഖ്യവുമായി ഉറച്ച് മുന്നോട്ട് നീങ്ങുന്നത്.

വെൽഫെയർ പാർട്ടിക്കും ജമാഅത്തെ ഇസ്ലാമിക്കും തീവ്രവാദ ബന്ധങ്ങൾ ഇല്ല എന്ന ആരോപണമാണ് സഖ്യത്തെ അനുകൂലിക്കുന്ന ലീഗ് നേതാക്കൾ ഉയർത്തുന്നത്. ഇതിനിടെയാണ് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയുമായിരുന്നു കാലത്തെ ഒരു സത്യവാങ്്മൂലം എൽഡിഫ് കുത്തിപ്പൊക്കിയെടുത്തത്.

ജമാഅത്തെ ഇസ്ലാമി ഭരണഘടനയെ മാനിക്കാത്ത മതതീവ്രവാദ സംഘടനയാണെന്ന് മുൻ യുഡിഎഫ് സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം നവമാധ്യമങ്ങളിൽ അടക്കം വലിയ ചർച്ചയാവുകയാണ്. രാജ്യത്തെ നിയമവ്യവസ്ഥയെ അംഗീകരിക്കാത്ത സംഘടനയാണ് ജമാഅത്തെ ഇസ്ലാമിയെന്നും അനുയായികളെ ദേശീയ താൽപ്പര്യത്തിനെതിരെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന സംഘടനയാണെന്നും ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2014 ജനുവരി 28നാണ് സത്യവാങ്മൂലം നൽകിയത്. ജമാഅത്തെയുടെ പ്രവർത്തനം, ഫണ്ട്, ആശയം എന്നിവയെപ്പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അബ്ദുൾ സമദ് എന്നയാൾ പൊതുതാൽപ്പര്യ ഹർജി നൽകിയിരുന്നു. ഈ ഹർജിയിലാണ് യുഡിഎഫ് സർക്കാർ നിലപാട് അറിയിച്ചത്. ആഭ്യന്തരവകുപ്പ് അണ്ടർ സെക്രട്ടറി മേരി ജോസഫ് ആയിരുന്നു സർക്കാരിനായി സത്യവാങ്മൂലം സമർപ്പിച്ചത്.

രമേശ് ചെന്നിത്തലയായിരുന്നു അന്ന് ആഭ്യന്തരമന്ത്രി. ജമാഅത്തെയുടെ വെൽഫെയർ പാർട്ടിയുമായി ഇപ്പോൾ സഖ്യത്തിന് നേതൃത്വം നൽകുന്ന മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ആ മന്ത്രിസഭയിൽ രണ്ടാമനായിരുന്നു.ജമാഅത്തെ ഇസ്ലാമി കേരളത്തിൽ നിരീക്ഷണത്തിലുള്ള സംഘടനയാണെന്നും വ്യക്തമാക്കുന്നു. ആവശ്യമെങ്കിൽ നിരോധിക്കാൻ നടപടി സ്വീകരിക്കും. സർക്കാർ ജോലി സ്വീകരിക്കുന്നതിനും കോടതിയെ സമീപിക്കുന്നതിനും സംഘടന എതിരാണ്.

ജമാഅത്തെ ഇസ്ലാമി പ്രസിദ്ധീകരണ വിഭാഗമായ ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് (ഐപിഎച്ച്) പ്രസിദ്ധീകരിച്ച 14 പുസ്തകം നിരോധിക്കാൻ നടപടി പൂർത്തിയാക്കുകയാണ്. 1957-ൽ മലയാളത്തിൽ പ്രസിദ്ധീകരിച്ച ജമാഅത്തെയുടെ ഭരണഘടന, രാജ്യത്തിന്റെ ഭരണഘടനയെ വെല്ലുവിളിക്കുന്നതാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. എന്നാൽ വെൽഫെയർ പാർട്ടി നേതാക്കൾ ഇത് നിഷേധിക്കയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കുപ്രചാരണം മാത്രമാണിതെന്നാണ് അവർ പറയുന്നത്.