കണ്ണൂർ: മാധ്യമ പ്രവർത്തക വിനീത വേണുവിന്റെ ഭർത്താവായ സിവിൽ പൊലിസ് ഓഫിസർക്ക് എതിരായ സദാചാര ഗുണ്ടായിസത്തിന് പിന്നിൽ ആസൂത്രിത ശ്രമങ്ങളെന്ന് ആക്ഷേപം ശക്തമാകുന്നു. സിപിഒ സി സുമേഷ് പ്രതിപക്ഷ നേതാവിന്റെ ഗൺമാനാകുന്നത് തടയാൻ വേണ്ടിയാണ് മുമ്പുണ്ടായ സംഭവങ്ങളും പിന്നാലെ നടന്ന വകുപ്പുതല അന്വേഷണവും എന്നാണ് സൂചനയുള്ളത്. ഇക്കാര്യത്തിൽ നിയമന നീക്കത്തിനെതിരെ സിപിഎം അനുകൂല പൊലീസ് വിഭാഗവും രംഗത്തുവന്നതോടെ സംഭവത്തിന് പിന്നിലെ യഥാർഥ കിടപ്പുവശവും വ്യക്തമായി.

പ്രതിപക്ഷ നേതാവിന്റെ ഗൺമാനായി സിപിഒ സി സുമേഷിനെ നിയമനം നൽകുന്നതിൽ കടുത്ത എതിർപ്പുമായി ഭരണകക്ഷി അനുകൂല പൊലിസ് സംഘടന രംഗത്തുണ്ട്. വകുപ്പുതല അന്വേഷണം നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥനെ പ്രതിപക്ഷനേതാവിന്റെ ഗൺമാനായി നിയമിക്കാൻ നീക്കം നടത്തുന്നതിനെതിരെ ഇവർ ആഭ്യന്തര വകുപ്പിനെ സമീപിച്ചിട്ടുണ്ട്. ഇപ്പോൾ നടക്കുന്ന വകുപ്പുതല അന്വേഷണത്തിന്റെ ആവശ്യവും ഇതു തന്നെയാണ്.

ചോമ്പാല പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ സി സുമേഷ് അടക്കം ആറുപേരെയാണ് പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ആവശ്യപ്രകാരം സുരക്ഷാ ചുമതലയിൽ നിയമിക്കുന്നത്. ഇതിനായി രണ്ടുദിവസത്തെ ആയുധപരിശീലനം കഴിഞ്ഞ ദിവസം തിരുവനന്തപുരം എസ്എപി ക്യാമ്പിൽ തുടങ്ങി. ഇരിട്ടി മേഖലയിലെ വെച്ച് ഒരു സംഘമാളുകൾ സുമേഷിന് വളഞ്ഞത് അടക്കമുള്ള സംഭവങ്ങൾ ഇപ്പോൾ കൂടുതൽ സംശയത്തിലാക്കിയിരിക്കയാണ്. ഈ സംഭവത്തിൽ വകുപ്പുതല അന്വേഷണം സുമേഷിനെതിരെയുണ്ട്.

ദൃശ്യമാധ്യമ പ്രവർത്തകയായ വിനീത വേണുവിന്റെ ഭർത്താവായ ഇദ്ദേഹത്തെ രാഷ്ട്രീയ വൈരാഗ്യത്താൽ ഭരണകക്ഷി സംഘടനയിലെ ചിലർ പീഡിപ്പിക്കുന്നുവെന്ന ആരോപണം ഉയർന്നിരുന്നു. കണ്ണൂർ പൊലീസിന്റെ കോവിഡ് ആപ് ഡാറ്റ ചോർത്തി മാധ്യമങ്ങൾക്കുനൽകിയെന്ന് ആരോപിച്ച് ഇയാളെ പാലക്കാട്ടേക്ക് സ്ഥലംമാറ്റിയത് ഇതിന്റെ ഭാഗമാണെന്ന ആക്ഷേപവും സുമേഷിനെതിരെ സിപിഎം ഉയർത്തിയിരുന്നു.

യു.ഡി.എഫ് അനുകൂല പൊലിസ് സംഘടനയിലെ അംഗമാണ് സുമേഷ്. വടകരയിലെ ചോമ്പാല പൊലിസ് സ്റ്റേഷനിലെ സിവിൽ പൊലിസ് ഓഫീസറാണ്. ഇരിട്ടിയിൽ നടന്ന സംഭവത്തിൽ തന്റെ ഭർത്താവിനെതിരെ സദാചാര പൊലിസിങ്ങ് നടന്നുവെന്ന ആരോപണവുമായി വിനീത വേണു ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടത് ഏറെ വിവാദമായിരുന്നു.

ഇതിനെ തുടർന്ന് വിഷയത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് വ്യക്തമാക്കി കൊണ്ട് സിപിഎം ഇരിട്ടി ഏരിയാ കമ്മിറ്റിയും രംഗത്തുവന്നു. സോഷ്യൽ മീഡിയയിൽ വിഷയത്തിൽ അനുകൂലവും പ്രതികൂലവുമായ ആരോപണങ്ങൾ ഉയർത്തി നെ തുടർന്ന് വിനീത വേണുവിന്റെ ഫെയ്‌സ് ബുക്ക് അക്കൗണ്ട് പൂട്ടിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവിന്റെ ഗൺമാനായി ഭർത്താവ് സുമേഷിന് നിയമനം ലഭിക്കുന്നത്.

കൊച്ചി സിറ്റി ട്രാഫിക്കിലെ ഗ്രേഡ് എസ്ഐ എ പി സുഗുണൻ, നോർത്ത് പറവൂർ സ്റ്റേഷനിലെ എഎസ്ഐ എം കെ മനോജ്, സിപിഒമാരായ കെ പി വിനിൽ(കൊച്ചി സിറ്റി എആർ ക്യാമ്പ്), എൻ എസ് നിജാസ് (കെഎപി ഒന്നാം ബറ്റാലിയൻ), കെ ജെ ശ്രീജിത്ത് (കൊച്ചി റൂറൽ ഹെഡ്ക്വാർട്ടേഴ്സ്) എന്നിവരാണ് ഗൺമാൻസംഘത്തിലെ മറ്റുള്ളവർ.