തൊടുപുഴ: 10 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ആദിവാസി യുവാവിന്റെ കരൾ ദാനം ചെയ്യിക്കാൻ ഏജന്റും ബന്ധുക്കളിൽ ചിലരും നടത്തിവരുന്ന നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതി. ഇടുക്കി വലിയമ്മാവ് ചേലപ്ലായ്ക്കൽ രൂപേഷാണ് ഇക്കാര്യത്തിൽ തൊടുപുഴ ഡി വൈ എസ് പി മുമ്പാകെ പരാതി സമർപ്പിച്ചിട്ടുള്ളത്.

താൻ ഹിന്ദുമലയരയ വിഭാഗത്തിൽപ്പെടുന്ന ആളാണെന്നും തന്റെ സഹോദരൻ അനീഷിന്റെ കരൾ ദാനം ചെയ്യിക്കാൻ ഏജന്റിന്റെ നേതൃത്വത്തിൽ സമ്മർദ്ദം ചെലുത്തിവരികയാണെന്നും രൂപേഷ് പറഞ്ഞു. സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് ചില ബന്ധുക്കളും ഇതിന് പ്രോത്സാഹനവുമായി രംഗത്തുണ്ടെന്നും ഇത് തടയാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യം.

പരാതിയുടെ പൂർണ്ണരൂപം ചുവടെ:

ഞങ്ങളുടെ മാതാപിതാക്കൾ നേരത്തെ മരിച്ചുപോയി. 10-ാംക്ലാസ്സ് വിദ്യാഭ്യസമുള്ള സഹോദരൻ സ്വന്തമായുള്ള സ്ഥലത്ത് കൃഷിചെയ്തും കൂലിപ്പണിയെടുത്തും മറ്റുമാണ് ജീവിച്ചുപോരുന്നത്. പിതാവിന്റെ സഹോദരനും ഭാര്യയ്ക്കുമൊപ്പമാണ് ഇപ്പോൾ താമസിച്ചുവരുന്നത്.
സഹോദരനെ പ്രലോഭിപ്പിച്ചാണ് ഏജന്റ് കരൾ ദാനം ചെയ്യിക്കാൻ നീക്കം നടത്തുന്നത്.10 ലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടുള്ളതായാണ് മനസ്സിലായിട്ടുള്ളത്.ഈ നീക്കത്തോട് ഞാൻ ഉൾപ്പെടെയുള്ള ബന്ധുക്കളിൽ ഭൂരിപക്ഷത്തിനും താൽപര്യമില്ല.

കരൾ ദാനം ചെയ്തതിനുശേഷമുള്ള ആരോഗ്യപ്രശ്നങ്ങളും ഇതുസംബന്ധിച്ചുള്ള തുടർചികിത്സയും നടത്താൻ സഹോദരനോ കുടംബത്തിനോ സാധിക്കില്ല. സാമ്പത്തികാവസ്ഥ മനസ്സിലാക്കിയ ഏജന്റിന്റെ പ്രലോഭനത്തിൽ സഹോദരൻ അകപ്പെട്ടിരിക്കുകയാണ്.10 ലക്ഷം നൽകാമെന്ന ഏജന്റിന്റെ ഉറപ്പിലാണ് സഹോദരൻ കരൾ ദാനം ചെയ്യാൻ ലക്ഷ്യമിട്ടിട്ടുള്ളത്. അതിനാൽ സഹോദരനെ വിളിച്ചുവരുത്തി, വിവരങ്ങൾ അന്വേഷിച്ച് കരൾ വിൽക്കുന്നതിനുള്ള നീക്കം നടപടി തടയണം.

കഴിഞ്ഞ ദിവസം കുളമാവ് പൊലീസ് സ്റ്റേഷനിൽ നിന്നും മൊഴിയെടുക്കാൻ പൊലീസ് എത്തിയപ്പോഴാണ് താൻ വിവരം അറിയുന്നതെന്നും എന്നാൽ അവയവദാനത്തിനുള്ള നടപടിക്രമത്തിന്റെ ഭാഗമായുള്ള സമ്മതപത്രത്തിന്റെ ആവശ്യത്തിലേയ്ക്കാണ് മൊഴിയെടുക്കുന്നതെന്ന് പൊലീസ് അറിയിച്ചില്ലന്നും തുടർന്നാണ് സഹോദരന്റെ അവയവദാനം തടയണമെന്നാവശ്യപ്പെട്ട് ഡി വൈ എസ് പിക്ക് പരാതി നൽകിയതെന്നും രൂപേഷ് വ്യക്തമാക്കി.

ഇടുക്കിയിൽ അവയവദാന മാഫിയയുടെ ശക്തമായ ഇടപെടൽ ഉണ്ടെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. കാർഷിക മേഖല തകർന്നതോടെ ഇവിടം ഏജന്റുമാരുടെ സ്വർഗ്ഗഭൂമിയാണെന്നാണ് പുറത്തുവരുന്ന വിവരം. ഇടപാടുകൾ രഹസ്യമായതിനാൽ കൃത്യമായ വിവരങ്ങളൊന്നും പുറത്തറിയാറില്ല എന്നതാണ് വാസ്തവം. നിലവിൽ അനീഷ് ഏജന്റിനും ബന്ധുവിനുമൊപ്പം എറണാകുളത്തിന് പോയിരിക്കുകയാണെന്നാണ് രൂപേഷിന് ലഭിച്ചിട്ടുള്ള വിവരം.

കൂടെയുള്ളതിൽ ഒരാള വിളിച്ചപ്പോൾ തിരികെ വന്നിട്ട് കാര്യങ്ങൾ പറയാമെന്നാണ് പറഞ്ഞത്.അനീഷിനെ എറണാകുളത്തേയ്ക്ക് കൊണ്ടുപോയത് അവയവമാറ്റ ശസ്ത്രക്രീയയുമായി ബന്ധപ്പെട്ട പരിശോധനകൾക്കാണെന്നാണ് തന്റെ വിശ്വാസമെന്നും അതിനാലാണ് ഉടൻ ഡി വൈ എസ് പിക്ക് പരാതി നൽകിയതെന്നും രുപേഷ് അറിയിച്ചു.