ന്യൂഡൽഹി: കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഓസ്‌കർ ഫെർണാണ്ടസ് അന്തരിച്ചു. 80 വയസായിരുന്നു. മംഗലുരൂവിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. യോഗ ചെയ്യുന്നതിനിടെ വീണു തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ജൂലൈയിൽ ആണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്്. വീഴ്ചയിൽ തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു.

വീഴ്ചയെ തുടർന്ന് തലയിൽ രക്തം കട്ടപിടിച്ചെന്നു കണ്ടെത്തിയിരുന്നു. ശസ്ത്രക്രിയ നടത്തിയെങ്കിലും വൃക്ക തകരാറുകൾ കാരണം സ്ഥിതി മോശമായിരുന്നു. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ ഓസ്‌കാർ രണ്ട് യുപിഎ മന്ത്രിസഭകളിലും അംഗമായിരുന്നു. ഗതാഗതം, യുവജനക്ഷേമം, കായികം, തൊഴിൽ വകുപ്പുകൾ കൈകാര്യം ചെയ്്തു. 1980ൽ ഉഡുപ്പി ലോക്സഭാ മണ്ഡലത്തിൽ നിന്നാണ് ആദ്യമായി എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്. 84, 89,91, 96 തെരഞ്ഞടുപ്പുകളിൽ ഇവിടെ നിന്ന് തുടർച്ചയായി വിജയിച്ചു. ദീർഘകാലം എഐസിസി ജനറൽ സെക്രട്ടറിയായിരുന്നു.

1984-85ൽ പ്രധാമന്ത്രി രാജീവ് ഗാന്ധിയുടെ പാർലമെന്ററി സെക്രട്ടറിയായി പ്രവർത്തിച്ചു. 1999ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ തോൽവി അറിഞ്ഞു. തുടർന്ന് ഫെർണാണ്ടസിലെ രാജ്യ സഭയിലേക്ക് നോമിനേറ്റ് ചെയ്തു.