പാലക്കാട്: ഒറ്റപ്പാലം നഗരത്തിൽ വീട്ടമ്മയെ വീടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയതിന് പിന്നിൽ കൊലപാതകം തന്നെ. ആർഎസ് റോഡ് തെക്കേത്തൊടിയിൽ കദീജ മൻസിലിൽ കദീജ (63) ആണു മരിച്ചത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്നു പൊലീസ് അറിയിച്ചു. കദീജയുടെ സഹോദരിയുടെ മകൾ ഷീജ, ഇവരുടെ മകൻ യാസിർ എന്നിവരെ കസ്റ്റഡിയിലെടുത്തു.

വ്യാഴാഴ്ച രാത്രി എട്ടരയോടെയാണു വീട്ടിലെ കിടപ്പുമുറിയിൽ മൃതദേഹം കണ്ടെത്തിയത്. കയ്യിൽ ഗുരുതരമായ മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. അവിവാഹിതയായ കദീജയും ഷീജയും ഒന്നിച്ചായിരുന്നു താമസം. കദീജയുടെ സ്വർണാഭണങ്ങൾ മോഷ്ടിച്ചെന്ന പേരിൽ വ്യാഴാഴ്ച രാവിലെ ഇരുവരും തമ്മിൽ തർക്കം നടന്നിരുന്നു. ഇതിന്റെ പേരിൽ പൊലീസ് സ്റ്റേഷനിലും എത്തിയിരുന്നു. കദീജയ്ക്കു പരാതി ഇല്ലെന്ന് അറിയിച്ചതോടെ പ്രശ്‌നം ഒത്തുതീർപ്പാക്കി.

ഇതിനു പിന്നാലെയാണു രാത്രി കദീജയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടത്തെിയത്. തുടർന്നു നടന്ന അന്വേഷണത്തിലാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. ഷൊർണൂർ ഡിവൈഎസ്‌പി വി.സുരേഷ്, ഒറ്റപ്പാലം പൊലീസ് ഇൻസ്‌പെക്ടർ വി.ബാബുരാജ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

ഖദീജയുടെ സഹോദരിയുടെ മകൾ ഷീജയും പതിമൂന്നുകാരനായ മകൻ എന്നിവരെ ഒറ്റപ്പാലത്തെ ലോഡ്ജിൽ നിന്നാണ് പിടികൂടിയത്. ഷീജയുടെ മകൻ യാസിറിനെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ വൈകീട്ട് എട്ടരയോടെയാണ് കദീജയുടെ കൊലപാതക വിവരം പുറത്തുവരുന്നത്.

റെയിൽവേ സ്റ്റേഷൻ റോഡിൽ കദീജയ്ക്കൊപ്പമായിരുന്നു ഷീജയും പ്രായപൂർത്തിയാകാത്ത മകനും താമസിച്ചിരുന്നത്. ഇവരുടെ മറ്റൊരു മകൻ യാസിർ മുംബൈയിൽ നിന്ന് നാട്ടിലെത്തിയത് കഴിഞ്ഞ ദിവസമാണ്. ഇന്നലെ ഉച്ചയോടെ ഒറ്റപ്പാലത്തെ ജൂവലറിയിൽ സ്വർണാഭരണം പണയം വയ്ക്കാൻ ഷീജയും മക്കളും എത്തിയിരുന്നു. ഉടമ ഗിരീഷിനും ഇദ്ദേഹത്തിന്റെ സുഹൃത്തും സബ് ഇൻസ്പെക്ടറായി വിരമിച്ച പ്രമോദിനും തോന്നിയ സംശയമാണ് പൊലീസിനെ അറിയിക്കാൻ കാരണമായത്.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വർണം കദീജയുടേതാണ് എന്ന് വ്യക്തമായത്. ബന്ധുക്കളായതിനാൽ പരാതിയില്ലെന്ന് കദീജ അറിയിച്ചതോടെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തില്ല. വൈകീട്ട് ഇതേ ജൂവലറിയിൽ സ്വർണം വിൽക്കാൻ യാസിർ എത്തിയതിനെ തുടർന്ന് പൊലീസ് കദീജയുടെ വീട്ടിൽ അന്വേഷണം നടത്തി. കൈത്തണ്ടയിൽ മുറിവേറ്റ നിലയിലാണ് മൃതദേഹം കണ്ടത്.

ഷൊർണൂർ ഡിവൈഎസ്‌പി ജി സുരേഷ് ഒറ്റപ്പാലം സിഐ വി ബാബുരാജ് എന്നിവരുടെ നേതൃത്വത്തിൽ ഷീജയെയും മക്കളെയും ചോദ്യം ചെയ്തുവരികയാണ്.