കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കല്ലുരാവി മുണ്ടത്തോട്ട് ഡിവൈഎഫ്ഐ പ്രവർത്തകനായ പഴയ കടപ്പുറം സ്വദേശി ഔഫ് അബ്ദുറഹ്മാൻ കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയ കൊലപാതകമാണെന്ന് വ്യക്തമാക്കി പൊലീസ്. കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയം തന്നെയാണെന്ന് ജില്ല പൊലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു. വോട്ടെണ്ണൽ ദിവസത്തെ സംഘർഷത്തെ തുടർന്നാണ് കൊലപാതകം നടന്നത്. സംഭവ സമയത്ത് സംഘർഷം ഉണ്ടായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.

അതിനിടെ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും. അധികം താമസിയാതെ തന്നെ അന്വേഷണം കൈമാറിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങും. കേസുമായി ബന്ധപ്പെട്ട എല്ലാ പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. മുണ്ടത്തോട് സ്വദേശികളായ ഹസൻ, ആഷിർ എന്നിവരാണ് ഇന്ന് രാവിലെ പിടിയിലായത്. മംഗലൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കേസിലെ മുഖ്യ പ്രതിയും യൂത്ത് ലീഗ് മുനിസിപ്പൽ സെക്രട്ടറിയുമായ ഇർഷാദിനെ പൊലിസ് കസ്റ്റഡിയിലെടുത്ത് കാഞ്ഞങ്ങാട്ടെത്തിച്ചു. മുണ്ടത്തോട്ട് സ്വദേശി ഇസ്ഹാഖിനെയും പൊലീസ് കഴിഞ്ഞ ദിവസം തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ഇർഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

ഇതിനിടെ ഔഫിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ പുറത്തു വന്നു. ഹൃദയത്തിലേറ്റ മുറിവാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. ആക്രമണത്തിൽ ഔഫിന്റെ ഹൃദയധമനിയിൽ മുറിവേറ്റിട്ടുണ്ട്. അതിവേഗം രക്തം വാർന്നാതാണ് തൽക്ഷണം മരിക്കാൻ കാരണമായത്. ഒറ്റക്കുത്തിൽ ശ്വാസകോശം തുളച്ച കയറിയെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

ബുധനാഴ്ച് രാത്രി 11 മണിയോടെയാണ് ഔഫിനും സുഹൃത്ത് ശുഹൈബിനും നേരേ ആക്രമണമുണ്ടായത്. സംഭവസ്ഥലത്തു വച്ച് തന്നെ ഔഫ് മരണപ്പെട്ടു. മുഖത്ത് പരുക്കേറ്റ ശുഹൈബ് ആശുപത്രിയിൽ ചികിത്സയിലാണ്. ശുഹൈബിന്റെ സാക്ഷി മൊഴിയിലാണ് യൂത്ത് ലീഗ് പ്രവർത്തകർക്കെതിരായ ഇർഷാദ്, ഇസ്ഹാഖ്, ഹസൻ എന്നിവർക്കെതിരേ പൊലിസ് കേസെടുത്തത്. കഴിഞ്ഞ 130 ദിവസത്തിനുള്ളിൽ ആറു സിപിഐഎം പ്രവർത്തകരെയാണ് രാഷ്ട്രീയ എതിരാളികൾ കൊലപ്പെടുത്തിയതെന്ന് സിപിഐഎം പറഞ്ഞിരുന്നു.

''ആലപ്പുഴയിലെ സിയാദ് , തിരുവനന്തപുരം വെഞ്ഞാറംമൂടിലെ ഹഖ് മുഹമ്മദ്, മിഥിലാജ്, തൃശ്ശൂർ പുതുശേരി ബ്രാഞ്ച് സെക്രട്ടറി സനൂപ്, കൊല്ലം ജില്ലയിലെ മണിലാൽ, കാസർഗോഡ് ജില്ലയിലെ ഔഫ് അബ്ദു റഹ്മാൻ എന്നീ സഖാക്കളെല്ലാവരും തന്നെ നാടിനും നാട്ടുകാർക്കും വളരെ വേണ്ടപ്പെട്ടവരായിരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കെയാണ് ആലപ്പുഴയിൽ സ. സിയാദിനെ കോൺഗ്രസുകാർ കൊലപ്പെടുത്തിയത്. ജനകീയനും സന്നദ്ധ പ്രവർത്തകനുമായ സഖാവ് സിയാദ് നാട്ടുകാർക്ക് ഏറെ പ്രിയങ്കനായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിൽ വന്ന് ഭാര്യയോടൊപ്പം ഭക്ഷണം ഉണ്ടാക്കി, കോവിഡ് ക്വാറന്റൈയിൻ കേന്ദ്രത്തിൽ എത്തിച്ച ശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ ആണ് സഖാവിന് നേരെ ആസൂത്രിതമായ ആക്രമണം ഉണ്ടായത്. സിയാദിന്റെ ജനകീയത ഭീഷണിയായി തോന്നിയതാണ് കോൺഗ്രസുകാരെ കൊലയ്ക്ക് പ്രേരിപ്പിച്ചത്. 'എന്നെ കൊല്ലരുത്, എനിക്ക് രണ്ട് മക്കളുണ്ട്' എന്ന് കൊലപാതക സംഘത്തോട് അപേക്ഷിച്ചിട്ടും അവർ സിയാദിനെ കൊല്ലുകയായിരുന്നു.''

''തിരുവനന്തപുരം വെഞ്ഞാറമ്മൂട് കോൺഗ്രസ് ഗുണ്ടാസംഘം അരിഞ്ഞുതള്ളിയ സ. ഹഖ് മുഹമ്മദും സ. മിഥിലാജും ഒരു നാടിന്റെയാകെ പ്രതീക്ഷകളായ രണ്ട് യുവാക്കളായിരുന്നു. കുടുംബം പോറ്റാൻ ഹഖ് മത്സ്യക്കച്ചവടമാണ് ചെയ്തതെങ്കിൽ മിഥിലാജിന് പച്ചക്കറിക്കച്ചവടമായിരുന്നു. രണ്ട് കുടുംബങ്ങളുടെയും ഏക അത്താണികളായിരുന്നു ഇരുവരും. ഹഖ് മുഹമ്മദ് കൊല്ലപ്പെടുമ്പോൾ ഭാര്യ നജില ആറുമാസം ഗർഭിണിയായിരുന്നു. മിഥിലാജിന്റെ ഇളയ കുഞ്ഞിന് അഞ്ച് വയസ് മാത്രമായിരുന്നു പ്രായം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായമെത്തിക്കുന്നതിനായി അഹോരാത്രം പ്രയത്‌നിച്ച ഈ ചെറുപ്പക്കാരെ കൊലപ്പെടുത്തിയതിന് ശേഷവും രണ്ട് പേരെയും വ്യക്തിഹത്യ ചെയ്യാനായിരുന്നു കോൺഗ്രസ് ശ്രമിച്ചത്.''

''തൃശൂർ കുന്നംകുളത്ത് സിപിഐഎം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സഖാവ് സനൂപിനെ ആർഎസ്എസ്-സംഘപരിവാർ പ്രവർത്തകർ നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മാതാപിതാക്കൾ നേരത്തെ മരിച്ചുപോയ ആ ചെറുപ്പക്കാരന് സഹോദരങ്ങളുമില്ലായിരുന്നു. പുതുശ്ശേരി പ്രദേശത്തെ ജനങ്ങളൊന്നാകെ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ സനൂപിന്റെ മാനവീകത തിരിച്ചറിഞ്ഞവരാണ്. എപ്പോഴും ജനങ്ങൾക്കിടയിലായിരുന്ന ആ യുവാവ്, സകലർക്കും പ്രിയങ്കരനുമായിരുന്നു. ആ ഒരു കാരണത്താലായിരുന്നു ആർ എസ് എസ് കാപാലികർ കൊലക്കത്തി കൊണ്ട് സഖാവിനെ കൊന്നുകളഞ്ഞത്. കൊല്ലം ജില്ലയിലെ മൺറോ തുരുത്തിൽ യാതൊരു പ്രശ്‌നവുമില്ലാതിരുന്ന സമയത്താണ് സിപിഐ എമ്മിന്റെ സജീവ പ്രവർത്തകനായിരുന്ന സ. മണിലാലിനെ ആർഎസ്എസ് ക്രിമിനലുകൾ കുത്തിക്കൊലപ്പെടുത്തിയത്. എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നിൽ നിൽക്കുമ്പോഴാണ് അക്രമികൾ മണിലാലിനെ കുത്തിവീഴ്‌ത്തിയത്. യാതൊരു അക്രമ സംഭവങ്ങളുമില്ലാത്ത നാട്ടിൽ മനഃപൂർവ്വം സംഘർഷങ്ങളുണ്ടാക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കാനായിരുന്നു ആർഎസ്എസ് അന്ന് ശ്രമിച്ചത്.''

''തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പരമ്പരാഗത ശക്തികേന്ദ്രങ്ങളിൽ ലീഗിനേറ്റ പരാജയമാണ് കൊലക്കത്തി കയ്യിലെടുക്കാൻ മുസ്ലിം ലീഗിനെ നിർബന്ധിതമാക്കിയത്. ഗർഭിണിയായ ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ പോകുകയായിരുന്ന സഖാവിനെയാണ് കൊലപ്പെടുത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിനെതിരെ പ്രവർത്തിച്ചു എന്നത് മാത്രമായിരുന്നു സ. ഔഫ് അബ്ദുറഹ്മാന് മേൽ ചാർത്തപ്പെട്ട കുറ്റം. സഖാവിന്റെ നെഞ്ചിൽ കത്തി കുത്തിയിറക്കിയാണ് ഇതിന് ലീഗ് പ്രതികാരം ചെയ്തത്.'