തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിലെ ഇന്ത്യൻ സർക്കാരിന്റെ വീഴ്ചകളെ വിമർശിച്ച് ഔട്ട്ലുക്ക് മാഗസിൻ കവർ പേജ്‌. ഇന്ത്യൻ സർക്കാരിനെ കാണാനില്ല എന്നാണ് ഔട്ട് ലുക്കിന്റെ ഈ ലക്കത്തിന്റെ കവർ പേജിൽ നൽകിയിരിക്കുന്നത്.

വെളുത്ത പശ്ചാത്തലത്തിൽ 'മിസ്സിങ്' എന്ന് ചുവന്ന വലിയ അക്ഷരങ്ങളിൽ എഴുതിയതിനുശേഷം 'പേര്: ഗവൺമെന്റ് ഓഫ് ഇന്ത്യ' എന്നും 'പ്രായം: 7 വയസ്സ്' എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ടെത്തിയാൽ വിവരം അറിയിക്കേണ്ടത് രാജ്യത്തെ പൗരന്മാരെയാണെന്നും കവർ പേജിൽ പറയുന്നു.

മെയ് 24ന് പുറത്തിറങ്ങുന്ന പുതിയ ലക്കത്തിൽ പ്രതാപ് ഭാനു മേത്ത, ശശി തരൂർ, മഹുവ മൊയ്ത്ര, മനോജ് കെ. ഝാ, വിജയ് ചൗതയ്വാലെ, നവിന ജഫ എന്നിവരുടെ ലേഖനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.