ലഖ്നൗ: യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം വോട്ടുകൾ ഭിന്നിക്കാൻ കാരണമാവരുതെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡിന്റെ (എഐഎംപിഎൽബി) മുതിർന്ന അംഗം മൗലാന ഖലീലുർറഹ്മാൻ സജ്ജാദ് നുഅ്മാനി, ആൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) തലവൻ അസദുദ്ദീൻ ഉവൈസിക്ക് തുറന്ന കത്തെഴുതി.

പാർട്ടി വിജയിക്കുമെന്ന് ഉറപ്പുള്ള സീറ്റുകളിൽ മാത്രം സ്ഥാനാർത്ഥികളെ നിർത്തണമെന്നാണ് നുഅ്മാനി ഉവൈസിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രമുഖ ഇസ്ലാമിക പണ്ഡിതനും നിരവധി മുസ് ലിം സംഘടനകളുടെ സുപ്രധാന പദവികൾ വഹിക്കുകയും ചെയ്യുന്ന മൗലാന നുഅ്മാനി നിലവിൽ ആൾ ഇന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡ് വർക്കിങ് കമ്മിറ്റി അംഗമാണ്.

യുപിയിൽ 100 സീറ്റുകളിൽ മത്സരിക്കുമെന്നാണ് എഐഎംഐഎം പ്രഖ്യാപിച്ചിരിക്കുന്നത്. 2017ൽ 35 സീറ്റുകളിൽ മത്സരിച്ച പാർട്ടി രണ്ട് ലക്ഷം വോട്ടുകൾ നേടിയിരുന്നു. യുപി തിരഞ്ഞെടുപ്പിൽ വിഭാഗീയ ശക്തികൾക്കെതിരായ 'മതേതര വോട്ടുകൾ' വിഭജിക്കാൻ എഐഎംഐഎം സ്ഥാനാർത്ഥികൾ ഇടയാക്കുമെന്ന് പാർട്ടി അധ്യക്ഷന് മൗലാന സജ്ജാദ് നുഅ്മാനി നൽകിയ കത്തിൽ ചൂണ്ടിക്കാട്ടി.

തന്റെ അഭിപ്രായത്തിൽ വിജയം ഉറപ്പുള്ള സീറ്റുകളിൽ മാത്രമേ നിങ്ങൾ മത്സരിക്കാവൂ, ബാക്കിയുള്ള സീറ്റുകളിൽ ഖ്യത്തിന് ആഹ്വാനം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.