ന്യൂഡൽഹി: രാജ്യത്ത് മെഡിക്കൽ ഓക്സിജൻ ക്ഷാമമില്ലെന്ന് കേന്ദ്രസർക്കാർ. എന്നാൽ ഓക്സിജൻ യുക്തിസഹമായി ഉപയോഗിക്കാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഓക്സിജൻ വെറുതെ കളയുന്നില്ലെന്ന് സംസ്ഥാനങ്ങൾ ഉറപ്പാക്കണമെന്നും കേന്ദ്രം നിർദേശിച്ചു. കോവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമായ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാരിന്റെ ഇടപെടൽ.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാണ്. ആദ്യമായി പ്രതിദിന കോവിഡ് കേസുകൾ രണ്ടുലക്ഷം കടന്നു. അമേരിക്ക കഴിഞ്ഞാൽ ഏറ്റവുമധികം കോവിഡ് രോഗികൾ ഉള്ള രാജ്യമാണ് ഇപ്പോൾ ഇന്ത്യ. കോവിഡ് കേസുകൾ ഉയർന്നതോടെ ഓക്സിജന്റെ ആവശ്യകതയും വർധിച്ചിട്ടുണ്ട്. കോവിഡ് മൂലം ഗുരുതരാവസ്ഥയിലാകുന്ന രോഗികൾക്കാണ് ഓക്സിജന്റെ ആവശ്യം വരുന്നത്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം. രാജ്യത്ത് ഓക്സിജൻ ക്ഷാമത്തിനുള്ള സാധ്യത ഉണ്ട് എന്ന തരത്തിൽ റിപ്പോർട്ടുകൾ പരന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാജ്യത്ത് ആവശ്യത്തിന് ഓക്സിജൻ സ്റ്റോക്ക് ഉണ്ടെന്ന് കേന്ദ്രസർക്കാർ വിശദീകരിച്ചത്.

കോവിഡ് മഹാമാരിയുടെ തുടക്കത്തിൽ മന്ത്രിതല ഉന്നതതല സമിതിക്ക് രൂപം നൽകിയിരുന്നു. ഈ ഉന്നതതല സമിതി കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന സംസ്ഥാനങ്ങളിൽ മെഡിക്കൽ ഓക്സിജൻ ഉൾപ്പെടെ അവശ്യ മെഡിക്കൽ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഓക്സിജൻ ഉൽപ്പാദനം വർധിപ്പിക്കാൻ നടപടി സ്വീകരിച്ചത് വഴി രാജ്യത്ത് മതിയായ ഓക്സിജൻ സ്റ്റോക്ക് ലഭ്യമാണ്. ഓക്സിജൻ ലഭ്യത ഉറപ്പുവരുത്താൻ സംസ്ഥാനങ്ങൾ കൺട്രോൾ റൂമിന് രൂപം നൽകണമെന്നും ആരോഗ്യമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

ഏപ്രിൽ 12ന് മെഡിക്കൽ ഓക്സിജൻ ഉപയോഗം 3842 മെട്രിക് ടണ്ണാണ്. പ്രതിദിന ഉൽപ്പാദന
ശേഷിയുടെ 54 ശതമാനം വരുമിത്. മഹാരാഷ്ട്ര ഉൾപ്പെടെ കോവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങൾക്കാണ് ഓക്സിജന്റെ ആവശ്യകത കൂടുതൽ