ലഖ്നൗ: അമേഠിയിൽ ഓക്സിജൻ ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്ത യുവാവിനെതിരെ ക്രിമിനൽ കേസെടുത്ത് യുപി പൊലീസ്. മുത്തച്ഛന് ഓക്സിജൻ സഹായം തേടി ട്വീറ്റ് ചെയ്ത ശശാങ്ക് യാദവ് എന്ന 26 കാരനെതിരെയാണ് പൊലീസ് കേസെടുത്തത്. ഇയാൾ ട്വിറ്ററിൽ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്ന് കണ്ടെത്തിയതിനാലാണ് കേസെടുത്തത് എന്നാണ് പൊലീസ് വിശദീകരണം.

ഭയം പടർത്താൻ ഉദ്ദേശിച്ച് അഭ്യൂഹം പ്രചരിപ്പിക്കുക, ഭരണകൂടത്തിനെതിരെ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുക എന്നീ കുറ്റങ്ങൾക്കൊപ്പം പകർച്ചവ്യാധി നിയമവും ഉൾപ്പെടുത്തിയാണ് കേസെടുത്തത്.

നേരത്തെ, ഓക്സിജൻ ക്ഷാമത്തെക്കുറിച്ച് വാർത്തകൾ പരത്തുന്നവർക്കെതിരെ കേസെടുക്കുമെന്നും സ്വത്തുക്കൾ പിടിച്ചുകെട്ടുമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്നറിയിപ്പ് നൽകിയിരുന്നു.

യഥാർഥ പ്രശ്നം കരിഞ്ചന്തയും പൂഴ്‌ത്തിവെപ്പും ആയിരുന്നെന്നും സംസ്ഥാനത്തെ സർക്കാർ-സ്വകാര്യ ആശുപത്രികളിലൊന്നും ഓക്സിജൻ വിതരണത്തിന് ഒരു കുറവുമില്ലെന്നുമാണ് യോഗി ആദിത്യനാഥ് പറയുന്നത്. ചിലർ പൊതുജനങ്ങൾക്കിടയിൽ ഭയം നിറച്ച് സർക്കാരിന്റെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം വാർത്തകൾ വരുന്നതെന്നും യോഗി ആരോപിച്ചു.

അതെസമയം ഓക്‌സിജൻ കിട്ടാതെ ഉത്തർപ്രദേശിൽ ഇന്നലെയും ഏഴ് കോവിഡ് രോഗികൾ കൂടി മരിച്ചു. ഇവരിൽ മൂന്നുപേർ ആനന്ദ് ആശുപത്രിയിലും ബാക്കിയുള്ളവർ കെഎംസി ആശുപത്രിയിലുമാണ് ചികിൽസയിലുണ്ടായിരുന്നത്.

സംസ്ഥാനം രൂക്ഷമായ ഓക്സിജൻ ക്ഷാമം നേരിടുന്നുണ്ട് എന്നാണ് ആനന്ദ് ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് സുഭാഷ് യാദവ് പറയുന്നത്. ദിവസവും 400 സിലിണ്ടറുകൾ ആവശ്യമുള്ളിടത്ത് 90 എണ്ണം മാത്രമാണ് ലഭിക്കുന്നത്. ഓക്സിജന്റെ കുറവ് തുടരുകയാണെന്നും ഓക്സിജൻ ആവശ്യമുള്ള ഗുരുതരമായ രോഗികളെ അഡ്‌മിറ്റ് ചെയ്യാതെ മടക്കി അയക്കേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ (ചൊവ്വാഴ്ച) ഉച്ച മുതൽ രാത്രി 8 വരെ ഓക്സിജൻ ഇല്ലായിരുന്നുവെന്നും അതു കാരണമാണ് 4 രോഗികൾ മരിച്ചതെന്നും കെഎംസി ആശുപത്രി മേധാവി സുനിൽ ഗുപ്ത അറിയിച്ചു. ഓക്സിജൻ ഉണ്ടായിരുന്നെങ്കിൽ അവരെ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പോസിറ്റീവ് ആയി ആശുപത്രിയിൽ ചികിൽസയിലുള്ള മുഹമ്മദ് കാസിം എന്ന രോഗിക്കു വേണ്ടി മാതാവ് 110 കിലോമീറ്റർ അകലെയുള്ള ഹരിയാനയിലെ കർണാലിൽ നിന്ന് 25,000 രൂപ ചെലവിട്ടാണ് ഓക്സിജൻ സിലിണ്ടർ എത്തിച്ചത്. ഇത്തരത്തിൽ ചെയ്യാൻ കഴിയാത്തവർ മരണത്തിനു കീഴടങ്ങേണ്ട അവസ്ഥയിലാണെന്നും സുനിൽഗുപ്ത പറഞ്ഞു.

ഉത്തർപ്രദേശിൽ ഓക്‌സിജൻ ക്ഷാമമില്ലെന്ന യോഗിയുടെ അവകാശവാദത്തിനെതിരെ കഴിഞ്ഞദിവസം കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി രംഗത്ത് വന്നിരുന്നു. ഉത്തർപ്രദേശിൽ എല്ലായിടത്തും ഓക്സിജൻ അടിയന്തരാവസ്ഥയുണ്ടെന്ന് പ്രിയങ്ക പറഞ്ഞു. നിങ്ങൾക്ക് എന്റെ സ്വത്ത് കണ്ടുകെട്ടുകയോ എന്റേ മേൽ കേസെടുക്കുകയോ ചെയ്യാം. എന്നാൽ ദൈവത്തെയോർത്ത്, ഈ സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്നും യോഗിയോട് പ്രിയങ്ക ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. അതിന് മുമ്പ് ലഖ്‌നൗവിലെ ആശുപത്രിയിലേക്ക് ഛത്തീസ്‌ഗഡിൽ നിന്നും പ്രിയങ്ക ഓക്‌സിജൻ എത്തിച്ചത് വലിയ വാർത്തയായിരുന്നു. ടാങ്കറിൽ 16 ടൺ ഓക്‌സിജനാണ് ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ അയച്ചത്. ആശുപത്രിയിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷമാണെന്ന് അറിഞ്ഞതോടെയാണ് പ്രിയങ്ക വിഷയത്തിൽ ഇടപെടുന്നതും ഛത്തീസ്‌ഗഡിനോട് സഹായം ചോദിച്ചതും. ഇതിന് പിന്നാലെയാണ് അടിയന്തരമായി 16 ടൺ ഓക്‌സിജനുമായി ടാങ്കർ ഉത്തർപ്രദേശിലേക്ക് പുറപ്പെട്ടത്.